• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃശൂര്‍ വലപാടത്ത് പെട്രോൾ വാതക ചോർച്ച; മുള്‍മുനയിലായ രാത്രി, വാതകം മാറ്റി, ഒഴിവായത് വൻ അപകടം

  • By desk

തൃശൂര്‍: വലപ്പാട് കോതകുളത്ത് കണ്ടെയ്‌നര്‍ ലോറിക്ക് പുറകിലിടിച്ച ടാങ്കര്‍ ലോറിയില്‍നിന്ന് പെട്രോള്‍ വാതക ചോര്‍ച്ച. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. കോതകുളം ദേശീയപാതയില്‍ ഇന്നലെ രാത്രി പതിനൊന്നേകാലോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയില്‍നിന്ന് പന്ത്രണ്ടായിരം ലിറ്റര്‍ പെട്രോളുമായി കൊണ്ടോട്ടിയിലേക്ക് പോയിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

കോതകുളം സെന്ററിന് തെക്കുഭാഗത്ത് വെച്ച് മുന്‍പിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറി പൊടുന്നനെ ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് കണ്ടെയ്‌നര്‍ ലോറിയുടെ വലതുഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ കാബിന്റെ ഇടതുഭാഗവും, മൂന്ന് അറകളില്‍ ആദ്യത്തെ അറയും തകര്‍ന്നു. തകര്‍ന്ന പന്ത്രണ്ടായിരം ലിറ്ററില്‍ അയ്യായിരം ലിറ്റര്‍ സംഭരിച്ചിരുന്ന അറയാണ് തകര്‍ന്നത്. പൊളിഞ്ഞ അറയില്‍നിന്ന് പെട്രോള്‍ അതിവേഗത്തില്‍ റോഡിലേക്ക് ഒഴുകി. വിവരമറിഞ്ഞ് വലപ്പാട് പോലീസും, തുടര്‍ന്ന് നാട്ടിക ഫയര്‍ ആന്റ് റസ്‌ക്യു സ്‌റ്റേഷനില്‍നിന്ന് മൂന്ന് ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി.

അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. കൈയുടെ ഞരമ്പ് മുറിഞ്ഞ െ്രെഡവര്‍ പാലക്കാട് കൊടുവായൂര്‍ സ്വദേശി പൂശാരികുളമ്പില്‍ വീട്ടില്‍ സാജനെ ഉടന്‍തന്നെ ചെന്ത്രാപ്പിന്നി നന്മ പ്രവര്‍ത്തകര്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നര്‍ ലോറി െ്രെഡവര്‍ക്ക് പരുക്കേറ്റില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറിയുടെ അറക്കുണ്ടായ ചോര്‍ച്ച അടക്കാനുള്ള ശ്രമം തുടങ്ങി.ഇത് വിഫലമായത്തോടെ ഫയര്‍ഫോഴ്‌സും,പൊലീസും കൊച്ചിന്‍ റിഫൈനറിസിലെ വിദഗ്ദരുടെ സഹായം തേടുകയായിരുന്നു.

ഇന്നുപുലര്‍ച്ചെ ഒന്നേകാലോടെ റിഫൈനറീസിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി. തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിച്ച മറ്റൊരു ടാങ്കറിലേക്ക് പെട്രോള്‍ പകര്‍ത്താന്‍ തുടങ്ങി.മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരക്കാണ് ടാങ്കര്‍ ലോറിയിലെ പെട്രോള്‍ പൂര്‍ണമായും മാറ്റാനായത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് വേണ്ടി അന്നമനട ബാലുശ്ശേരിയിലെ എസ്.എന്‍ ഗ്രൂപ്പ് കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്നതാണ് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി.

