ഇലന്തൂർ ഇരട്ട നരബലി; ശരീരഭാഗങ്ങള്‍ പാചകം ചെയ്‌തെന്ന് സമ്മതിച്ച് പ്രതികൾ
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ മൃതദേഹം പാചകം ചെയ്ത് കഴിച്ചതായി സമ്മതിച്ച് പ്രതികൾ. ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും ഭഗവൽ സിംഗുമാണ് മാംസം കഴിച്ചത്. ലൈല മൃതദേഹം പാചകം ചെയ്തതായി സമ്മതിച്ചെങ്കിലും കഴിച്ചോയെന്ന ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായില്ല. പ്രഷർ കുക്കറിൽ മനുഷ്യ മാംസം പാചകം ചെയ്ത് കഴിക്കുകയായിരുന്നുവെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

നേരത്തേ മനുഷ്യ മാംസം കഴിച്ചതായി പ്രതികൾ സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും മാധ്യമങ്ങൾക്ക് മുൻപിൽ ഇല്ലെന്നായിരുന്നു ലൈലയും ഭഗവൽ സിംഗും പറഞ്ഞത്. അതേസമയം ഇന്ന് വീട്ടിലെത്തി നടത്തിയ തെളിവെടുപ്പിനിടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തെളിവെടുപ്പിനിടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നും മനുഷ്യ മാംസം സൂക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.
ഫ്രിഡ്ജിനുള്ളിൽ നിന്നും രക്തക്കറ കണ്ടെത്തുകയായിരുന്നു. പത്ത് കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രികളുടെയും ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. പിന്നീടാണ് ഇവ കുഴിയിലേക്ക് തള്ളിയത്. ആയുർ ആരോഗ്യത്തിനും സമ്പദ് സമൃദിക്കും മൃതദേഹം കഴിക്കണമെന്ന് മുഹമ്മദ് ഷാഫി ഭഗവൽ സിംഗിനേയും ലൈലയേയും ഉപദേശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ട് വളപ്പിൽ കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധന തുടങ്ങി. ലൈലയുടെ മൊഴിയിലെ വൈരുധ്യങ്ങളെ തുടർന്നാണ് കൂടുതൽ ഇരകൾ ഉണ്ടോയെന്ന് സംശയം പോലീസിന് ബലപ്പെട്ടത്. തുടർന്ന് ഇന്ന് പോലീസ് നായയെ ഉൾപ്പെടെ എത്തിച്ചാണ് വീട്ടിൽ പരിശോധന നടന്നത്.
പലയിടങ്ങളിലായി മാർക്ക് ചെയ്ത് മണ്ണിളക്കിയാണ് പരിശോധന നടന്നത്.
പരിശോധനയിൽ മറ്റൊരു അസ്ഥി പോലീസ് കണ്ടെടുത്തു. പറമ്പിനോട് ചേർന്നുള്ള മഹാഗണി മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലാണ് അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യന്റെ അസ്ഥിയാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് സംഘം ഇവ ശേഖരിച്ചു. വീട്ടുവളപ്പിൽ അസാധാരണമാം വിധം മഞ്ഞൾ ചെടികൾ നട്ടതിൽ പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. നേരത്തേ പത്മയുടേയും റോസിലിയുടേയും മൃതദേഹത്തിന് മുകളിൽ മഞ്ഞൾ ചെടികൾ നട്ട് പിടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റാരെയെങ്കിലും അപായപ്പെടുത്തി കഴിച്ചുമൂടിയോ എന്നതാണ് പോലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications