കടമെടുപ്പ് പരിധി; കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തണമെന്ന നിർദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചു.
ഇതിന് പിന്നാലെ ചര്‍ച്ചക്ക് തയ്യാറെന്നും കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു. ഇതോടെ കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ചർച്ച നടത്തുകയാണെങ്കിൽ ധനമന്ത്രി ഇന്നോ നാളെയോ ഡൽഹിയിൽ എത്തുമെന്ന് കേരളം അറിയിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അതിനാൽ തന്നെ ഈ ഹർജി തള്ളണമെന്നുമാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്.
എജി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും, ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ മൂന്നാഴ്‌ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണത്തിൽ കേന്ദ്രം കടന്നു കയറുന്നുവെന്നാണ് കേരളത്തിന്റെ പ്രധാന ആക്ഷേപം.
ഇടക്കാല ആശ്വാസമായി കേന്ദ്രം ഫണ്ട് നല്‍കിയില്ലെങ്കില്‍ പിഎഫ് നല്‍കുന്നതില്‍ ഉള്‍പ്പെടെ തടസങ്ങള്‍ നേരിടുമെന്നും കേരളം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കോടതി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
എന്നാൽ കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കുംമെന്നും സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ലെന്നും കേന്ദ്രം മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
കടമെടുക്കാൻ അനുവദിച്ച് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ അപേക്ഷയിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. ഏത് സർക്കാർ സ്ഥാപനം എടുക്കുന്ന വായ്‌പയും സംസ്ഥാന കടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും കേന്ദ്ര ധനകാര്യ മന്ത്രാലയം തള്ളി. കെഎസ്‌ആർടിസി, കെഎസ്‌ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്‌ക്കെടുക്കുന്ന വായ്‌പകൾക്ക് എതിരല്ലെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.












Click it and Unblock the Notifications