ആറരമണിക്കൂര്‍ നീണ്ട ഭീതിതമായ രാത്രി

ടാങ്കര്‍ ലോറിയില്‍ നിന്നുള്ള പെട്രോള്‍ വാതക ചോര്‍ച്ച കോതകുളത്ത് ജനങ്ങള്‍ക്ക് സമ്മാനിച്ചത് ആറരമണിക്കൂര്‍ നീണ്ട ഭീതിതമായ രാത്രി. പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ഒടുവില്‍ കൊച്ചിന്‍ റിഫൈനറിസിലെ വിദഗ്ദരും കരുതലോടെ നടത്തിയ പ്രയത്‌നമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രാത്രി പതിനൊന്നേകാല്‍ മുതല്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു വലപ്പാട് കോതകുളം പ്രദേശത്തെ ജനങ്ങള്‍. അപകടവാര്‍ത്ത അറിഞ്ഞതിനേക്കാള്‍ പെട്രോള്‍ വാതകം ചോര്‍ന്നെന്ന വാര്‍ത്തയാണ് ജനങ്ങളെ നടുക്കിയത്.

കരുതലോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് വലപ്പാട് സി.ഐ ടി.കെ ഷൈജു, എസ്.ഐ ഇ.ആര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും,നാട്ടിക ഫയര്‍ഫോഴ്‌സും നടത്തിയത്. ഫയര്‍ എഞ്ചിന്‍ ഒന്നൊന്നായി ടാങ്കറിലെ അറയ്ക്കുള്ളില്‍ നിന്ന് പുറത്തേക്കൊഴുകിയ പെട്രോളിലേക്ക് അതിവേഗത്തില്‍ വെള്ളം ഒഴിച്ചാണ് അപകടഭീഷണി ഒഴിവാക്കിയത്. പെട്രോളിനൊപ്പം കലര്‍ന്ന വെള്ളം ദേശീയപാതയോരത്തും, സമീപത്തെ വീടുകളിലേക്കും ഒഴുകിതുടങ്ങിയതോടെ പ്രദേശം രൂക്ഷഗന്ധത്തില്‍ അമര്‍ന്നു.

ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ ധരിച്ചിരുന്ന മുണ്ടുരിഞ്ഞ് ലോറിയുടെ ചോര്‍ച്ച അടക്കാന്‍ നടത്തിയ ശ്രമവും പാഴായി. ശരീരം നിറയെ പെട്രോള്‍ നനഞ്ഞതോടെ നേരിയ തോതില്‍ പൊള്ളലേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിന്റെ രൂക്ഷത മനസിലാക്കി അന്തിക്കാട്, കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി, മതിലകം സ്‌റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസ് ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി.

തൃപ്രയാറില്‍ നിന്നും എടമുട്ടത്ത് നിന്നും കിഴക്ക്പടിഞ്ഞാറ് ടിപ്പുസുല്‍ത്താന്‍ റോഡുകള്‍ വഴി പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. പ്രദേശത്തെ വീടുകളില്‍ എത്തിയ പൊലീസുകാര്‍ ജനങ്ങളോട് അപകടത്തിന്റെ വ്യാപ്തിയെ കുറിച്ച് മനസിലാക്കികൊടുത്തു. തീപ്പെട്ടി,ലൈറ്റര്‍ ഉപയോഗിക്കുന്നതും,വൈദ്യുത വിളക്കുകള്‍ കത്തിക്കുന്നതും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അതേസമയം ടാങ്കര്‍ ലോറിയില്‍ അധികമായി ഒരു െ്രെഡവര്‍ ഇല്ലാതിരുന്നത് ആളപായവും ഒഴിവാക്കി. ആറര മണിക്കൂര്‍ നീണ്ട കഠിനപ്രയത്‌നത്തിനൊടുവില്‍ രാവിലെ അഞ്ചരയോടെയാണ് തകര്‍ന്ന അറയില്‍ ബാക്കിയുണ്ടായിരുന്ന പെട്രോള്‍ കൊച്ചിയില്‍ നിന്നെത്തിച്ച മറ്റൊരു ടാങ്കറിലേക്ക് മാറ്റാനായത്. ഭീതിയുടെ മുള്‍മുനയിലാക്കിയ രാത്രിക്ക് ശേഷം ആശ്വാസത്തിന്റെ പകല്‍ ലഭിച്ച സന്തോഷത്തിലായിരുന്നു ഈസമയം ജനങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തകരും.

English summary
Gas tanker accident in thrissur vallapad; gas leaked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more