സ്വര്‍ണം കേന്ദ്രം തൊട്ടില്ല; ജിഎസ്ടി നിരക്ക് ഇങ്ങനെ, ആഭരണം വാങ്ങുന്നതിന് മുമ്പ് അറിയേണ്ട കാര്യം
ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വലിയ പരിഷ്‌കാരത്തിനാണ് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മിക്ക വസ്തുക്കളുടെയും വില കുറയും. 5, 12, 18, 28 എന്നീ നിരക്കുകളിലുണ്ടായിരുന്ന ജിഎസ്ടി 5, 18 എന്നീ നീരക്കുകളിലേക്ക് പുതുക്കി നിശ്ചയിച്ചു. ഇനി ഈ രണ്ട് സ്ലാബുകളില്‍ മാത്രമേ ജിഎസ്ടിയുണ്ടാകൂ. അതേസമയം, ആഡംബര വസ്തുക്കള്‍ക്ക് 40 ശതമാനം എന്ന പുതിയ സ്ലാബ് ഒരുക്കിയിട്ടുണ്ട്.
സ്വര്‍ണത്തിന്റെ ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തണം എന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ശതമാനമാക്കി കുറയ്ക്കണം എന്നായിരുന്നു അവരുടെ ആവശ്യം. അതേസമയം, അഞ്ച് ശതമാനമാക്കി ഉയര്‍ത്തുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ 56ാം ജിഎസ്ടി കൗണ്‍സില്‍ സ്വര്‍ണത്തിന്റെ നികുതി നിരക്കില്‍ തൊട്ടില്ല. അറിയാം എത്രയാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി എന്ന്...

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ജിഎസ്ടി നിരക്ക് മൂന്ന് ശതമാനമാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയുടെ അഞ്ച് ശതമാനവും ജിഎസ്ടിയുണ്ട്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. ആഘോഷ സീസണില്‍ ജിഎസ്ടി നിരക്ക് ഉയര്‍ത്താതിരുന്നത് ജ്വല്ലറി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായി. അതേസമയം, കുറയ്ക്കണം എന്ന ആവശ്യം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചതുമില്ല.
ഒരു പവന്‍ ആഭരണത്തിന് 78000 രൂപ കണക്കാക്കിയാല്‍, അതിന്റെ ജിഎസ്ടി നിരക്ക് ഏകദേശം 2600 രൂപയില്‍ താഴെ വരും. സ്വര്‍ണത്തിന് മാത്രം 2340 രൂപ വരും ജിഎസ്ടി. പണിക്കൂലി അഞ്ച് ശതമാനം കണക്കാക്കിയാല്‍ 3900 രൂപയാണ്. ഇതിന്റെ അഞ്ച് ശതമാനം 200 രൂപയില്‍ താഴെ വരും. അതായത് ഒരു പവന്‍ ആഭരണത്തിന് മൊത്തം ജിഎസ്ടി 2550 രൂപയാകും. സ്വര്‍ണത്തിന്റെ അളവില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് ജിഎസ്ടിയില്‍ മാറ്റമുണ്ടാകും.
പലതിനും വില കുറയും, 22 മുതല്‍ പ്രാബല്യത്തില്‍
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കിയാണ് കുറച്ചത്. അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്തുക്കളിലൊന്ന് സ്വര്‍ണ-വജ്ര ആഭരണങ്ങളാണ്. താരിഫ് പോരില്‍ ഈ മേഖലയ്ക്ക് ക്ഷീണം ഇല്ലാതിരിക്കാന്‍ ഡ്രോബാക്ക് ഡ്യൂട്ടി കേന്ദ്രം അടുത്തിടെ അല്‍പ്പം ഉയര്‍ത്തിയിരുന്നു.
മൊത്തം വസ്തുക്കളുടെ ജിഎസ്ടി പരിഷ്‌കരിച്ചത് വിപണിക്ക് ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. നേരത്തെ 28 ശതമാനം നികുതി ഉണ്ടായിരുന്ന കാറുകള്‍, ബൈക്കുകള്‍ എന്നിവയ്ക്ക് 18 ശതനമാക്കി കുറച്ചിട്ടുണ്ട്. ഇതോടെ ചെറുകിട വാഹനങ്ങളുടെ വിലയില്‍ കുറവ് വരും. പലചരക്ക് വസ്തുക്കള്‍, സോപ്പ്, സിമന്റ് എന്നിവയുടെ നികുതിയിലും കുറവ് വരുന്നത് ജനങ്ങള്‍ക്ക് നേട്ടമാകും.
വസ്തുക്കളുടെ വില കുറയുന്നതോടെ ഉപഭോഗം കൂടുകയും വിപണി സജീവമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഓഹരി വിപണിയില്‍ വലിയ കുതിപ്പോടെയാണ് വ്യാപാരം ആരംഭിച്ചത് എന്നത് നല്ല സൂചനയായി കണക്കാക്കുന്നു. അതേസമയം, പാന്‍ മസാല, സിഗരറ്റ്, മദ്യം, സ്വകാര്യ വിമാനം, ആഡംബര നൗക എന്നിവയ്‌ക്കെല്ലാം 40 ശതമാനമാക്കി നികുതി കൂട്ടിയിട്ടുണ്ട്.












Click it and Unblock the Notifications