വോട്ടെണ്ണല്‍ 8 മണിക്ക്; മഹാരാഷ്ട്രയും ജാര്‍ഖണ്ഡും എങ്ങോട്ട്? പാലക്കാട്ടേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന് അറിയാം. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആണ് ഇന്ന് പ്രഖ്യാപിക്കുക. ഇതിനൊപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റേയും ഫലം പ്രഖ്യാപിക്കും.
രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്ത് വരും. പത്ത് മണിയോടെ തന്നെ ഏകദേശ ചിത്രം വ്യക്തമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ നിന്ന് മത്സരിച്ച വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രിയങ്ക ഗാന്ധിയാണ് രാഹുലിന് പകരം വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത്.

എല്‍ഡിഎഫിനായി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്കായി നവ്യ ഹരിദാസുമാണ് ജനവിധി തേടിയത്. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലെ സിറ്റിംഗ് എംഎല്‍എമാര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ (യുഡിഎഫ്), പി സരിന്‍ (എല്‍ഡിഎഫ്), സി കൃഷ്ണ കുമാര്‍ (എന്‍ഡിഎ) എന്നിവര്‍ തമ്മിലാണ് പോരാട്ടം.
ചേലക്കരയില്‍ യുആര്‍ പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് (യുഡിഎഫ്), കെ ബാലകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് കളത്തിലുള്ളത്. അതേസമയം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിലേക്കാണ്. എന്‍ഡിഎയ്ക്കും ഇന്ത്യാ മുന്നണിക്കും ഒരുപോലെ നിര്‍ണായകമാണ് ഇരുസംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി തിരിച്ചുവരവിന് ശ്രമിക്കുന്നു. മറുവശത്ത് ജാര്‍ഖണ്ഡില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ഭരണം നിലനിലനിര്‍ത്താനാണ് ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ശ്രമം. മഹാരാഷ്ട്രയില്‍ 288 ഉം ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയിലേക്കായിരുന്നു വോട്ടെടുപ്പ്.
അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ 48 ഓളം സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം. ഉത്തര്‍പ്രദശ് (9), രാജസ്ഥാന്‍ (7), പശ്ചിമ ബംഗാള്‍ (6), അസം (5), ബിഹാര്‍ (4), കര്‍ണാടക (3), മധ്യപ്രദേശ് (2), സിക്കിം (2), ഛത്തീസ്ഗഢ് (1), മേഘാലയ (1), ഉത്തരാഖണ്ഡ് (1) എന്നിവിടങ്ങളിലാണ് നവംബര്‍ 13, 20 തിയതികളിലായി ഉപതിരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications