കഴിഞ്ഞ മാസം കോഴിക്കോട് വന്ന് ഹല്‍വയും വാങ്ങിപ്പോയി; ഇക്കാ.... വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ...
കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ-മിമിക്രി-ടെലിവിഷന്‍ ലോകം. ഇന്നലെ രാത്രിയിലാണ് പുതിയ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹത്തെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ വാര്‍ത്ത കേട്ട സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. പരസ്പരം അത് സത്യമാണോ എന്ന് വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു.
സിനിമകളില്‍ ഉള്‍പ്പെടെ സജീവമായിരുന്നിട്ടും എന്താണ് പെട്ടെന്നുള്ള മരണ കാരണമെന്ന് അറിയാത്ത അങ്കലാപ്പിലായിരുന്നു എല്ലാവരും. എല്ലാവരോടും ചിരിയോടെ, ഊഷ്മളമായി പെരുമാറുന്ന നവാസിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നീറുകയാണ് ഉറ്റവരും സുഹൃത്തുക്കളും. ആരോഗ്യം നന്നായി ശ്രദ്ധിക്കുന്ന നവാസിനെ 51-ാം വയസില്‍ മരണം തേടിയെത്തിയതും ആര്‍ക്കും വിശ്വസിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ എങ്ങനെ ഈ വിയോഗ വാര്‍ത്ത അറിയിക്കുമെന്ന ആശങ്കയിലായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവര്‍.

സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് നവാസിനെ അനുസ്മരിക്കുന്നത്. 51 വയസിലും ഒരു ചെറുപ്പക്കാരന്റെ പ്രസന്നതയോടെയും ഊര്‍ജത്തോടെയും പെരുമാറിയിരുന്ന നവാസിനെയാണ് എല്ലാവരും ഓര്‍ത്തെടുന്നത്. എല്ലാവരോടും ആരോഗ്യം ശ്രദ്ധിക്കണമെന്നും നവാസ് ഓര്‍മിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നവാസിന്റെ മരണത്തില്‍ അനുശോചിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. 'സിനിമാ, സീരിയല്‍ താരം കലാഭവന്‍ നവാസിന്റെ അകാലവിയോഗം ദുഃഖകരമാണ്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം ഹാസ്യാനുകരണ കലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി. സ്റ്റേജ് ഷോകളിലൂടെ നിരവധി പേരുടെ മനം കവര്‍ന്നു. പുരോഗമന, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കലാകാരന്‍ കൂടിയായിരുന്നു നവാസ്'. ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
നടി സീമ ജി നായര്‍ ഹൃദയം തൊടുന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത് - കലാഭവന്‍ നവാസ് അന്തരിച്ചു. ആദരാഞ്ജലികള്‍. ലാസ്റ്റ് ഡിക്റ്റക്റ്റീവ് ഉജ്ജ്വലനില്‍ ഒരുമിച്ച് അഭിനയിച്ചു. എത്ര വര്‍ഷമായി പരിചയമുള്ള നവാസ്. അയ്യോ ഓര്‍ക്കാന്‍ പറ്റുന്നില്ല, സഹിക്കാന്‍ പറ്റുന്നില്ല, വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ ദൈവമേ.
നടന്‍ നിര്‍മല്‍ പാലാഴി അദ്ദേഹത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ പങ്കുവെച്ചു. കഴിഞ്ഞ മാസം കോഴിക്കോട് വന്ന് പാരഗണ്‍ ഹോട്ടലിലെ ബിരിയാണി ഒരുമിച്ചു കഴിച്ചു പാളയത്തില്‍ നിന്ന് ഹല്‍വയും വാങ്ങിച്ചു വീട്ടില്‍ പോയി വീട്ടില്‍ എത്തിയപ്പോ വീണ്ടും വിളിച്ചു ഹല്‍വയുടെ രുചിയെ കുറിച്ച് ഒരുപാട് സംസാരിച്ചു രഹന ഇത്താക്ക് ഫോണ്‍ കൊടുത്തു. അവരും സന്തോഷം അറിയിച്ചു. കോഴിക്കോട് ഷൂട്ട് ഇനിയും ബാക്കിയുണ്ട് അപ്പോള്‍ വീട്ടില്‍ വരാം പുതിയ വീട് കാണണം, ഫുഡ് കഴിക്കണം എന്നൊക്കെ പറഞ്ഞു പോയ ആളാ... കാണുമ്പോള്‍ ഡാ ഹെല്‍ത്ത് ശ്രദ്ധിക്കണം ഭക്ഷണം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു. ഒരു ഏട്ടന്റെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന ന്റെ ഇക്കാ.... വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ... ഇതായിരുന്നു നിര്‍മലിന്റെ വാക്കുകള്‍.
സംവിധായകന്‍ രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റ്: നവാസ് ഓര്‍മ്മയായി. എന്റെ ജൂനിയര്‍ മാന്‍ഡ്രേക് സിനിമയിലൂടെയാണ് നവാസ് പ്രധാന വേഷത്തില്‍ എത്തുന്നത്. പിന്നീട് ധാരാളം സിനിമകളില്‍ അഭിനയിച്ചു. നവാസിന്റെ ഭാര്യയും എന്റെ സിനിമയിലൂടെയാണ് നായിക ആവുന്നത്. (കുടുംബ വര്‍ത്തകള്‍) കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നു. നല്ലോര്‍മ്മകള്‍ ബാക്കിയാക്കി നവാസ് മടങ്ങി.
ദിലീപ്, സുരാജ് വെഞ്ഞാറമ്മൂട്, നാദിര്‍ഷ, സാജന്‍ പള്ളുരുത്തി ഉള്‍പ്പെടെയുള്ളവരും സമൂഹ മാധ്യമത്തിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. എന്റെ സഹോദരന്‍ പോയി എന്നാണ് നവാസിന്റെ ഉറ്റസുഹൃത്തായ ടിനി ടോം കുറിച്ചത്. നവാസേ... എന്തു പോക്കാടാ ഇത്? എന്നാണ് നാദിര്‍ഷ കുറിച്ചത്.












Click it and Unblock the Notifications