''ബിജെപിയോടുളള അറപ്പും വെറുപ്പും മാറി, അനിലിപ്പോൾ ഹാപ്പി'', ആന്റണിയും മകനെ സ്വീകരിച്ചെന്ന് എലിസബത്ത്
കൃപാസനത്തിലെ ഉടമ്പടി പ്രാര്‍ത്ഥന മൂലമാണ് മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ പ്രവേശിച്ച് സന്തോഷമായിട്ടിരിക്കുന്നതെന്ന് അമ്മയും എകെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. ഇപ്പോള്‍ ബിജെപിയോട് വെറുപ്പും അറപ്പും ഇല്ലെന്നും അനിലിനോട് ആന്റണിക്കും പ്രശ്‌നങ്ങളില്ലെന്നും എലിസബത്ത് പറയുന്നു. പ്രാര്‍ത്ഥനയുടെ അനുഭവസാക്ഷ്യം എലിസബത്ത് ആന്റണി പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എലിസബത്ത് ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ: രാഷ്ട്രീയത്തില്‍ ചേരണം എന്നുളളത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു. പഠിത്തം കഴിഞ്ഞ് നല്ല ജോലി കിട്ടിയതായിരുന്നു. പക്ഷേ രാഷ്ട്രീയത്തിലായിരുന്നു താല്‍പര്യം. തടസ്സം മാറാനാണ് രണ്ടാമത്തെ നിയോഗം വെച്ചത്. മക്കള്‍ രാഷ്ട്രീയത്തിന് എതിരെ അവര്‍ ചിന്തന്‍ ശിബിരത്തില്‍ പ്രമേയം പാസ്സാക്കി. അതിനര്‍ത്ഥം എത്ര ആഗ്രഹിച്ചാലും എന്റെ രണ്ട് മക്കള്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാകില്ല.

ഭര്‍ത്താവ് മക്കള്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്ത് കൊടുക്കില്ല. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ പോയത്. ബിബിസി വിവാദം വരികയും സോഷ്യല്‍ മീഡിയയില്‍ പ്രശ്‌നമാവുകയും ചെയ്തു. ഞാന്‍ മാതാവിനോട് കരഞ്ഞ് പറഞ്ഞു. അപ്പോഴാണ് അവന്‍ വിളിച്ച് പറഞ്ഞത്, പിഎംഒയില്‍ നിന്ന് വിളിച്ചിട്ടുണ്ട്, അവര്‍ ബിജെപിയില്‍ ചേരാന്‍ പറയുന്നു, ഒരുപാട് അവസരങ്ങള്‍ ഉണ്ടാകും എന്ന്.
ജീവിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആണ്. ബിജെപിയില്‍ പോകുന്നത് ആലോചിക്കാന്‍ പോലും വയ്യ. ഇവിടെ വന്ന് അമ്മയുടെ കാല്‍ക്കല്‍ തുണ്ട് വെച്ച് പ്രാര്‍ത്ഥിച്ചു. തന്റെ മനസ്സ് അമ്മ മാറ്റിത്തന്നു. ബിജെപിയോടുളള എല്ലാ അറപ്പും വെറുപ്പും ദേഷ്യവും എല്ലാം അമ്മ മാറ്റി വേറൊരു ഹൃദയം തന്നു. പക്ഷേ ഭര്‍ത്താവിന് വലിയ ഷോക്ക് ആയി അവന്‍ ബിജെപിയില്‍ ചേര്‍ന്ന വിവരം അറിഞ്ഞപ്പോള്‍.
എങ്കിലും അദ്ദേഹം വലിയ സൗമ്യതയോടെ തന്നെ ആ സാഹചര്യം തരണം ചെയ്തു. മകന്‍ വീട്ടിലേക്ക് വരുമ്പോള്‍ പൊട്ടിത്തെറി ഉണ്ടാകുമോ എന്നോര്‍ത്ത് വലിയ ഭയം ആയിരുന്നു. പക്ഷേ സൗമ്യമായ അവസരം ആണ് വീട്ടിലുണ്ടായിരുന്നത്. നീ വീട്ടില്‍ വരുന്നതിനോട് പപ്പയ്ക്ക് എതിര്‍പ്പില്ല, പക്ഷേ രാഷ്ട്രീയം വീട്ടില്‍ സംസാരിക്കാന്‍ പാടില്ലെന്ന് ഭര്‍ത്താവ് മകനോട് പറഞ്ഞു. അവന്‍ രണ്ട് പ്രാവശ്യം വന്നു. ഒരു വൈരാഗ്യവും ഇല്ലാത്ത രീതിയില്‍ തന്നെ എല്ലാവരും പെരുമാറുന്നു. ആരും അവന്‍ ഒറ്റപ്പെടുത്തിയില്ല. അവനിപ്പോള്‍ ഹാപ്പിയാണ്''.












Click it and Unblock the Notifications