ഇപി സഹോദരതുല്യനെന്ന് അന്‍വര്‍, ശുദ്ധനായ കമ്യൂണിസ്‌റ്റെന്ന് പികെ ബഷീര്‍; 'കട്ടന്‍ചായയും പരിപ്പുവടയും' കത്തുന്നു
മലപ്പുറം: ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇപിയുമായി തനിക്കുള്ളത് സഹോദരബന്ധമാണ് എന്നും അദ്ദേഹം തന്നെ കുറിച്ച് ഒരിക്കലും വര്‍ഗീയപരാമര്‍ശം നടത്തില്ല എന്നും അദ്ദേഹം പ്രതികരിച്ചു. '16 വര്‍ഷമായി സഖാവുമായി ബന്ധമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. എന്റെ വീട്ടില്‍ അദ്ദേഹം വന്ന് താമസിച്ചിട്ടുണ്ട്,' അന്‍വര്‍ പറഞ്ഞു.
ഇപി ജയരാജനുമായി സഹോദരബന്ധമാണ് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസി ബുക്‌സിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിച്ചിരിക്കുകയാണ് എന്നും അന്‍വര്‍ ആരോപിച്ചു. പി ശശിയുടെ കുബുദ്ധിയാണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസും ഇതില്‍ ഭാഗമാണ് എന്നും അന്‍വര്‍ പറഞ്ഞു. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും അന്‍വര്‍ പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ നേര്‍വിപരീതമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മരുമകനെ മുഖ്യമന്ത്രിയാക്കാനുള്ള പിണറായി വിജയന്റെ നീക്കങ്ങള്‍ക്കാണ് എല്ലാവരും സാക്ഷിയാകുന്നത് എന്നും അന്‍വര്‍ ആരോപിച്ചു. ഡിസി ബുക്‌സ് പുറത്തുവിട്ട കാര്യങ്ങളില്‍ തനിക്കും സംശയമുണ്ട് എന്നും മനുഷ്യപ്പറ്റുള്ള കമ്യൂണിസ്റ്റുകാരനാണ് ഇപി എന്നും അന്‍വര്‍ പറഞ്ഞു.
അതിനിടെ വിവാദത്തില്‍ ഇപി ജയരാജനെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ ബഷീറും രംഗത്തെത്തി. ഇപി ശുദ്ധനായ കമ്മ്യൂണിസ്റ്റാണ് എന്നും കാര്യങ്ങളെല്ലാം തുറന്ന് പറയുന്ന കൂട്ടത്തിലാണ് എന്നും പികെ ബഷീര്‍ പറഞ്ഞു. ആത്മകഥ എഴുതിയപ്പോള്‍ ആ സത്യങ്ങളും വന്നതായിരിക്കും. പാര്‍ട്ടി നില്‍ക്കുമ്പോള്‍ അത് നിഷേധിക്കേണ്ടി വരുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
'ഇപി പറഞ്ഞതെല്ലാം സത്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുകയാണ്. ഇപി യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ്. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോക്കില്‍ അദ്ദേഹത്തിന് നിരാശയുണ്ടാകും. അതാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണ് എന്ന് പറഞ്ഞത്. അത് എല്ലാവര്‍ക്കും അറിയാമല്ലോ,' പികെ ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്.
സിപിഎമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ പുസ്തകത്തില്‍ ഉണ്ട് എന്നായിരുന്നു വിവരം. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ ഇതെല്ലാം നിഷേധിച്ച് ഇപി രംഗത്തെത്തിയിരുന്നു. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇ പി പറഞ്ഞത്.
പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധിക്കാരപരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത് എന്നും അംഗീകരിക്കാനാകില്ല എന്നും ഇപി പറഞ്ഞു. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് തന്നെ ബന്ധപ്പെട്ടവര്‍ക്ക് മറുപടി നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡിസി ബുക്‌സ് അറിയിച്ചു.












Click it and Unblock the Notifications