മനസാക്ഷിയുടെ കോടതിയില്‍ മരണമില്ലാത്ത നേതാവ്; വിദ്യാർത്ഥിയായ കാലം മുതൽ രാഷ്ട്രീയക്കാരൻ
കാറും കോളും നിറഞ്ഞ കേരള രാഷ്ട്രീയത്തില്‍ മാറ്റി നിര്‍ത്താനാകാത്ത നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏഴ് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന ഉമ്മന്‍ചാണ്ടി സംസ്ഥാനത്തെ ഏറ്റവും ജനകീയനായ രാഷ്ട്രീയക്കാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളിലും ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ അതികായന്റെ പേര് കൊത്തിവെക്കപ്പെടും.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായാണ് കുഞ്ഞൂഞ്ഞ് എന്ന് അറിയപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശേഷം കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ പഠനം. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടായിരുന്നു ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ എസ് യുവിലൂടെ സജീവ രാഷ്ട്രീക്കാരനായി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയതാണ് ആദ്യത്തെ സംഘടനാ പദവി. പിന്നീട് കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
വൈകാതെ എഐസിസി അംഗമായി. 1980 കളില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എകെ ആന്റണിയുടെ വലംകൈയായി നിന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളിലൂന്നിയാണ് എ ഗ്രൂപ്പ് കരുണാകരന് എതിരെ പട നയിച്ചത്. 1982-86 ല്‍ യുഡിഎഫ് കണ്‍വീനറായി. 1970 മുതല്‍ 53 വര്‍ഷമായി മരണം വരെ പുതുപ്പള്ളിയില്‍ നിന്ന് നിയമസഭ അംഗമായി തുടര്‍ന്നു ഉമ്മന്‍ചാണ്ടി.
1970 ന് ശേഷം നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) പുതുപ്പള്ളിയില്‍ നിന്ന് ജയിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തി. 1977 ല്‍ ആദ്യമായി മന്ത്രിയായി. തൊഴില്‍ വകുപ്പ് ആയിരുന്നു ആദ്യം കിട്ടിയ ചുമതല. പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രി (1982), ധനകാര്യ വകുപ്പ് മന്ത്രി (1991-1994) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പാര്‍ട്ടിക്കുള്ളില്‍ കരുണാകരന്‍-ആന്റണി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന കാലഘട്ടത്തില്‍ മന്ത്രിസഭയില്‍ നിന്ന് കൊണ്ടും മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് കൊണ്ടും ഉമ്മന്‍ ചാണ്ടി കരുണാകരനെ വെല്ലുവിളിച്ചു. 2004-ല്‍ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചപ്പോള്‍ ആണ് ഉമ്മന്‍ ചാണ്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. ആ സര്‍ക്കാരിന്റെ കാലാവധി 2006 വരെയായിരുന്നു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങി. 2006-11 കാലത്ത് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നു. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് കേവല ഭൂരിപക്ഷത്തേക്കാള്‍ വെറും രണ്ട് സീറ്റ് മാത്രമായിരുന്നു യുഡിഎഫിന് ലഭിച്ചിരുന്നത്.
എന്നാലും 2016 വരെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി. ഇക്കാലയളവില്‍ ആണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് വലിയ വെല്ലുവിളികളെ നേരിട്ടത്. സോളാര്‍, ബാര്‍ കോഴ, പാലാരിവട്ടം പാലം അഴിമതി തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം വരെ ഉയരുന്ന സ്ഥിതിയുണ്ടായി.
എന്നാല്‍ അക്ഷോഭ്യനായി ഇതെല്ലാം നേരിട്ട ഉമ്മന്‍ചാണ്ടി മനസാക്ഷിയുടെ കോടതിയില്‍ തെറ്റുകാരനല്ല എന്ന സിദ്ധാന്തത്തില്‍ ഉറച്ച് നിന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതോടെ പ്രതിപക്ഷ നേതൃസ്ഥാനം തന്നിലേക്ക് വന്നെങ്കിലും രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസനത്തില്‍ ഉമ്മന്‍ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ല്‍ ധനമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന്റെ വികസനത്തിലെ നാഴികക്കല്ലാണ്.
പ്ലസ് ടു വിദ്യാഭ്യാസം സര്‍ക്കാര്‍ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസ് കേരളത്തിലെ എല്ലാ വിമാനത്തവളങ്ങളില്‍ നിന്നും ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവയിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ജനസമ്പര്‍ക്കം എന്ന പരാതി പരിഹാര പരിപാടി ഉമ്മന്‍ചാണ്ടിയെ ജനകീയനാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ സംസ്ഥാനത്തിന് നഷ്ടമാകുന്നത് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റേയും കക്ഷി രാഷ്ട്രീയത്തിന്റെയും ഏറ്റക്കുറച്ചില്‍ കൃത്യമായി ഗ്രഹിച്ചിരുന്ന രാഷ്ട്രീയ ചാണക്യനെ ആണ്. വികസനത്തിനൊപ്പം ക്ഷേമകാര്യങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി എന്നതാണ് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി കേരളത്തിന് നല്‍കിയ സംഭാവന.












Click it and Unblock the Notifications