'ഈ വിരട്ടലിൽ വീണുപോകരുത്'; എമ്പുരാന് പിന്തുണയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കലയും സാഹിത്യവും സിനിമയും നാടകുമൊക്കെ മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണെന്നും ഇത്തരം കലാരൂപങ്ങളിലൂടെ ഉയർന്നുവരുന്ന സാമൂഹ്യ വിമർശനങ്ങളെ ഉൾക്കൊണ്ടും അംഗീകരിച്ചും മുന്നോട്ട് പോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നതെന്നും രമേശ് ചെന്നിത്തല. വിമർശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയിൽ ഒരു സംഘടിത പ്രസ്ഥാനവും വളർത്തിക്കൊണ്ടു വരരുതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
എമ്പുരാൻ സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ കുറിപ്പ്. ഭയപ്പെടുത്തിയും ആക്രമിച്ചും കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാം എന്നു കരുതരുത്. ഈ വിരട്ടലിൽ വീണു പോകരുതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരോട് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പ്:
കലയും സാഹിത്യവും സിനിമയും നാടകവുമൊക്കെ അതത് കാലത്തോടുള്ള മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. ഇത്തരം കലാരൂപങ്ങളിലൂടെ ഉയർന്നു വരുന്ന സാമൂഹ്യ വിമർശനങ്ങളെ ഉൾക്കൊണ്ടും അംഗീകരിച്ചും മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്. വിമർശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയിൽ ഒരു സംഘടിത പ്രസ്ഥാനവും വളർത്തിക്കൊണ്ടു വരരുത്.
കഴിഞ്ഞ ദിവസം റിലീസായ മോഹൻ ലാൽ ചിത്രം കണ്ടില്ല. പക്ഷേ അതിനെതിരെയുള്ള കടുത്ത അസഹിഷ്ണുതാപരമായ നിലപാടുകൾ സംഘ് പരിവാർ സംഘടനകളും അണികളും നടത്തുന്നത് ശ്രദ്ധയിൽ പെട്ടു. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തിയ കേരളാ ഡയറി എന്ന സിനിമയ്ക്കനുകൂലമായി വ്യാപക മാർക്കറ്റിങ് ഏറ്റെടുത്ത അതേ സംഘപരിവാർ ശക്തികൾ തന്നെയാണ് തങ്ങളുടെ ചില മുൻകാലചെയ്തികളുടെ റഫറൻസുകൾ ഉണ്ട് എന്ന പേരിൽ ഒരു വാണിജ്യ സിനിമയെ കടന്നാക്രമിക്കുന്നത്.
ഇത്ര അസഹിഷ്ണുത ജനാധിപത്യപ്രസ്ഥാനങ്ങൾക്കു യോജിച്ചതല്ല. ഭയപ്പെടുത്തിയും ആക്രമിച്ചും കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാം എന്നു കരുതരുത്. ഈ വിരട്ടലിൽ വീണു പോകരുതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരോട് അഭ്യർഥിക്കാനുള്ളത്.
കോൺഗ്രസിനെ വിമർശിക്കുന്ന നിരവധി പ്രൊപ്പഗാൻഡാ സിനിമകൾക്കു പിന്തുണയും സഹായവും ചെയ്തവരാണ് ബി ജെ പിക്കാർ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടിക്ക് അനുകൂലമായി പ്രൊപ്പഗാൻഡ് സിനിമകൾ ചെയ്യുന്നവരുമാണ്.
അവർ ഒരു വാണിജ്യ സിനിമയിലെ ഒന്നോ രണ്ടോ ഡയലോഗുകളുടെ പേരിൽ ഇത്രയേറെ വെറി പിടിക്കണ്ട കാര്യമില്ല. മലയാളമടക്കം മിക്ക ഭാഷയിലും കോൺഗ്രസിനെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്ന സിനിമകൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതിനെ ജനാധിപത്യസ്വാതന്ത്ര്യമായി അംഗീകരിക്കുക മാത്രമാണ് കോൺഗ്രസ് എല്ലാക്കാലത്തും ചെയ്തിട്ടുള്ളത്. എന്നാൽ ബി ജെ പി അങ്ങനെയല്ല അതിനെ കൈകാര്യം ചെയ്യുന്നത്.
ഇക്കാര്യത്തിൽ സി പി എമ്മും ഒട്ടും ഭേദമല്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെയുള്ള സിനിമകൾക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ചാൽ തന്നെ സി പി എമ്മിന്റെ അസഹിഷ്ണുത ബോധ്യപ്പെടും. ഒരു കലാരൂപത്തെ കലാരൂപമായി മാത്രം കാണുക എന്നതാണ് ഇക്കാര്യത്തിൽ ശരിയായ നിലപാട്. ഇല്ലെങ്കിൽ കശാപ്പ് ചെയ്യപ്പെടുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമായിരിക്കും












Click it and Unblock the Notifications