'മഞ്ഞുമ്മൽ ബോയ്‌സ്' നിര്‍മ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം; സൗബിൻ ഷാഹിറിനും നോട്ടീസ്, ചോദ്യം ചെയ്യും
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമാതാക്കളെ വിശദമായി ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായിരുന്നില്ല. വീണ്ടും ഇഡി നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുക.
സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന പരാതി ഇഡിക്ക് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് നിർമ്മാണ കമ്പനികൾ കേന്ദ്രീകരിച്ച് ഇ ഡി അന്വേഷണം നടത്തുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ചിത്രത്തിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു സിറാജ് പരാതിയിൽ പറഞ്ഞത്.

ഏഴ് കോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40 ശതമാനം ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തുവെന്നും എന്നാൽ സിനിമ വൻ ഹിറ്റായിട്ടും ലാഭവിഹിതം തരാതെ വഞ്ചിച്ചുവെന്നുമാണ് സിറാജ് പരാതിയിൽ പറഞ്ഞത്. അക്കൗണ്ടിലൂടെ 5.99 കോടി രൂപയും ബാക്കി നേരിട്ടുമായി ആകെ 7 കോടി രൂപ രൂപ നൽകി. വിതരണത്തിനും മാർക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽ നിന്നും ജി എസ് ടി അടക്കം 18 കോടി 65 ലക്ഷം മാത്രമാണ് നിർമ്മാതാക്കൾക്ക് ചെലവായത്. ആഗോള തലത്തില്‍ 220 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടി. നിർമാണച്ചെലവുകൾ കുറച്ചാൽ പോലും 100 കോടിയെങ്കിലും ലാഭമുണ്ടെന്നും കരാറനുസരിച്ച് തനിക്ക് 47 കോടിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്നും സിറാജ് പരാതിയിൽ പറഞ്ഞിരുന്നു.
പരാതി വിശദമായി അന്വേഷിച്ച മരട് പോലീസ് കഴിഞ്ഞ മാസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കള്ളപ്പണ ഇടപാട് നടന്നോയെന്ന് ഇഡിയും അന്വേഷിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു നിർമ്മാതാക്കൾക്കെതിരെ നേരത്തേ പോലീസ് കേസെടുത്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ ഹൈക്കോടതിയിലാണ്.












Click it and Unblock the Notifications