ഹോട്ടലില്‍ ബീഫ്; ബിജെപി ദേശീയ നേതാവിന്റെ അനുജന്‍ വിവാദത്തില്‍
ദില്ലി: ബീഫ് വിതരണത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളും അക്രമങ്ങളും നടത്തുന്ന ബിജെപിയെ വെട്ടിലാക്കി ബിജെപി ദേശീയ നേതാവിന്റെ അനുജനെതിരെ ആരോപണം. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് വിനോദ് അഗര്‍വാളിന്റെ സഹോദരന്‍ മഹേഷ് അഗര്‍വാള്‍ ആണ് വിവാദത്തില്‍ അകപ്പെട്ടത്.
മഹേഷിന്റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ബീഫ് വിതരണം ചെയ്‌തെന്ന് ആരോപിച്ച് ഒരു ബിസിനസുകാരന്‍ രംഗത്തെത്തിയിരുന്നു. മട്ടന്‍ ഓര്‍ഡര്‍ ചെയ്ത ബിസിനസുകാരന് ലഭിച്ചത് ബീഫ് ആണെന്ന് പറയുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൊറാദാബാദിലെ ഹോളിഡേ റീജന്‍സി ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ദില്ലി സ്വദേശിയായ ബിസിനസുകാരനായ രാജേശ്വര്‍ ആണ് പരാതിക്കാരന്‍. താന്‍ മട്ടന് ഓര്‍ഡര്‍ നല്‍കിയെങ്കിലും ലഭിച്ചത് ബീഫ് ആണെന്ന് ഇദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ സ്റ്റാഫ് ഇക്കാര്യം നിഷേധിച്ചു. ഇതേ തുടര്‍ന്ന് പോലീസ് ഭക്ഷണം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യയിലെ പലഭാഗത്തും ബീഫ് വിതരണത്തിന്റെ പേരില്‍ ബിജെപിയും സംഘ്പരിവാര്‍ അനുകൂല സംഘടനകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദാദ്രിയില്‍ ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു.












Click it and Unblock the Notifications