സ്വർണപ്പണയം: പണയമെടുത്തയാള്‍ മരിച്ചാല്‍ കടം എന്ത് ചെയ്യും, ലേലം എപ്പോള്‍, പുതിയ നിർദേശങ്ങള്‍ വരുന്നു
സ്വർണപ്പണയം സ്വീകരിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്കായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ലോണ്‍ എടുത്ത വ്യക്തി മരിച്ചാല്‍ കുടിശ്ശികയുള്ള കടം തീർപ്പാക്കൽ, സ്വർണം ലേലം വെച്ച് മിച്ചം വരുന്ന തുക തിരികെ നല്‍കല്‍ തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ആർബിഐ ഉടന്‍ മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും എന്നാണ് റിപ്പോർട്ട്.
നിബന്ധനകളും വ്യവസ്ഥകളും പ്രാദേശിക ഭാഷയില്‍ തന്നെ ഇടപാടുകാരെ പറഞ്ഞ് മനസ്സിലാക്കണമെന്നും ആർബിഐ നിർദേശിക്കും. ബിപി കനുങ്കോ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ബാങ്ക് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സ്ഥിരതയുള്ള നയം ഉറപ്പാക്കുകയെന്നതാണ് നിർദേശങ്ങളുടെ പ്രാഥമിക ലക്ഷ്യം.

ജൂൺ 5-നാണ് മുൻ ഡെപ്യൂട്ടി ഗവർണർ ബിപി കനുങ്കോ ഇത്തരം സ്ഥാപനങ്ങളിൽ ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകള്‍ ആർബിഐക്ക് മുമ്പാകെ പങ്കുവെച്ചത്. റിപ്പോർട്ടിലെ ഒരു പ്രധാന നിർദ്ദേശം സ്വർണ്ണ വായ്പ കമ്പനികൾക്കുള്ള വായ്പകളും അഡ്വാൻസും ആയിരുന്നു. ജൂലൈ ഏഴിനകം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ആർബിഐ അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
കടം വാങ്ങുന്നയാൾ മരണപ്പെട്ടാൽ, പണയം വെച്ച സ്വർണം ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശിക തീർക്കാൻ നോമിനിക്കോ നിയമപരമായ അവകാശിക്കോ നോട്ടീസ് നൽകാമെന്നാണ് കനുങ്കോ കമ്മിറ്റി ശുപാർശ ചെയ്യുന്നത്. സ്വർണം ലേലത്തിന് മുമ്പുള്ള അറിയിപ്പ് നടപടിക്രമങ്ങൾ നിർബന്ധമായും പാലിക്കണം. ഇതിനായി, ലോണുകൾ നൽകുമ്പോൾ തന്നെ സ്വർണ്ണ വായ്പ കമ്പനികൾ നോമിനികളുടെ പേരും രജിസ്റ്റർ ചെയ്യിപ്പിക്കണം.
ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രമായിരിക്കണം സ്വർണം ലേലം ചെയ്യേണ്ടത്. "രണ്ട് കോൺടാക്റ്റ് നമ്പർ രജിസ്റ്റർ ചെയ്യുകയും കടം വാങ്ങുന്നയാൾക്കും നോമിനിക്കും ലേല അറിയിപ്പ് നൽകുന്നതിനായി ടെലിഫോണ്‍, ഇമെയിലുകൾ തുടങ്ങിയ മാധ്യമങ്ങൾ സ്വീകരിക്കുകയും വേണം," കൃത്യമായ മേല്‍വിലാസമുള്ള വ്യക്തിയാണെങ്കില്‍ നേരിട്ട് തന്നെ ആളെവിട്ട് അറിയിക്കണമെന്നും നിർദേശിക്കുന്നു.
ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും ഗ്രാമീണ ജനതയുമാണ് സ്വർണപ്പണയ വായ്പ അധികമായി എടുക്കുന്നത്. അതിനാൽ തന്നെ, കടം കൊടുക്കുന്നയാൾ പ്രാദേശിക ഭാഷകളില്‍ തന്നെ കടം വാങ്ങുന്നവരോട് നിബന്ധനകളും വ്യവസ്ഥകളും അറിയിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്യുന്നു. വാക്കാലുള്ള ആശയവിനിമയത്തിന്റെ റെക്കോർഡിംഗ് എന്തെങ്കിലും ഉണ്ടെങ്കിൽ, അതും സൂക്ഷിക്കണം.
സ്വർണം ലേലത്തിൽ നിന്ന് മിച്ചം വരുന്ന തുക ഉപഭോക്താക്കൾക്ക് തിരികെ നൽകുന്ന സമയപരിധി (പരമാവധി ഒരു മാസം) ലോൺ കരാറിൽ ഉൾപ്പെടുത്തണമെന്നും ഇല്ലെങ്കിൽ കമ്പനി പലിശ അടയ്‌ക്കേണ്ടിവരുമെന്നും കമ്മിറ്റി നിർദേശിക്കുന്നു. സ്വർണം ലേലത്തിൽ നിന്ന് മിച്ചം വരുന്ന തുക കടം വാങ്ങുന്നയാളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനൊപ്പമായിരിക്കും പലിശയും നല്‍കേണ്ടി വരിക.












Click it and Unblock the Notifications