വഖഫ് നിയമെത്തിനെതിരായ പ്രതിഷേധം ബംഗാളില്‍ അക്രമാസക്തമായി: പൊലീസ് ജീപ്പുകള്‍ കത്തിച്ചു
കൊല്‍ക്കത്ത: വഖഫ് ഭേദഗത നിയമത്തിനെതിരായ പ്രതിഷേധം ബംഗാളില്‍ അക്രമാസക്തമാകുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പ്രതിഷേധം രണ്ട് ഇടങ്ങളിലാണ് പ്രധാനമായും അക്രമാസക്തമായത്. മുർഷിദാബാദ് ജില്ലയിൽ വെള്ളിയാഴ്ച വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുകയും ജംഗിപൂരിൽ ജനങ്ങൾ പോലീസ് ജീപ്പ് കത്തിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു. ടി എം സി എംപി ഖലീലുർ റഹ്മാന്റെ ഓഫീസും കൊള്ളയടിക്കപ്പെട്ടു. പ്രതിഷേധക്കാർ റെയിൽ ട്രാക്കുകളിൽ കുത്തിയിരുന്നതിനാൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു.
മുർഷിദാബാദിലെ നിംതിതയിലും സുതിയിലും വെള്ളിയാഴ്ച പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിംതിത റെയിൽവേ സ്റ്റേഷനിൽ, പ്രതിഷേധക്കാർ മണിക്കൂറുകളോളം റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും റെയിൽവേ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ റെയിൽവേ പോലീസിനും പിന്നീട് ലാത്തിചാർജ് നടത്തേണ്ടി വന്നു. ഇതിനിടെ പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചിലർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനായി ജംഗിപൂരിൽ പോലീസ് സംഘത്തെ കൂടാതെ ബി എസ് എഫിനെയും വിന്യസിച്ചു.
സുതി പോലീസ് സ്റ്റേഷന് കീഴിലുള്ള സജൂർ ക്രോസിംഗ് പ്രദേശത്തും പ്രതിഷേധക്കാരും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രതിഷേധക്കാർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളും പെട്രോള്‍ ബോംബുകളും എറിഞ്ഞതായി റിപ്പോർട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും ചില കാൽനടയാത്രക്കാർക്കും പരിക്കേറ്റു. തുടർന്ന് പോലീസ് പ്രതിഷേധക്കാരെ ലാത്തിചാർജ് നടത്തി പിരിച്ചു വിടുകയായിരുന്നു.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതാല പ്രദേശത്തും സമാനമായ സംഘർഷമുണ്ടായിട്ടുണ്ട്. വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ചവർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തപ്പോള്‍ ദേശീയപാത 117 ൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഹൂഗ്ലി ജില്ലയിലെ ചാമ്പ്ദാനിലും സാഹചര്യവും സമാനമായിരുന്നു.
ഏപ്രിൽ 8 നും ജംഗിപൂരിലെ ഉമർപൂരിൽ പ്രതിഷേധക്കാർ എൻ എച്ച്-12 തടയുകയും പോലീസ് ജീപ്പുകൾ കത്തിക്കുകയും ചെയ്തിരുന്നു. സംഘർഷ സാഹചര്യത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഇന്റർനെറ്റ് സേവനങ്ങള്‍ നിർത്തിവെക്കുകയും ചെയ്തു. നിലവില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാണ്.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ ആരോപണ - പ്രത്യാരോപണങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
ഒരു പ്രത്യേക കൂട്ടം തീവ്രവാദികളുടെ പ്രതിഷേധങ്ങളുടെ പേരിൽ സംസ്ഥാനം വലിയ തോതിലുള്ള അക്രമത്തിനും അരാജകത്വത്തിനും സാക്ഷ്യം വഹിക്കുകയാണെന്ന് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു.
"ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്നും രാജ്യത്തെ നിയമത്തെ എതിർക്കുമെന്നും വ്യക്തമായി പറഞ്ഞ ഈ ആളുകൾ തെരുവുകൾ കയ്യടക്കിയിരിക്കുന്നു. പൊതു, സ്വകാര്യ സ്വത്തുക്കൾ സ്വന്തം ഇഷ്ടപ്രകാരം നശിപ്പിക്കുന്നു. പ്രധാനപ്പെട്ട് ആളുകള്‍ ഈ ക്രൂരരായ തീവ്രവാദികളുടെ കാരുണ്യത്തിൽ കഴിയുന്നതിനാൽ പൊതു സുരക്ഷ അപകടത്തിലാണ്," അദ്ദേഹം പറഞ്ഞു.
ഗവർണർ സി.വി. ആനന്ദ ബോസിന്റെ ഓഫീസ് ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ ഓഫീസുമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് വേഗത്തിലും കർശനവുമായ നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു.
ബംഗാളിന്റെ ചില ഭാഗങ്ങളിൽ ചിലർ ക്രമസമാധാനം കൈയടക്കുന്നതായുള്ള അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഗവർണർ ഒരു വീഡിയോ സന്ദേശം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി മമത ബാനർജിയുമായി രഹസ്യ ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications