ഗാന്ധി, നെഹ്‌റു, ഇന്ദിര, രാജീവ്.. ഈ പേരുകൾ പോലും മോദിയുടെ ഉറക്കം കെടുത്തുന്നുണ്ട്; കെസി വേണുഗോപാൽ
ദില്ലി; ഇന്ത്യൻ കായിക രംഗത്തെ പരമോന്നത പുരസ്കാരനായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് പുനർനാകരണം ചെയിരിക്കുന്നത്. തനിക്ക് ലഭിച്ച അപേക്ഷകളെ തുടർന്നാണ് പേര് മാറ്റൽ നടപടിയെന്നായിരുന്നു പ്രധാനമന്ത്രി വിശദീകരിച്ചത്. എന്നാൽ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് കോൺഗ്രസ്. മതേതര മൂല്യങ്ങൾക്കും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും പടിയടച്ച് പിണ്ഡം വെക്കുകയാണ് ബിജെപിയുടെ മുഖ്യ അജണ്ടയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രൂക്ഷവിമർശനമാണ് കെസി വേണുഗോപാൽ ഉയർത്തിയത്.

മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിര, രാജീവ്- ഈ പേരുകൾ പോലും മോദിയുടെ ഉറക്കം കെടുത്തുന്നുണ്ടെന്ന് കെസി പരിഹസിച്ചു. മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സ്വന്തം പേര് പുനഃനാമകരണം ചെയ്‌ത് സ്വയം ഉദ്‌ഘാടനം ചെയ്‌തവരാണ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച, ഇന്ത്യയുടെ ചരിത്രത്തിലെ വികസന നായകന്റെ പേരിലുള്ള പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നത്. ആ ഓർമ്മകൾ പോലും മായ്‌ച്ച് കളയാനാണ് ഈ പ്രഹസനങ്ങളെങ്കിൽ, അത് പാഴ്‌വേലയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ധരിക്കുന്ന വസ്‌ത്രത്തിൽ പോലും സ്വർണ്ണലിപികളിൽ സ്വന്തം പേര് കൊത്തിവെച്ച അൽപ്പന്മാർ വിസ്‌മരിക്കുന്നു.ഗാന്ധിജിയും നെഹ്‌റുവും ഇന്ദിരയും രാജീവുമൊക്കെ ജീവിക്കുന്നത് ഈ ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിലാണെന്ന്. അവരുടെ പേര് ചരിത്രത്തിന്റെ താളുകളിൽ കൊത്തിവെച്ചത് കാലമെന്ന നീതിമാനാണെന്ന്.
ആ നീതിമാന്റെ കാവ്യ നീതി അൽപ്പന്മാരെത്തേടി എത്തുക തന്നെ ചെയ്യുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇപ്പോഴത്തെ കേന്ദ്രസർക്കാർ നടപടി ഒരിക്കലും ധ്യാൻ ചന്ദിനോടുള്ള ആദരവല്ലെന്നും നടപടിക്ക് പിന്നിൽ കടുത്ത കോൺഗ്രസ് വിരോധം മാത്രമാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. പുതുതായി ചിന്തിക്കാനും നടപ്പിലാക്കാനും ഇല്ലാത്തവർ ഇത്തവരം അടലുകൾ പുറത്തെടുത്ത് ഭക്തൻമാരെ സന്തോഷിപ്പിക്കാൻ നോക്കുമെന്നും പക്ഷേ എത്ര ശ്രമിച്ചാലും ചരിത്രം മാറ്റാൻ കഴിയില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
'ഇങ്ങനെ ഭയപ്പെടരുത്, ഇന്ത്യയുടെ ചരിത്രത്തെ. കോൺഗ്രസ്സിനെ.മേജർ ധ്യാൻ ചന്ദിന്റെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തുന്നതിലല്ല പ്രതിഷേധം, അത് ഉചിതമാണ് താനും. എന്നാൽ അതൊരിക്കലും രാജീവ് ഗാന്ധിയെ അപമാനിച്ചുകൊണ്ടാകരുതെന്ന് മാത്രം,കെസി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications