ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം; പരിശോധിച്ചത് പത്തോളം ഡോക്ടര്‍മാര്‍, കനത്ത സുരക്ഷയില്‍ ചികിത്സ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുറത്തുവന്ന രക്ത പരിശോധന ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടേക്ക് എത്തിച്ചത്.
പൊലീസിന്റെ കനത്ത സുരക്ഷയിലാണ് പ്രതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മണിക്കൂറുകള്‍ നീണ്ട വൈദ്യ പരിശോധനയിലാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തോളം വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ഷാരൂഖിനെ പരിശോധിച്ചത്. പരിശോധനയില്‍ ഷാറൂഖ് സെയ്ഫിയ്ക്ക് ഒടിവോ ചതവോ മറ്റു കാര്യമായ പ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

സി ടി സ്‌കാന്‍ റിപ്പോര്‍ട്ടും നോര്‍മലായിരുന്നു. സൈക്യാട്രി പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ആരോഗ്യനില വീണ്ടെടുത്തതിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുക. ഇതിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഇന്ന് രാവിലെയാണ് പ്രതിയെ മാധ്യമങ്ങളെ കബളിപ്പിച്ച് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി അപേക്ഷ നല്‍കുക. ഇതോടൊപ്പം ഷാരൂഖിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് കസ്റ്റഡിയില്‍ ലഭിക്കുക.
എന്നാല്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരിലേക്കെത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം മജിസ്‌ട്രേറ്റിന് മുന്നില്‍ ഉയര്‍ത്തും. ഞായറാഴ്ച രാത്രിയാണ് എലത്തൂരില്‍ വച്ച് ട്രെയിനില്‍ തീവയ്പ്പുണ്ടായത്. എന്നാല്‍ 24 മണിക്കൂറനുള്ളില്‍ പ്രതി എങ്ങനെ രത്‌നഗിരിയില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ട്രെയിനിലും മറ്റ് വാഹനങ്ങളിലും കയറിയാണ് മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഇതിനിടെ എവിടെയെങ്കിലും തങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സഹായിക്കാന്‍ കൂട്ടാളികളുണ്ടോ എന്ന കാര്യത്തിലും ഇതുവരെ സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് നേരെ ഷാരൂഖ് സെയ്ഫി പെട്രോളൊഴിച്ച് തീകൊടുക്കുകയായിരുന്നു. തീ പിടിച്ച പരിഭ്രാന്തിയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications