ചിക്കൻ മന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; വേങ്ങരയിൽ 8 പേർ ആശുപത്രിയിൽ..ഹോട്ടൽ അടപ്പിച്ചു
മലപ്പുറം; വേങ്ങരയിൽ ഭക്ഷ്യവിഷബാധയേറ്റ് 8 പേർ ആശുപത്രിയിൽ. വേങ്ങരയിലെ ഹൈസ്കൂൾ പരിസരത്തുള്ള മന്തി ഹൗസിൽ നിന്നും മന്തി കഴിച്ചവരാണ് ആശുപത്രിയിലാണ്. സംഭവത്തെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു.
രണ്ട് ദിവസം മുൻപാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റത്. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷ കമ്മീഷ്ണർ നിർദ്ദേശം നൽകി.
ഷവർമ്മ വിൽക്കുന്ന സ്ഥാപനങ്ങളിലെ വൃത്തിയ, ഉപയോഗുക്കുന്ന മാം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. ചെറുവത്തൂരിലെ സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ലെന്നും കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂര്‍ ചെറുവള്ളൂര്‍ സ്വദേശിനിയായ ദേവനന്ദ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 30 പേർ അവശനിലയിലായിരുന്നു. ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാറിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കടക്കും കടയിലേക്ക് കോഴി വിതരണം ചെയ്ത ഇറച്ചിക്കടക്കും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരു കടകളും അടച്ച് പൂട്ടിയുട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ ചിക്കൻ സെന്ററിൽ നിന്നാണ് കൂൾ ബാറിലേക്ക് കോഴി വിതരണം ചെയ്തത്.
സംഭവത്തിൽ ഇതുവരെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ മാനേജിങ് പാട്ണറായ അനസിനേയും ഷവർമ്മ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായിയേയുമാണ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിംഗ് പാട്ണറേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ സ്ഥാപനത്തിന്റെ ഉടമയായ കാലുക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനേയും പ്രതി ചേർക്കുമെന്നാണ് വിവരം. ഇയാൾ നിലവിൽ വിദേശത്താണ്.