ഭഗവൽ സിംഗിന്റെ വീട്ട് വളപ്പിൽ വീണ്ടും അസ്ഥി കഷ്ണം; കൂടുതൽ ഇരകൾ? ആയുധങ്ങളും കണ്ടെത്തി
കൊച്ചി: ഇലന്തൂർ നരബലി കേസിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയം ബലപ്പെടുത്തി വീട്ടു വളപ്പിൽ നിന്നും വീണ്ടും അസ്ഥി കഷ്ണം കണ്ടെത്തി. വീടിന്റെ കിഴക്ക് ഭാഗത്ത് നിന്നാണ് എല്ലിന്റെ ഭാഗം കണ്ടെടുത്തിരിക്കുന്നത്.
പ്രതികളുടെ മൊഴിയിലെ വൈരുധ്യങ്ങളെ തുടർന്ന് ഇന്ന് രാവിലെ മുതൽ വീടിന്റെ പല ഭാഗങ്ങളിലും പോലീസ് പരിശോധന നടത്തി വരികയായിരുന്നു. പോലീസ് നായയെ അടക്കം എത്തിച്ചാണ് പരിശോധന നടക്കുന്നത്. ഇതിനിടയിലാണ് ഇപ്പോൾ അസ്ഥി കണ്ടെടുത്തത്. വീട്ട് വളപ്പിൽ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ പ്രതികൾ പലതും മറച്ച് വെയ്ക്കുന്നവെന്ന സംശയം പോലീസിന് ഉണ്ട്. ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയെ ചോദ്യം ചെയ്യുന്നതിനിടെയാണ് വീട്ടുവളപ്പിൽ മറ്റേതെങ്കിലും മൃതദേഹം കൂടിയുണ്ടോയെന്ന സംശയം പോലീസിന് ഉയർന്നത്. തുടർന്ന് പ്രതികളെ സ്ഥലത്ത് എത്തിച്ച് പോലീസ് പ്രത്യേക പരിശോധന നടത്തികയാണ്. പരിശീലനം ലഭിച്ച പോലീസ് നായകളായ മായയുടേയും മർഫിയുടെയും സഹായത്തോടെയാണ് പരിശോധന നടക്കുന്നത്.

നായകൾ അടയാളം കാട്ടുന്ന സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് ഈ ഭാഗം കുഴിച്ച് നോക്കുകയാണ്. വീടിന്റെ പല ഭാഗങ്ങളിലായി മഞ്ഞൾ കൃഷി ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ മഞ്ഞൾ കൃഷി ചെയ്യുന്ന രീതിയിലല്ല ഇവ നട്ടിരിക്കുന്നത്. നേരത്തേ പത്മയുടേയും റോസിലിയുടേയും മൃതദേഹം കുഴിച്ചിട്ട ഭാഗത്തും മഞ്ഞൾ നട്ടിരുന്നു. അതുകൊണ്ട് തന്നെ മഞ്ഞൾ നട്ടിടങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

രാവിലെ പോലീസ് നായ അടയാളം കാട്ടിയ സ്ഥലത്ത് പോലീസ് കുഴിയെടുത്ത് പരിശോധിച്ചെങ്കിലും ഇവിടെ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. പന്നി കുത്തിയതാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം പരിശോധനയിൽ ഇപ്പോൾ കിട്ടിയ അസ്ഥി പത്മയുടെ മൃതദേഹം കിട്ടിയ ഭാഗത്ത് നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരുമ്മൽ കേന്ദ്രത്തിന് സമീപത്തും പരിശോധന നടന്നു വരികയാണ്.

ചെമ്പകവും തുളസിയുമടക്കം പല ചെടികളും പലയിടത്തായി വളർത്തിയിട്ടുണ്ട്. ഇതിന് താഴെ എന്തെങ്കിലും ഉണ്ടോയെന്ന് അറിയാൻ മണ്ണ് മാറ്റി നായകളെ കൊണ്ട് മണപ്പിച്ച ശേഷമാണ് പരിശോധന പുരോഗമിക്കുന്നത്. സംശയം തോന്നുന്ന സ്ഥലങ്ങൾ ആഴത്തിൽ കുഴിച്ച് നോക്കി പരിശോധിക്കും.പത്മയുടേയും റോസിലിയുടേയും മൃതദേഹം നാലടിയോളം താഴ്ചയിൽ കുഴിയെടുത്താണ് കുഴിച്ചിട്ടിരുന്നത്. അതേസമയം പരിശോധനയിൽ വീട്ട് വളപ്പിൽ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലയ്ക്ക് ഉപയോഗിച്ചോയെന്ന് പരിശോധിക്കും.

അതേസമയം രാവിലെ തെളിവെടുപ്പിനായി പ്രതികളെ ഇലന്തൂരിൽ എത്തിച്ചപ്പോൾ ഇവിടെ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയത്. പ്രതികളായ ഭഗവൽ സിംഗിനേയും ലൈലയേയും മുഹമ്മദ് ഷാഫിയേയും മൂന്ന് വാഹനങ്ങളിലായാണ് തെളിവെടുപ്പിനായി എത്തിച്ചത്. നേരത്തേ ചോദ്യം ചെയ്യൽ കഴിഞ്ഞ് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനമെങ്കിലും പ്രതികളുടെ മൊഴിയിലെ വൈരുധ്യത്തെ തുടർന്ന് തെളിവെടുപ്പും ചോദ്യം ചെയ്യലും ഒരുമിച്ച് നടത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
ആദ്യം ഭഗവൽ സിംഗിനെ മാത്രമായിരുന്നു വാഹനത്തിൽ നിന്നും ഇറക്കിയത്. മുഖം പൂർണമായും മൂടിയായിരുന്നു ഇയാളെ പുറത്തിറക്കിയത്. പിന്നീട് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ നടത്തി വാഹനത്തിൽ കയറ്റുകയായിരുന്നു. വൻ സുരക്ഷയായിരുന്നു പോലീസ് ഇവിടെ ഒരുക്കിയത്.












Click it and Unblock the Notifications