കേരള ഭാഗ്യക്കുറിയുടെ പേരിൽ എത്തുന്നത് വ്യാജൻ: തട്ടിപ്പോ മൊബൈൽ ആപ്പ് വഴി: കൈ മലർത്തി അധികൃതർ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ വ്യാജ ലോട്ടറി വിൽപന നടത്തി തട്ടിപ്പ്. ഓൺലൈനിലൂടെ ആണ് വ്യാജ ലോട്ടറി വിൽപ്പന നടത്തുന്നത്. കാരുണ്യ, നിർമ്മൽ എന്നീ ലോട്ടറികളുടെ പേരിൽ വ്യാജ ലോട്ടറികൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തുന്നു. മൊബൈൽ ആപ്പ് മുഖേനയാണ് തട്ടിപ്പ്.
കേരളത്തിൽ ഓൺലൈൻ വഴിയുള്ള ലോട്ടറി വിൽപനയ്ക്ക് നിരോധനം നില നിൽക്കുന്നുണ്ട്. ഈ നിരോധനത്തിന് പിന്നാലെയാണ് ഇപ്പോൾ ഓൺലൈൻ വ്യാജ ലോട്ടറി തട്ടിപ്പ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറിയുടെ പേര് ഉപയോഗിച്ച് തന്നെയാണ് ഈ തട്ടിപ്പുകൾ കൂടുതലും എന്നതാണ് മറ്റൊരു പ്രത്യേകത.
ഓൺലൈൻ വഴി കേരള ലോട്ടറി എടുക്കാമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പരസ്യം പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പരസ്യ പ്രചരണം എത്തിയത്.

സംസ്ഥാനത്ത് നിലവിൽ ഓൺലൈൻ ലോട്ടറി വില്പന നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ വിൽപ്പന എങ്ങനെ സാധ്യമാകും എന്നാണ് എല്ലാവരും ചോദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പേരിലുള്ള ലോട്ടറി ആയതിനാൽ ഒറ്റ നോട്ടത്തിൽ ആർക്കും സംശയം തോന്നില്ല എന്നതാണ് വസ്തുത. കേരള ലോട്ടറി ഓൺലൈൻ എന്നാണ് ശ്രദ്ധിക്കപ്പെടുന്ന ഓൺലൈൻ തട്ടിപ്പിന് പേര്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാകും. മികച്ച രീതിയിലുള്ള പ്രതികരണമാണ് ഈ ആപ്പിന് ലഭിക്കുന്നത്.

ഈ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ സംസ്ഥാന സർക്കാരിന്റെ എല്ലാ ലോട്ടറികളും കിട്ടും എന്നതാണ് പ്രത്യേകത. ലോട്ടറി ഫലങ്ങളും ഇതിലൂടെ അറിയുവാൻ സാധിക്കും. കുറഞ്ഞത് 200 രൂപ എങ്കിലും മുടക്കണം ഈ ആപ്പിലൂടെ ലോട്ടറി എടുക്കാൻ. ഇതിന് പുറമേ 40 രൂപയുടെ അഞ്ച് ടിക്കറ്റുകളോ അല്ലെങ്കിൽ ഈ തുകയ്ക്ക് ആനുപാതികമായ മറ്റ് ടിക്കറ്റുകളോ ഉപയോക്താക്കൾക്ക് ലഭിക്കും. ആരും ശ്രദ്ധിക്കില്ല. ആർക്കും അറിയുവാനും കഴിയില്ല. എന്നാൽ, ലോട്ടറി ടിക്കറ്റിലേക്ക് സൂക്ഷിച്ച് നോക്കിയാൽ ഈ തട്ടിപ്പ് തെളിഞ്ഞ് വരുന്നതായി കാണാം.

സർക്കാരിന്റെ ലോട്ടറിക്ക് സമാനമായ രീതിയിലാണ് വ്യാജനും. എന്നാൽ , വ്യാജനിൽ സർക്കാരിന്റെ മറ്റ് മുദ്രയോ ഹോളോഗ്രാമോ ഇല്ല. കേരളത്തിലെ മിക്കവാറും ജനങ്ങളും ലോട്ടറി ടിക്കറ്റുകൾ സ്ഥിരം എടുക്കുന്നവരാണ്. ഇത്തരക്കാർക്ക് കറക്റ്റ് ആയി തന്നെ വ്യാജനെ മനസ്സിലാക്കാൻ പറ്റും എന്നതാണ് ഈ വ്യാജ ലോട്ടറിയുടെ പ്രത്യേകത. വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്ന ആളുകൾക്കും മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്കും വ്യാജനെ പിടികൂടാൻ പ്രയാസമാണ്.

അതേസമയം, കേരള ഭാഗ്യക്കുറിയെ മാത്രം വിശ്വസിച്ച് ആകർഷകമായ സമ്മാനം ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനക്കാരാണ് ഈ വ്യാജ ലോട്ടറി ടിക്കറ്റുകളിൽ പിടി വീഴുക. ഇവർക്കൊപ്പം സാധാരണക്കാരായ മലയാളികളും വ്യാജനിൽ വീഴാറുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ഓൺലൈൻ വഴി വീണ്ടും ലോട്ടറി വിൽപ്പന ആരംഭിച്ചോ എന്ന അന്വേഷണം നടത്തി നോക്കി. അപ്പോഴാണ് ഈ തട്ടിപ്പ് പുറത്ത് ആയത്.

നിലവിൽ കേരള സർക്കാർ ഓൺലൈൻ വഴിയുള്ള ലോട്ടറി വില്പന നിരോധിച്ചിരിക്കുകയാണ് എന്ന് അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിലെ ലോട്ടറിയോടുള്ള വിശ്വാസമാണ് ഓൺലൈൻ തട്ടിപ്പുകാർ ഇത്തരം തട്ടിപ്പിലൂടെ ചൂഷണം ചെയ്യുന്നത്. തട്ടിപ്പുകൾ വ്യാപകമാകുമ്പോൾ സാധാരണക്കാരായ ഭാഗ്യക്കുറി വിൽപ്പനക്കാരുടെ ജീവിതവും വഴിമുട്ടും. ഇത്തരത്തിലുള്ള വ്യാജ ലോട്ടറി വിൽപനക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നതാണ് ഇപ്പോഴുളള ആവശ്യം.












Click it and Unblock the Notifications