പൂജകൾ നടത്തിയില്ലെങ്കിൽ 5 മരണം നടക്കുമെന്ന് പറഞ്ഞു, ലൈല കടുത്ത അന്ധവിശ്വാസി; സഹോദരൻ
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല കടുത്ത അന്ധവിശ്വാസിയായിരുന്നുവെന്ന് സഹോദരൻ. ഇതേ തുടർന്ന് സഹോദരിയുമായി അകന്നുവെന്നും കഴിഞ്ഞ രണ്ട് വർഷമായി യാതൊരു ബന്ധവുമില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
രണ്ട് വർഷം മുൻപ് അമ്മ മരിച്ചപ്പോൾ സഞ്ചയനം കഴിഞ്ഞ ശേഷം ലൈല വിളിച്ച് പ്രത്യേക പൂജ നടത്തണമെന്ന് പറഞ്ഞു. ചില ദോഷങ്ങൾ ഉണ്ട് അത് പരിഹരിച്ചില്ലെങ്കിലും അഞ്ച് മരണങ്ങൾ കുടുംബത്തിൽ സംഭവിക്കുമെന്നായിരുന്നു ലൈല പറഞ്ഞത്. എന്നാൽ താൻ അത് സമ്മതിച്ചില്ല. കടുത്ത എതിർപ്പ് പറഞ്ഞതോടെ തന്നോട് ലൈല പിണങ്ങി. പിന്നീട് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

ഞാൻ എതിർത്തെങ്കിലും ലൈലയും ഭര്‍ത്താവും മകനും എന്റെ ജേഷ്ഠനും ചേര്‍ന്ന് പൂജ നടത്തിയിരുന്നുവെന്നും ഇതിന് ശേഷം ലൈലയെ ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരൻ വ്യക്തമാക്കി. വീട്ടിൽ അത്രയും ക്രൂരമായ കുറ്റങ്ങൾ നടന്നുവെന്ന് മനസിലായിരുന്നില്ല. ഭഗവൽ സിംഗും കടുത്ത അന്ധവിശ്വാസിയായിരുന്നു. കുറ്റവാളികൾ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകണമെന്നതാണ് ആവശ്യമെന്നും ഇദ്ദേഹം പറഞ്ഞു.
കേസിൽ കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയായ റോസിലിയെ ലൈലയാണ് കൊലപ്പെടുത്തിയത്. ഇവരെ ലൈല ക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പത്മയെ ബലികൊടുത്തിട്ടും ദോഷങ്ങൾ മാറിയില്ലെന്ന് ഷാഫി ഇവരെ വിശ്വസിപ്പിച്ചാണ് റോസിലിയെ തിരുവല്ലയിലെ വീട്ടിൽ എത്തിച്ചത്. കട്ടിലിൽ കെട്ടിയിട്ട ശേഷം കൊലനടത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ഭഗവൽ സിംഗിം ലൈലയും ശരീര ഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായും ലൈല പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതിനിടെ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. 2019 മുതൽ ഷാഫി ഒരുക്കിയ പദ്ധതിയാണ് ക്രൂരമായ കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾ കടുത്ത മനോവൈകൃതമുള്ള ആളാണെന്നും മറ്റുള്ളവരെ വേദനിപ്പിച്ച് അതിൽ സുഖം കണ്ടെത്തുന്ന സൈക്കോപാത്ത് ആയിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞത്. ഇയാളുടെ പേരിൽ 15 ഓളം കേസുകൾ ഉണ്ട്. കേസിൽ ഇനിയും ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരാൻ സാധ്യത ഉണ്ടെന്നുള്ള സൂചനയും പോലീസ് നൽകുന്നുണ്ട്.
അതേസമയം പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി.












Click it and Unblock the Notifications