ഫിറോസ് ചുട്ടിപ്പാറ ഹോട്ടല്‍ തുടങ്ങുമോ? മന്ത്രിക്ക് ആരാധകരുടെ പ്രിയ വ്ളോഗർ നല്‍കിയ മറുപടി ഇങ്ങനെ
തിരുവനന്തപുരം: പ്രമുഖ ഫുഡ് ഫ്ലോഗർ ഫിറോസ് ചുട്ടിപ്പാറയുടെ 'ലൈവ്' പാചകത്തിന് സാക്ഷ്യം വഹിച്ച് കേരളീയത്തിലെ ഫുഡ്ഫെസ്റ്റ് വേദി. കപ്പയും ബീഫും തത്സമയം ഉണ്ടാക്കിയാണ് 'വില്ലേജ് ഫുഡ് ചാനൽ' എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറ കേരളീയത്തിലെ സൂര്യകാന്തി വേദിയിൽ താരമായത്. റേഡിയോ ജോക്കി ഫിറോസിന്റെയും, ലുലുവിന്റെയും കമന്ററി പരിപാടിക്ക് കൂടുതൽ മിഴിവേകി.
മൂന്ന് മണിക്കൂർ നീണ്ട തൽസമയ ഫുഡ് ഷോയുടെ ഇടയിൽ കാണികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. ലൈവ് ഷോയിൽ ഉണ്ടാക്കിയ കപ്പയും ബീഫും ഏവർക്കും വിളമ്പിയാണ് ഫിറോസ് ഷോ അവസാനിപ്പിച്ചത്.
ഭക്ഷണ ശാലയിലെ പാചകത്തിനിടയിൽ മറ്റു ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങളായ പാലക്കാട്ട് നിന്നുള്ള രാമശ്ശേരി ഇഡലി, കോഴിക്കോടൻ ബിരിയാണി, തിരുവനന്തപുരത്തിന്റെ സ്വന്തം ബോളിയും പായസവും, കുട്ടനാടിന്റെ നാടൻ കരിമീൻ പൊള്ളിച്ചത്, അട്ടപ്പാടിയിൽ നിന്ന് വനസുന്ദരി ഹെർബൽ ചിക്കനും രുചിക്കാൻ മറന്നില്ല.

ലൈവ് പാചകത്തിന് മൂന്നോടിയായി ഫിറോസ് ചുട്ടിപ്പാറ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മന്ത്രിയുടെ ഓഫീസിലെത്തിയാണ് ഫിറോസ് ശിവന്‍കുട്ടിയെ കണ്ടത്. ഫിറോസിനെ മന്ത്രി തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തനിക്കുള്ള നിരവധി സംശയങ്ങളും മന്ത്രി ഫിറോസിനോട് നേരിട്ട് തന്നെ ചോദിച്ചു.
ഭാവിയില്‍ ഹോട്ടല്‍ തുടങ്ങുമോ എന്ന മന്ത്രിയുടെ ചോദ്യത്തിന് താല്‍പര്യമില്ലെന്നായിരുന്നു ഫിറോസിന്റെ മറുപടി. 'ഹോട്ടല്‍ ബിസിനസ് റിസ്‌കാണ്. കഴിക്കുന്ന ഭക്ഷണവിഭാഗങ്ങളുടെ ടേസ്റ്റ് ആളുകള്‍ക്ക് പ്രധാനമാണ്. ടേസ്റ്റ് കൂട്ടാന്‍ മായങ്ങള്‍ ചേര്‍ക്കേണ്ടി വരും. ഞങ്ങള്‍ ഒന്നിലും മായങ്ങള്‍ ഉപയോഗിക്കാറില്ല. അതിന് മനസ് അനുവദിക്കില്ല. മായങ്ങള്‍ ഇല്ലാത്ത ഫുഡിന് ടേസ്റ്റ് കുറവായിരിക്കും. അതുകൊണ്ട് തന്നെ ഹോട്ടല്‍ ബിസിനസിനോട് താല്‍പര്യമില്ല.' മന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.
വലിയ തോതില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഓര്‍ഫനേജുകളില്‍ കൊണ്ട് കൊടുക്കുന്നതാണ് രീതി. പാരമ്പര്യമായി കര്‍ഷകനാണ്. ഭക്ഷണത്തോട് താല്‍പര്യമുള്ളത് കൊണ്ടാണ് വീഡിയോ ചിത്രീകരിച്ച് തുടങ്ങിയത്. മറ്റുള്ളവര്‍ അപ്പര്‍ ക്ലാസ് ഭക്ഷണവിഭാഗങ്ങളാണ് പരിചയപ്പെടുത്തിയിരുന്നത്. അതുകൊണ്ടാണ് നടന്‍ രീതികളിലുള്ള ഭക്ഷണവിഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതെന്നും വി ശിവന്‍ കുട്ടിയോട് ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു. ഇതോടൊപ്പം തന്നെ തന്റേത് പാര്‍ട്ടി കുടുംബമാണെന്നും താന്‍ സിപിഎം അംഗമാണെന്നും ഫിറോസ് മന്ത്രിയോട് വ്യക്തമാക്കി.












Click it and Unblock the Notifications