കാപ്പന്‍ ചര്‍ച്ചയിലില്ല; കോണ്‍ഗ്രസ് നേതാക്കള്‍ വരും, എന്‍സിപി അധ്യക്ഷനായ ശേഷം പിസി ചാക്കോ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെത്തിയ പിസി ചാക്കോയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ടിപി പീതാംബരന്‍ മാസ്റ്ററായിരുന്നു ഇതുവരെ പ്രസിഡന്റ്. അദ്ദേഹം തിരഞ്ഞെടുപ്പ്, സ്ഥാനാര്‍ഥി, മന്ത്രിപദവി തുടങ്ങിയ ചര്‍ച്ചകളില്‍ സജീവമായിരുന്നു. എന്നാല്‍ പിസി ചാക്കോ എന്‍സിപി അധ്യക്ഷനായാല്‍ കേരളത്തില്‍ പാര്‍ട്ടി ശക്തിപ്പെടുമെന്നാണ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്. അതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളെയാണ് എന്‍സിപി ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരുമെന്ന് പിസി ചാക്കോ പറഞ്ഞു. എല്‍ഡിഎഫില്‍ പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിപദവി വീതംവയ്ക്കില്ല. അടുത്ത അഞ്ച് വര്‍ഷവും എകെ ശശീന്ദ്രന്‍ തന്നെയാകും മന്ത്രി എന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടില്‍ നിന്ന് ജയിച്ച തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് നേരത്തെ ചില വാര്‍ത്തകളുണ്ടായിരുന്നു.
കഴിഞ്ഞ പിണറായി സര്‍ക്കാരിലും എകെ ശശീന്ദ്രന്‍ മന്ത്രിയായിരുന്നു. ഗതാഗത വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വകുപ്പ് മാറി. വനം വകുപ്പാണ് എകെ ശശീന്ദ്രന് ലഭിച്ചിരിക്കുന്നത്. വനം വകുപ്പ് ലഭിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു. മാണി സി കാപ്പനെ തിരിച്ചെടുക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നില്ല. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. എല്‍ഡിഎഫില്‍ തുടരാനാണ് എന്‍സിപി തീരുമാനിച്ചത്. എന്നാല്‍ രാജിവച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫിന്റെ ഭാഗമാകുകയാണ് മാണി സി കാപ്പന്‍ ചെയ്തത്. മാണി സി കാപ്പനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്ന് പിസി ചാക്കോ പറഞ്ഞു.












Click it and Unblock the Notifications