യുവാവിനൊപ്പം 2 പെൺകുട്ടികൾ ഇലന്തൂരിലെത്തി!! വീട് കേന്ദ്രീകരിച്ച് അനാശാസ്യവും, ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: ഇലന്തൂർ നരബലി കേസിൽ കൂടുതൽ മൂന്ന് പ്രതികളുടേയും ചോദ്യം ചെയ്യൽ തുടരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികളുടെ മൊഴിയിലുള്ളത്.
ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട് കേന്ദ്രീകരിച്ച് അനാശാസ്യവും നടന്നുവന്നാണ് വിവരം. പെൺവാണിഭ സംഘത്തിലെ കണ്ണിയായ ഷാഫി തന്നെയാണ് ഇലന്തരൂരിലേക്ക് സ്ത്രീകളെ എത്തിച്ചത്.

മുഹമ്മദ് ഷാഫി കഴിഞ്ഞ രണ്ട് വർഷമായി ഇലന്തൂരിലെ വീട്ടിൽ വന്ന് പോകാറുള്ള ആളായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞിരുന്നു. ഒരു സ്കോർപിയോയിൽ ആയിരുന്നു ഇയാൾ ഇലന്തൂരിൽ എത്തിയിരുന്നത്. പുലർച്ചയ്ക്കും രാത്രിയിലുമെല്ലാം എത്തുന്ന ഷാഫിയെ പലരും കണ്ടിരുന്നു. ഇയാൾ വീടിന് പുറത്തിറങ്ങി ഉച്ചത്തിൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നതായും അയൽക്കാർ പറഞ്ഞിരുന്നു. പ്രദേശത്തുള്ള സ്ത്രീകളോട് മോശമായി പെരുമാറിയതും ഒരിക്കൽ പ്രശ്നമായിരുന്നത്രേ.

അതേസമയം ഷാഫി ഇലന്തൂരിൽ എത്തുന്ന കാർ വാങ്ങിച്ച് നൽകിയത് ഭഗവൽ സിംഗാണെന്ന വിവരമാണ് പോലീസ് ലഭിച്ചത്. ഈ കാറിലാണ് വീട്ടിലേക്ക് ഇയാൾ സ്ത്രീകളെ എത്തിച്ചിരുന്നത് വീട്ടിൽ ആയുർവേദ ചികിത്സയ്ക്കായി ആളുകളെത്തിയിരുന്നതിന്റെ മറവിലാണ് അനാശാസ്യവും നടന്നതെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയത്. ഇവരിൽ പലരും ജീവനോടെ ഉണ്ടോയെന്നതാണ് ഉയരുന്ന ചോദ്യം. കൊച്ചിയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഷാഫിയുടെ വലയിൽ കുടുങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെയാണ് എത്തിച്ചത്. ഒരു യുവാവിനൊപ്പമാണ് പെൺകുട്ടികൾ ഇലന്തൂരിലെത്തിയത്. ഇതിനുശേഷം പെൺകുട്ടികളെ തിരികെ കൊച്ചിയിലെത്തിച്ചതായും ഇയാൾ പോലീസിനോടു പറഞ്ഞതായാണ് വിവരം. പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രതികളായ ഭഗവൽ സിംഗിനേയും ലൈലയേയും ഷാഫിയേയും ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലിൽ പത്മയെ കൊലപ്പെടുത്തിയത് താനാണെന്ന് ഷാഫി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പത്മയെ ജീവനോടെ ഇരിക്കുമ്പോൾ തന്നെയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് മൊഴി. ആദ്യ ബലിയില്‍ വേണ്ടതുപോലെ ക്രൂരത ഉണ്ടാകാത്തതിനാല്‍ ദേവപ്രീതി ഉണ്ടായില്ലെന്നും അതിനാൽ ക്രൂരത കുറയാതെ തന്നെ രണ്ടാമത്തെ കൊല നടത്തണമെന്നും ഷാഫി നിർദ്ദേശിച്ചിരുന്നത്രേ. ചോര കണ്ടാലും യാതൊരു അറപ്പുമില്ലാത്തയാളാണ് ഇയാൾ. മുൻപ് ഇറച്ചിവെട്ടുകാരനായിരന്നതിനാലാണ് ഇതെന്നാണ് വിശദീകരണം. പത്മയെ 57 ഓളം കഷ്ണങ്ങളാക്കി മുറിച്ചാണ് കുഴിയിൽ തള്ളിയത്.

അതേസമയം കുഴിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങൾ സ്ത്രീകളുടേതാണെന്ന് പോസ്റ്റുമാർട്ടത്തിൽ സ്ഥിരീകരിച്ചു. 61 ഓളം കഷ്ടങ്ങളായിട്ടായിരുന്നു പോസ്റ്റുമാർട്ടത്തിനായി മൃതദേഹങ്ങൾ എത്തിച്ചത്. പരിശോധനയിൽ കൊല്ലപ്പെട്ടവരുടെ പ്രായം മൃതദേഹങ്ങളുടേതായി സാമ്യം ഉണ്ട്. കട്ടിയുള്ള മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ച് മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡി എൻ എ പരിശോധനയ്ക്കായി സാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് ഇന്ന് അയയ്ക്കും. ഇതിനായി കൊല്ലപ്പെട്ട പത്മയുടേയും റോസിലിയുടേയും മക്കളുടെ രക്ത സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.












Click it and Unblock the Notifications