എറണാകുളത്ത് നിന്ന് ഇനി തൃശൂരിലേക്ക് പെട്ടെന്ന് എത്താം; മുനമ്പം-അഴീക്കോട് പാലം പണി അതിവേഗം നീങ്ങുന്നു!
കൊച്ചി: എറണാകുളം ജില്ലയിൽ നിന്ന് തൃശൂരിലേക്ക് പോവുന്നവർക്ക് അതിവേഗത്തിൽ എത്താനുള്ള യാത്രാ സൗകര്യങ്ങൾക്ക് നിലവിൽ പരിമിതിയുണ്ട്. ജില്ലയിലെ യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കുന്ന വേളയിൽ ഏറ്റവും കൂടുതൽ ആവശ്യം ഉയരുന്നതും ഇത് തന്നെയാണ്. കൊച്ചി നഗരത്തിൽ ധാരാളം ഗതാഗത സൗകര്യ വികസന പദ്ധതികൾ നടന്നുവരുന്നുണ്ട്. റോഡുകളും പാലങ്ങളും മെട്രോയും വാട്ടർ മെട്രോയും ഒക്കെ ഇതിൽ ഉൾപ്പെടും.
അതുപോലെ തന്നെ എറണാകുളത്ത് നിന്ന് അതിവേഗത്തിൽ തൃശൂരിലേക്ക് എത്താനുള്ള മറ്റൊരു വഴി കൂടി തെളിയുകയാണ് ഇപ്പോൾ. തീരദേശപാതയിലെ പ്രധാന പാലങ്ങളിൽ മുനമ്പം-അഴീക്കോട് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. മേഖലയിലെ യാത്രാ സൗകര്യങ്ങൾക്ക് കുതിപ്പേകുന്ന പ്രവർത്തിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇരു ജില്ലകളിലെയും ആളുകൾക്ക് ഇത് ഗുണകരമാവും.

ഇവിടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമ്മാണമാണ് നടന്നു കൊണ്ടിരിക്കുന്നത്. അടുത്തവർഷം അവസാനത്തോടെ പാലം നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരയിലും പുഴയിലുമായി 196 പൈലുകളുടെ നിർമ്മാണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇതിനുമുകളിൽ പിയർ ക്യാപ്പും അതിനുമുകളിലായി സ്‌പാനുകളുമായാണ് പ്രവർത്തി നടക്കുന്നത്.
തൂണുകളിൽ സെഗ്മെന്റൽ ഓട്ടോ ലോഞ്ചിങ് സിസ്‌റ്റത്തിലൂടെയാണ് സ്‌പാനുകൾ സ്ഥാപിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 50 മീറ്റർ നീളമുള്ള സ്‌പാനുകൾ ആധുനികയന്ത്രങ്ങളുടെ സഹായത്തോടെയാണ് ഘടിപ്പിക്കുന്നത്. സെഗ്മെന്റൽ കാസ്‌റ്റിങ്ങിന് വേ മോൾഡ് (മാതൃക) ഗുജറാത്തിൽ നിന്നും കപ്പൽമാർഗം എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് പാലത്തിന്റെ നിർമ്മാണ ചുമതല.
പുരാതന കാലത്തെ മുസിരിസ് തുറമുഖത്തിന്റെ പ്രവേശന കവാടമെന്ന നിലയിൽ ഇവിടം ഏറെ ചരിത്രപ്രാധാന്യമുള്ള മേഖല കൂടിയാണ്. അതുകൊണ്ട് തന്നെ ആ ഭംഗിയും ചാരുതയും ഒക്കെ നിലനിർത്തി കൊണ്ടാണ് പദ്ധതി പുരോഗമിക്കുന്നത്. മേഖലയുടെ ദൃശ്യഭംഗി ഒട്ടും തന്നെ ചോരാതെ അതിന് കോട്ടം തട്ടാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പാലത്തിന്റെ പ്രത്യേകതകൾ
അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം വരുന്നത്. ചേർത്തല-പൊന്നാനി ഇടനാഴിയിലെ ഏറ്റവും പ്രധാന പാലങ്ങളിൽ ഒന്ന് കൂടിയാണിത്. തീരമേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. കിഫ്ബി പദ്ധതി പ്രകാരം 164 കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിർമ്മാണം. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ സൈക്കിൾ ട്രാക്കും പാലത്തിനുണ്ട്. പാലത്തിന്റെ മാത്രം നീളം 867.7 മീറ്ററോളമാണ്.
മേഖലയിലെ മത്സ്യബന്ധന തൊഴിലാളികൾക്ക് തടസം ഉണ്ടാക്കാത്ത നിലയിലാണ് നിർമ്മാണം. പുഴയുടെ നടുവിലെ ഭാഗത്ത് വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് കടന്നുപോകുന്നതിന് വേണ്ട ഉയരം ഉറപ്പാക്കും. അഴീക്കോട് ഭാഗത്ത് 12 തൂണുകളും മുനമ്പം ഭാഗത്ത് 11 തൂണുകളുമാണ് പാലത്തിന് ഉണ്ടാവുക. തൃശൂർ ജില്ലയുടെ തീരദേശത്തുള്ളവർക്ക് മുനമ്പം ഹാർബറിലേക്ക് എളുപ്പം എത്താനാവും എന്നതാണ് ഏറ്റവും പ്രധാന കാര്യം.
തീരദേശ ജില്ലകളിൽനിന്ന് കൊച്ചി നഗരത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗമായും പാലം മാറുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ജില്ല ഒന്നടങ്കം ഈ പദ്ധതിയുടെ പണി തീരാനായി കാത്തിരിക്കുന്നത്. നിലവിലെ വേഗതയിൽ പദ്ധതികൾ നീങ്ങുകയാണെങ്കിൽ അടുത്ത വർഷം അവസാനത്തോടെ ഇത് പൂർത്തിയാവും.












Click it and Unblock the Notifications