ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞു.. എന്നിട്ടും രക്ഷയില്ല; കേരളത്തില്‍ ഇന്ധനവില കൂടും, കാരണമിത്
മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ഒമ്പത് മാസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്

കൊച്ചി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുന്നു. സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിലെ പ്രതിസന്ധി റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 1.33 ഡോളര്‍ കുറഞ്ഞിരുന്നു. ഇതോടെ ഇത് 72.32 ഡോളറിലേക്ക് വീഴുകയും ചെയ്തു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിലും വില കുറഞ്ഞിരിക്കുകയാണ്.
നിലവില്‍ ഡബ്ല്യു ടി ഐ ക്രൂഡ് വീപ്പയ്ക്ക് 1.38 ഡോളര്‍ കുറഞ്ഞ് 66.23 ഡോളറില്‍ ആണ് ഉള്ളത്. കഴിഞ്ഞ 15 മാസത്തിനിടെ ആദ്യമായാണ് ഇത്രയും വില കുറയുന്നത്. അടുത്തിടെ ആഗോള ബാങ്കിങ് രംഗത്തുണ്ടായ ഇടിവ് മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാകും എന്ന ആശങ്കയിലാണ് എണ്ണ വിപണിയും ഇടിയാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യം വന്നാല്‍ എണ്ണ ഉപഭോഗത്തേയും സാരമായി ബാധിക്കും.
അതേസമയം എണ്ണ വില ബാരലിന് 73 ഡോളര്‍ വരെയായി കുറഞ്ഞെങ്കിലും പ്രാദേശിക വിപണിയില്‍ ഇന്ധന വിലകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര എണ്ണ വിലയില്‍ കുറവ് വന്നാലും പ്രാദേശിക വിപണിയില്‍ അത് പ്രതിഫലിക്കണം എന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ നിലവിലെ വിലയിടിവില്‍ തന്നെ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

അതിനാല്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ സാധ്യതയില്ല. മുന്‍കാലങ്ങളിലും അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ ചില്ലറ വില്‍പ്പന വിലയില്‍ ആനുപാതികമായ കുറവ് അപൂര്‍വമായി മാത്രമെ ഉണ്ടാകാറുള്ളൂ. അതിനിടെ കേരളത്തില്‍ ഇനി ഇന്ധനവില വര്‍ധിക്കാന്‍ പോവുകയാണ്. അടുത്ത മാസത്തോടെ ഇന്ധനവിലയില്‍ രണ്ട് രൂപയുടെ വര്‍ധനവ് ആണ് കേരളത്തില്‍ ഉണ്ടാകുക.
സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക സെസ് വരുന്നതാണ് ഈ വില വര്‍ധനവിന് കാരണം. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 2022 മാര്‍ച്ചില്‍ ബാരലിന് 139 ഡോളര്‍ വരെ എത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ക്രൂഡ് വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും വില കുറക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല.
Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബാരലിന് 139 ഡോളര്‍ എത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. അതിനിടെ 2022 മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു.
ഇത് ജനങ്ങള്‍ക്ക് അല്‍പം ആശ്വാസം നല്‍കിയിരുന്നു. എങ്കിലും രാജ്യത്ത് ഒന്നര വര്‍ഷത്തോളമായി പെട്രോള്‍, ഡീസല്‍ വില നൂറ് രൂപക്ക് മുകളിലാണ്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഒമ്പത് മാസത്തോളമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്.












Click it and Unblock the Notifications