സ്വര്‍ണവില കുറയും, സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചാല്‍; ജിഎസ്ടി 1 ശതമാനം ആക്കുമോ?
കാസര്‍കോട്: സ്വര്‍ണവില വലിയ കുതിപ്പാണ് നടത്തുന്നത്. ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റം വരികയാണ്. ലോകത്ത് മൊത്തം ഒരേ രീതിയില്‍ വില ഈടാക്കുന്ന ലോഹമാണ് സ്വര്‍ണം. ഇന്ത്യയിലേക്ക് വരുമ്പോള്‍ രൂപ-ഡോളര്‍ വിനിമയ മൂല്യത്തിന് അനുസരിച്ച് വിലയില്‍ മാറ്റം വരും. അതുകൊണ്ടുതന്നെ രൂപയുടെ മൂല്യം ഉയര്‍ന്ന് നില്‍ക്കേണ്ടത് സ്വര്‍ണവില കുറയാന്‍ ആവശ്യമാണ്.
ഓരോ ദിവസവും കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ സംഘടനയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, രൂപ-ഡോളര്‍ വിനിമയ നിരക്ക്, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് ഇവര്‍ വില തീരുമാനിക്കുക. എന്നാല്‍ ഈ വിലയ്ക്കും ആഭരണം വാങ്ങാന്‍ പറ്റില്ല. ഇതിന് പുറമെ ജിഎസ്ടി കൂടി നല്‍കണം. നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വ്യാപാരികള്‍.

സ്വര്‍ണത്തിന് രണ്ട് തരം നികുതികളാണുള്ളത്. ഇറക്കുമതി ചെയ്യുമ്പോള്‍ ഈടാക്കുന്ന നികുതി, ആഭരണമാക്കി വില്‍ക്കുമ്പോള്‍ ഈടാക്കുന്ന നികുതി. ഇറക്കുമതി നികുതി നേരത്തെ 15 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് ആറ് ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞെങ്കിലും ആഗോള വിപണിയില്‍ വില കൂടിയതോടെ നേട്ടമില്ലാതായി.
ആഭരണം വില്‍ക്കുമ്പോള്‍ ജിഎസ്ടിയാണ് ഈടാക്കുക. സ്വര്‍ണാഭരണം എത്ര തൂക്കമുണ്ടോ അതിന് അനുസരിച്ച് വില നിശ്ചയിക്കും, ശേഷം ആഭരണം നിര്‍മിക്കാന്‍ ആവശ്യമായ പണിക്കൂലിയും കണക്കാക്കും. ഈ രണ്ട് തുകയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക. ഈ മൂന്ന് ശമതാനം ഒരു ശതമാനമാക്കി കുറയ്ക്കണം എന്നാണ് കേരള ഗോള്‍ഡ്-സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണാഭരങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്ന വേളയില്‍, 22 കാരറ്റ് സ്വര്‍ണം പവന് 20000 രൂപയായിരുന്നു വില. ഇപ്പോള്‍ 75000 കടന്ന് കുതിച്ചിരിക്കുന്നു പവന്‍ വില. അതുകൊണ്ടുതന്നെ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 2500 രൂപയോളം ജിഎസ്ടിയായി ഉപഭോക്താവ് നല്‍കണം. ആഭരണം വാങ്ങുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയാന്‍ ഇതൊരു കാരണമാണ്. ജിഎസ്ടി കുറച്ചാല്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്.

സ്വര്‍ണവില, പണിക്കൂലി, ജിഎസ്ടി എന്നിവയ്ക്ക് പുറമെ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി ഉപഭോക്താവ് നല്‍കണം. അടുത്തിടെ എല്ലാ ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിങ് ചാര്‍ജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ വില മാത്രമാണ് എല്ലാ ദിവസവും വ്യാപാരികള്‍ പരസ്യപ്പെടുത്തുക. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ ഈ തുക മതിയാകില്ല. അധികമായി മേല്‍പ്പറഞ്ഞ ചെലവുകള്‍ കൂടി വരും.
കഴിഞ്ഞ രണ്ട് ദിവസമായി കാസര്‍കോട് നീശ്വരം മലബാര്‍ റിസോര്‍ട്ടില്‍ സ്വര്‍ണ വ്യാപാരികളുടെ സംസ്ഥാന കൗണ്‍സില്‍ നടന്നുവരികയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവരുള്‍പ്പെടെ ഉള്ളവര്‍ സംസാരിച്ചു. ജിഎസ്ടി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.












Click it and Unblock the Notifications