'ആ ആർട്ടിസ്റ്റ് പണം കൂട്ടി ചോദിച്ചു, ഇതുവരെ കൊടുത്തത് 10 കോടി'; ശ്രീകണ്ഠൻ നായർ, എംജി ശ്രീകുമാറോ എന്ന് ചർച്ച
പല ആർട്ടിസ്റ്റുകളേയും വളർത്തി വഷളാക്കിയതിൽ തനിക്കുമൊരു പങ്കുണ്ടെന്ന് ഫ്ലവേഴ്സ് ടിവി എംഡി ശ്രീകണ്ഠൻ നായർ. അവർക്ക് അർഹതപ്പെടാത്ത പണം നമ്മൾ വെച്ച് നീട്ടുകയും അത് അവർ പിൽക്കാലത്ത് ഒരു അവകാശമാക്കി മാറ്റുകയും ചെയ്തു എന്നുള്ളതാണ് വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ബ്രോഡ്കാസ്റ്റ് ലീഡേഴ്സ് ടോക്ക് എന്ന പരിപാടിക്കിടയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം
കേരളത്തിലെ മിക്ക ആർട്ടിസ്റ്റുകളും ഒരു രൂപ പോലും ടെലിവിഷൻ നിർമ്മാണത്തിനോ സിനിമാ നിർമ്മാണത്തിനോ കുറയക്കാൻ തയ്യാറല്ല. മറ്റുള്ള ഭാഷയിലും അങ്ങനെ തന്നെയാണ്. ഞാൻ എന്റെ പ്രൊഡ്യൂസേഴ്സിനോട് പറയാറുണ്ട് ,നിങ്ങൾ ഒരാളിനെ ഏതെങ്കിലും ഒരു കലാകാരനെ ഒരു ജഡ്ജ് ആയിട്ട് ഒരു പ്രോഗ്രാമിലേക്ക് വിളിച്ചാൽ ഞങ്ങളുടെ കയ്യിൽ ഇത്ര പൈസയേ ഉള്ളൂ, നിങ്ങൾക്ക് വരാൻ താല്പര്യം ഉണ്ടെങ്കിൽ വരൂ, അല്ലെങ്കിൽ നിങ്ങൾ വരാതിരുന്നോളൂ എന്ന് പറഞ്ഞുകൂടെ നിങ്ങൾക്ക് എന്ന് ചോദിച്ചു. അവർക്ക് പേടിയാ, അവർ പറയുന്നത് ഈ ആർട്ടിസ്റ്റ് ഞങ്ങളോട് വല്ലതും പറയും, പ്രൊഡ്യൂസർ മോശമായി പെരുമാറി എന്ന് പറയും നമ്മുടെ പണി പോകും എന്ന്.

ഒരു ആത്മവിമർശനം എന്നുള്ള നിലയിൽ ഞാൻ കാണുന്നത് പല പല ആർട്ടിസ്റ്റുകളെയും വഷളാക്കിയതിൽ എനിക്ക് പോലും ഉത്തരവാദിത്വം ഉണ്ട് എന്നാണ്. കാര്യം അവർക്ക് അർഹതപ്പെടാത്ത പണം നമ്മൾ വെച്ച് നീട്ടുകയും അത് അവർ പിൽക്കാലത്ത് ഒരു അവകാശമാക്കി മാറ്റുകയും ചെയ്തു എന്നുള്ളതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല വേദികളിൽ ഇപ്പോൾ വിദേശ നാടുകളിലൊക്കെ പോയി കഴിഞ്ഞാൽ മിമിക്രി ഒന്നും പഴയ പോലെ വിറ്റുപോകുന്നില്ല. കാര്യം ആളുകൾ 150- 200 പേര് അവര് പൈസ എടുത്ത് പ്രോഗ്രാം നടത്തുകയാണ്.
അടുത്തിടെ ഒരു സംഭവം എൻറെ ഓഫീസിൽ ഉണ്ടായി, ഒരു ആർട്ടിസ്റ്റ് എന്നോട് പറഞ്ഞു അയാൾക്ക് കുറച്ചുകൂടെ കാശ് വേണം എന്ന്. ഞാൻ പറഞ്ഞു നിങ്ങളുടെ കാശ് കുറയക്കാനേ ഇപ്പോ മാർഗ്ഗമുള്ളൂ അല്ലാതെ രക്ഷയില്ല എന്ന് . നമ്മൾ ഓരോ ടെലിവിഷനിൽ വരുന്ന ഓരോ പ്രോഗ്രാമിന്റെയും വരവും ചെലവും കണക്കുകൂട്ടിയാൽ അത് നഷ്ടമാണെന്ന് നമുക്ക് കാണാം. ഞാൻ അത് ഈ മനുഷ്യനെ പറഞ്ഞു മനസ്സിലാക്കി. പുള്ളി പക്ഷേ അത് കേൾക്കാൻ തയ്യാറല്ല. പിന്നീടാണ് എൻറെ അക്കൗണ്ടന്റ് എന്നോട് ഒരു കാര്യം പറഞ്ഞത് പത്ത് കോടി രൂപയാണ് ഈ മനുഷ്യന് ഓഫീസിൽ നിന്ന് കൊടുത്തിട്ടുള്ളത്.10 രൂപ ഈ സ്ഥാപനത്തിന്റെ മെയിൻ ഇൻവെസ്റ്റർമാൻ ഒരാളായ ഗോകുലം ഗോപാലേട്ടന് കിട്ടിയിട്ടില്ല. അതാണ് ശരിക്കും അവസ്ഥ അപ്പോ നമ്മളിൽ ആരാ മണ്ടൻ.
അതാണ് ഞാൻ പറഞ്ഞത് ഒരു ടെലിവിഷൻ അവതാരകനായിട്ട് ഞാൻ നടന്ന കുറെ കാലം ഉണ്ടായിരുന്നു ഒരു ഏഴെട്ട് വർഷം ഏഷ്യാനെറ്റിൽ നടന്ന ഒരു കാലം ഉണ്ടായിരുന്നു, ദൂരദർശനിലും ഉണ്ടായിരുന്നു, എന്തൊരു സമാധാനം ആയിരുന്നു അന്ന്', ശ്രീകണ്ഠൻ നായർ പറഞ്ഞു. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആ ആർട്ടിസ്റ്റ് എംജി ശ്രീകുമാറാണോയെന്നാണ് ചിലർ ചോദിക്കുന്നത്. ഫ്ലവേഴ്സ് ടോപ് സിംഗറിൽ നിന്നും ചാനൽ തന്നെ ഒഴിവാക്കിയതായി നേരത്തേ എംജി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പേര് ചിലർ ചർച്ചയാക്കുന്നത്. ഇക്കാര്യത്തിൽ ചാനൽ ഔദ്യോഗികമായി പ്രതികരിച്ചട്ടില്ല.












Click it and Unblock the Notifications