മലപ്പുറം പൊന്നാനി സ്‌കൂളില്‍ മകന് എംആര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്തതില്‍ പ്രതിഷേധിച്ച് പിതാവ് പ്രധാനാധ്യാപകനെ മര്‍ദ്ധിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മകന് സ്‌കൂളില്‍വെച്ച് എം.ആര്‍. വാക്‌സിന്‍ കുത്തിവെപ്പെടുത്തതിന്റെ പേരില്‍ പിതാവ് പ്രധാനാധ്യാപകനെ മര്‍ദ്ദിച്ചു. പൊന്നാനി ഫിഷറീസ് എല്‍.പി.സ്‌കൂള്‍ അധ്യാപകനു നേരെയാണ് മര്‍ദ്ദനമുണ്ടായത്.

പൊന്നാനിയില്‍ ഒറ്റ കുട്ടികളും കുത്തിവെപ്പെടുക്കാതിരുന്ന അഴീക്കല്‍ ഫിഷറീസ് എല്‍.പി.സ്‌കൂളിലാണ് ആരോഗ്യ വകുപ്പ് അധികൃതരെത്തി കുത്തിവെപ്പ് നല്‍കിയതിനെത്തുടര്‍ന്ന് രോഷാകുലനായി എത്തിയ രക്ഷിതാവ് പ്രധാനാധ്യാപകനായ സൈതലവിയെ മര്‍ദ്ദിച്ചത്.

saithalavi

മര്‍ദനമേറ്റ പൊന്നാനി ഫിഷറീസ് എല്‍.പി.സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സൈതലവി.

രണ്ടു തവണ രക്ഷിതാക്കളെ വിളിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തിയിട്ടും കുത്തിവെപ്പിന് തയ്യാറാവാതിരുന്ന രക്ഷിതാക്കള്‍ക്ക് രണ്ടു ദിവസം മുമ്പ് നഗരസഭാ ചെയര്‍മാന്‍ സ്വന്തം കുഞ്ഞിന് രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് കുത്തിവെപ്പെടുത്ത് മാതൃക കാണിച്ചതോടെയാണ് വാക്‌സിന്‍ നല്‍കാന്‍ ചിലരെങ്കിലും തയ്യാറായത്.തുടര്‍ന്ന് മിക്ക രക്ഷിതാക്കളും കുത്തിവെപ്പ് നല്‍കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി മറ്റുള്ള കുട്ടികള്‍ക്കും കുത്തിവെപ്പെടുത്തു.

തുടര്‍ന്നാണ് ഒരു രക്ഷിതാവ് രോഷാകുലനായി എത്തുകയും അധ്യാപകരോട് മോശമായി പെരുമാറുകയും ചെയ്തത്. ഇത് തടയാനെത്തിയ പ്രധാനാധ്യാപകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട് പ്രദേശവാസികള്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസില്‍ പരാതി നല്‍കി. എം. ആര്‍. വാക്‌സിനേഷനെതിരെയുള്ള കുപ്രചരണങ്ങളുടെ ഫലമാണ് പ്രധാനാധ്യാപകനു നേരെയുള്ള കൈയ്യേറ്റമെന്ന് അധികൃതര്‍ പറയുന്നു .മൂന്ന് തവണ ആരോഗ്യവകുപ്പ് പ്രചരണം നടത്തിയിട്ടും വാക്‌സിനേഷന്‍ ഈ സ്‌കൂളില്‍ പൂജ്യം ശതമാനം മാത്രമായിരുന്നു .ഒടുവില്‍ നഗരസഭാ ചെയര്‍മാനും അധ്യാപികയും സ്വന്തം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതോടെ സ്‌കൂളിലെ വാക്‌സിനേഷന്‍ കണക്ക് ഒറ്റ ദിവസം കൊണ്ട് 50 ശതമാനത്തിലെത്തി .തുടര്‍ന്നുള്ള കുത്തിവെപ്പാണ് മര്‍ദ്ധനത്തില്‍ കലാശിച്ചത് .

English summary
Father attaked HM for giving MR vaccine to his son

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്