അവസാനിക്കാത്ത ഇന്ധനവില വര്‍ദ്ധനവ്; ഇന്നും കൂട്ടി, ഒരു മാസത്തിനിടെ ഡീസലിന് വര്‍ദ്ധിച്ചത് 9 രൂപ
തിരുവനന്തപുരം: സാധാരണക്കാരെ പൊറുതിമുട്ടിച്ച് ഇന്ധനവില വീണ്ടും കുതിക്കുന്നു. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 111 രൂപ കടന്നു. തിരുവനന്തപുരത്ത് പുതിയ വില പെട്രോളിന് 111.24 രൂപയാണ്. ഡീസലിന് 104.62 രൂപയുമാണ്.
കോഴിക്കോട് പെട്രോളിന് 110.17 രൂപയായി. ഡീസലിന് 103.63 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 109.57 രൂപയും ഡീസലിന് 103.47 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 9 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോള എണ്ണവിലയും കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് സൂചന. ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് ആഗോള എണ്ണവില.

ഇന്ധനവില വര്‍ദ്ധനവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇതിനൊരു പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ഇന്ധവില ഉയരുന്നതോടെ പച്ചക്കറിയടക്കമുള്ളവയ്ക്ക് വില കുതിക്കുകയാണ്. വില കുറയ്ക്കാനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഇയരുന്നത്.
അതേസമയം, ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ ഇതിനെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ് ചെയ്തത്. ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധിക്കുന്നത്. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് വേണ്ടെതെന്നാണ് കേരളം നിലപാടെടുത്തത്.
പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍/ ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാം- സംസ്ഥാന ധമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications