'കൂടുതൽ വൈദ്യുതി കടം വാങ്ങാം, ഉപഭോഗം കുറച്ച് ജനങ്ങൾ സഹകരിക്കണം' - കെ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. കേരളത്തിന് വേണ്ടി പണം നൽകി അധിക വൈദ്യുതി കടം വാങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഉണ്ടായിരിക്കുന്ന വൈദ്യുതി ക്ഷാമം നാളെയോട് കൂടി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നല്ലളത്ത് നിന്നും വൈദ്യുതി ഉൽപാദനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജല വൈദ്യുത പദ്ധതികൾ ആണ് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഉള്ള ശാശ്വത മാർഗം. അതിരപ്പള്ളി ഒഴികെയുള്ള മറ്റു പദ്ധതികൾ ഉടൻ വേഗത്തിലാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വൈദ്യുത ക്ഷാമത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞതാണ് നിലവിലെ വൈദ്യുത ക്ഷാമത്തിന് പ്രധാന കാരണം. അതേസമയം, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൈദ്യുതി ക്ഷാമം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി കണക്കിലെടുത്ത് 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രാ പ്രദേശിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാനാണ് കെ എസ് ഇ ബിയുടെ ശ്രമം. ഈ വൈദ്യുതി എത്തുന്നതോടെ കോഴിക്കോട് താപ വൈദ്യുത നിലയം പ്രവർത്തന ക്ഷമമാകും.
ഇതോടെ രണ്ട് ദിവസത്തിന് ഉള്ളിൽ തന്നെ സാധാരണ നിലയിലേക്ക് എത്താൻ കഴിയുമെന്നും കെ എസ് ഇ ബി വ്യക്തമാക്കി. അതേസമയം, വൈദ്യുത ക്ഷാമം കണക്കിലെടുത്ത് എല്ലാ ഉപഭോക്താക്കളും വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ വീട്ടിലെ മൂന്ന് സ്വിച്ചുകൾ അണച്ച് കെ എസ് ഇ ബിയോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ നടപടി ആരംഭിച്ചതായി കെ എസ് ഇ ബി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി കേരളം വാങ്ങുമെന്ന് കെ എസ് ഇ ബി ചെയർമാൻ ബി അശോക് വ്യക്തമാക്കി.ഇതിലൂടെ പ്രതിദിനം ഒന്നര കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. വൈദ്യുത നിയന്ത്രണം ഒഴിവാക്കാൻ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ്.
അതേസമയം കൽക്കരി ക്ഷാമം വരുന്ന ഒക്ടോബർ വരെ തുടർന്നേക്കാം എന്ന് കെ എസ് ഇ ബി ചെയർമാൻ പറഞ്ഞു. നല്ലളം നിലയത്തിൽ നിന്ന് 90 മെഗാവാട്ട് വൈദ്യുതി ലഭിക്കും. കായംകുളം നിലയത്തിൽ ഉത്പാദനം തുടങ്ങും. മെയ് മൂന്നിന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ ദിവസം കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. ഉപഭോക്താക്കൾ ഉപയോഗം കുറച്ച് അന്നേ ദിവസം കെ എസ് ഇ ബിയോട് സഹകരിക്കണം എന്നും ബി അശോക് ആവശ്യപ്പെട്ടിരുന്നു.
പീക്ക് അവറിൽ 200 മെഗാവാട്ടിന് കുറവാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. പ്രതിസന്ധി കണക്കിലെടുത്ത് നല്ലളത്തിന് പുറമെ കായംകുളം താപനിലയവും പ്രവർത്തന സജ്ജമാക്കി പ്രതിസന്ധി തരണം ചെയ്യാനാണ് കെ എസ് ഇ ബിയും സർക്കാരും ശ്രമിക്കുന്നത്. ഇതിനുപുറമേ, എറണാകുളത്ത് റിലയൻസിന്റെ താപനിലയവുമായും ചർച്ച നടക്കുന്നു. അതേസമയം, കേരളത്തിലെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു.
തകർപ്പൻ എപ്പിസോഡുകൾ! ബിഗ് ബോസില് പുതിയ ക്യാപ്റ്റന്; ടാസ്ക്കുകൾ ഇനി ഗംഭീരമാകും
പ്രതിസന്ധി തരണം ചെയ്യാൻ പലവിധ നടപടികൾ കേരളം സ്വീകരിക്കുകയാണ്. ഇത് ഫലം കണ്ടാൽ രണ്ട് ദിവസത്തിന് ഉള്ളിൽ പ്രതിസന്ധി അവസാനിക്കും. ഇതാണ് സർക്കാറിന്റെ പ്രതീക്ഷയും. എന്നാൽ, ദീർനാളത്തേക്കുള്ള പദ്ധതി കൂടി കെ എസ് ഇ ബി ആലോചിക്കുന്നുണ്ട്. ഒക്ടോബർ വരെ രാജ്യത്തെ കൽക്കരി പ്രതിസന്ധി നീളാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്. ജനങ്ങൾ പരമാവധി ഉപഭോഗം കുറക്കണം എന്നാണ് കെ എസ് ഇ ബി മുന്നോട്ട് വയ്ക്കുന്ന ആവിശ്യം.