ഒന്നുകില്‍ പുറത്താക്കൂ.. അല്ലെങ്കില്‍ പ്രവര്‍ത്തിക്കാനനുവദിക്കൂ; പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രന്‍
കൊച്ചി: ബി ജെ പി സംസ്ഥാന നേതൃത്വത്തിന് എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിയുടെ കേരള ചുമതലയുള്ള പ്രകാശ് ജാവദേക്കറിനെയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും വേദിയിലിരുത്തിയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം എന്നാണ് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊച്ചിയില്‍ നടന്ന ബി ജെ പി സംസ്ഥാന ഭാരവാഹി യോഗത്തിലായിരുന്നു സംഭവം. സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രന്‍ വൈകാരികമായാണ് യോഗത്തില്‍ സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഒന്നുകില്‍ തന്നെ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാനനുവദിക്കുക എന്ന് പോലും ശോഭാ സുരേന്ദ്രന്‍ ഒരു ഘട്ടത്തില്‍ പറഞ്ഞതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.

കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ദേശീയ നേതൃത്വം പണിയെടുക്കുമ്പോള്‍ സംസ്ഥാന നേതൃത്വം പണിയെടുക്കുന്നവരെ പുറത്താക്കുകയാണ് എന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. വി മുരളീധരന്‍ വരുന്നതിന് മുമ്പ് താന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു എന്നും രണ്ട് തവണ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാക്കി തന്നെ വട്ടം ചുറ്റിച്ചു എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതിനിടെ ദേശീയ രാഷ്ട്രീയത്തില്‍ അഞ്ചംഗ സമിതിയില്‍ അംഗമായി. എന്നാല്‍ കേരളത്തില്‍ സേവനം വേണമെന്ന് ആവശ്യപ്പെട്ട് തന്നെ ഇങ്ങോട്ട് തന്നെ തിരിച്ചു വിളിച്ചു. എന്നിട്ട് വൈസ് പ്രസിഡന്റാക്കിയെങ്കിലും ഒരു ജില്ലയുടെ പോലും ചുമതല തനിക്ക് നല്‍കിയില്ല എന്നും ശോഭാ സുരേന്ദ്രന്‍ ആഞ്ഞടിച്ചു. അമിത് ഷാ തന്റെ സ്വന്തം ജില്ലയായ തൃശ്ശൂരില്‍ വന്നപ്പോള്‍ വേദിയില്‍ മറ്റ് വൈസ് പ്രസിഡന്റുമാര്‍ക്കും വക്താവിനും സ്ഥാനം നല്‍കി.
എന്നാല്‍ തന്നെ സദസില്‍ ഇരുത്തി അപമാനിക്കുകയായിരുന്നു എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വി മുരളീധരന് വേണ്ടിയാണ് തന്നെ ക്രൂശിച്ചതും പൊതു സമൂഹത്തില്‍ അപമാനിച്ചതും എന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നത് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹപ്രകാരമാണെന്നാണ് പറയുന്നത് എന്നും ജാവഡേക്കറിനെ കൊണ്ട് അത് പറയിപ്പിക്കുന്നത് മുരളീധരനാണ് എന്നും ശോഭ തുറന്നടിച്ചു.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
സദസില്‍ ആര് വേണം എന്ന് ലിസ്റ്റ് കൊടുക്കുന്നത് സംസ്ഥാന അധ്യക്ഷനാണ് എന്നും അവലര്‍ പറഞ്ഞു. വി മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രന്‍ നേതാവായത് എന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആളാണ് കെ സുരേന്ദ്രന്‍ എന്നും ശോഭ വ്യക്തമാക്കി. തന്നെ വേണമെങ്കില്‍ പുറത്താക്കാം എന്നും എന്നാല്‍ മാധ്യമങ്ങളോട് എല്ലാം താന്‍ വെളിപ്പെടുത്തും എന്നും ശോഭ മുന്നറിയിപ്പ് നല്‍കി.
90000ല്‍ നിന്ന് 2.5 ലക്ഷം വോട്ടിലേക്ക് താനെത്തിച്ച മണ്ഡലത്തിലെ ഒരു പരിപാടിയിലും തന്നെ പങ്കെടുപ്പിക്കുന്നില്ല എന്നും തനിക്കൊഴികെ ബാക്കി എല്ലാ വൈസ് പ്രസിഡന്റുമാര്‍ക്കും ഉത്തരവാദിത്വങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിന് എതിരെ രംഗത്തെത്തുന്നത്. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ നിരവധി സന്ദര്‍ഭങ്ങളില്‍ ശോഭയെ പാര്‍ട്ടിയില്‍ ഒതുക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കിയിരുന്നില്ല. പിന്നീട് ദേശീയ നേതൃത്വം ഇടപെട്ടാണ് ശോഭയെ മത്സരിപ്പിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയെ പോലുള്ളവര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ് സുരേന്ദ്രന് കൈവന്നിരിക്കുന്നത് എന്നായിരുന്നു ശോഭയുടെ പരസ്യമായ പരിഹാസം.












Click it and Unblock the Notifications