വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: നിഖില്‍ തോമസിനെ പുറത്താക്കി എസ്എഫ്‌ഐ
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ പുറത്താക്കി എസ് എഫ് ഐ. നിഖില്‍ തോമസ് ചെയ്തത് സംഘടനാ പ്രവര്‍ത്തകര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് എന്ന് എസ് എഫ് ഐ പറഞ്ഞു. സംഘടനയെ തെറ്റിദ്ധരിപ്പിക്കുകയാണ് നിഖില്‍ ചെയ്തതെന്നും എസ് എഫ് ഐ കൂട്ടിച്ചേര്‍ത്തു. സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ ആളായി നിഖില്‍ മാറിയെന്നും എസ് എഫ് ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എസ് എഫ് ഐയുടെ കായംകുളം മുന്‍ ഏരിയാ സെക്രട്ടറിയായ നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയിരിക്കുന്നത്. എസ് എഫ് ഐയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയില്‍ നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയാണ് എന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ എസ് എഫ് ഐയുടെ മുഴുവന്‍ ഘടകങ്ങളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു എന്നും തുടര്‍ന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്.
നിഖില്‍ തോമസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത തങ്ങള്‍ക്ക് മുമ്പില്‍ ഉണ്ടായിരുന്നത് എന്നും എസ് എഫ് ഐ പറഞ്ഞു. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെട്ടു.
എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ റെഗുലറായി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ നിഖില്‍ തോമസിന് എങ്ങനെ സാധിച്ചു എന്ന സംശയം എസ് എഫ് ഐയുടെ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നെന്നും അത് മാധ്യമങ്ങളോട് പങ്കുവെച്ചതാണെന്നും പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ ഇത് സംബന്ധിച്ച് വിവരാവകാശം നല്‍കി എന്നും എസ് എഫ് ഐ പറഞ്ഞു.
പിന്നീട് നിഖില്‍ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത് എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഏജന്‍സികള്‍ കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് രാജ്യമാകെ പടര്‍ന്ന് കിടക്കുന്ന മാഫിയാ സംഘമാണെന്നും എസ് എഫ് ഐ ചൂണ്ടിക്കാട്ടി.
ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഒട്ടനേകം പേരില്‍ ഒരാളായി നിഖില്‍ തോമസും മാറി എന്നു വേണം മനസ്സിലാക്കാന്‍ എന്നും എസ് എഫ് ഐ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം നിഖില്‍ തോമസിന് എതിരെ സമഗ്രാന്വേഷണം വേണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. അതിനിടെ നിഖില്‍ തോമസിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications