'വടക്കന്‍ സെല്‍ഫി' മോഡല്‍ തട്ടിപ്പ്!! ഡോക്ടര്‍ ചമഞ്ഞ് 30 സ്ത്രീകളില്‍ നിന്ന് തട്ടിയത് 50 ലക്ഷം
പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ റീച്ചാര്‍ജ് ചെയ്ത് നല്‍കിയും പണം ആവശ്യമുണ്ടെങ്കില്‍ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചും വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് തട്ടിപ്പ്.
പത്തനംതിട്ട: പത്തനംതിട്ടയില്‍ വടക്കന്‍ സെല്‍ഫി സിനിമ മോഡലില്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി 30 സ്ത്രീകളില്‍ നിന്നായി 50 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയത്. മലപ്പുറം പാലോട് പൂവ്വത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്.
എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഇയാള്‍ ഡോ. സതീഷ് രാഘവന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയുമായി വിവാഹം ആലോചിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി. ഇതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

മൂന്ന് മാസമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ബസ് ജീവനക്കാരനായിരുന്ന ഇയാള്‍ കുറച്ചു കാലം ഗള്‍ഫിലായിരുന്നു. മടങ്ങി വന്ന ശേഷം നഴ്‌സിങ്, മിഡ് വൈഫറി കോഴ്‌സ് ചെയ്തതായി പറയുന്നു.
വിവാഹ സൈറ്റുകളില്‍ നിന്ന് ബിഎസ് സി നഴ്സുമാരായ പെണ്‍കുട്ടികളുടെ വിവരം ശേഖരിച്ച് അവരെ വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ച് സമീപിക്കുകയായിരുന്നു. ഹൃദയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളുടെയും ബന്ധുക്കളുടെയും മതിപ്പ് നേടുന്നത്.
പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ റീച്ചാര്‍ജ് ചെയ്ത് നല്‍കിയും പണം ആവശ്യമുണ്ടെങ്കില്‍ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചും വിശ്വാസ്യത നേടിയെടുക്കും. അതിനു ശേഷം പെണ്‍കുട്ടികളുടെ എടിഎമ്മും മൊബൈലും കൈക്കലാക്കി അവരുടെ പണം തട്ടിയെടുക്കും. അവരുടെ ഫോണിന് പകരമായി മറ്റൊരു ഫോണും നമ്പറും ഇയാള്‍ നല്‍കുമായിരുന്നു.
തനിക്കെതിരെ തെളിവ് ലഭിക്കാതിരിക്കാനാണ് പെണ്‍കുട്ടികളുടെ ഫോണ്‍ തട്ടിയെടുക്കുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ ആഡംബര ഹോട്ടലിലാണ് ഇയാളുടെ താമസം. വിമാനത്തിലായിരുന്നു യാത്ര. തട്ടിപ്പിനിരയായവരുടെ നിരവധി പരാതികള്‍ ലഭിച്ചതായാണ് വിവരം.












Click it and Unblock the Notifications