സ്വര്‍ണം ഇതൊന്ന് വാങ്ങി നോക്കൂ; നികുതി ഇല്ല, പണിക്കൂലി വേണ്ട, ലോക്കര്‍ ഫീസില്ല, മറ്റൊരു ലാഭവും
ദീപാവലി പ്രമാണിച്ച് സ്വര്‍ണവിപണി കൂടുതല്‍ ഉണരുമെന്നാണ് ആഭരണ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. ധന്‍തേരസ് വേളയില്‍ സ്വര്‍ണം വാങ്ങുന്നത് അഭിവൃദ്ധി കൊണ്ടുവരുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഏത് സമയവും സ്വര്‍ണം വാങ്ങുമ്പോള്‍ വിപണി സാഹചര്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകണം. മാത്രമല്ല, ലാഭ നഷ്ടക്കണക്കുകളെ പറ്റിയും നല്ല അറിവ് വേണം. അല്ലെങ്കില്‍ പറ്റിക്കപ്പെടും.
നാല് തരത്തിലാണ് മലയാളികള്‍ സ്വര്‍ണം വാങ്ങുന്നത്. ആഭരണം, കോയിന്‍, ഇടിഎഫ്, എസ്ജിബി എന്നിവയാണവ. ആഭരണം വാങ്ങുമ്പോഴുള്ള ചെലവുകള്‍ സംബന്ധിച്ച് മിക്കവര്‍ക്കും അറിയാം. കോയിന്‍ വാങ്ങുന്നവരും ഏറി വരുന്നതിനാല്‍ അക്കാര്യത്തിലെ ലാഭ നഷ്ടക്കണക്കുകളും അറിയേണ്ടതു തന്നെ. നാല് ഇടപാടുകളുടെ ലാഭ നഷ്ടക്കണക്കുകള്‍ സംബന്ധിച്ച് ടാക്‌സ് ബഡ്ഡി ഡോട്ട് കോം സ്ഥാപകന്‍ സുജിത്ത് ബംഗാര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാണ്...

സ്വര്‍ണം വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ആഭരണത്തിനാണ്. പിന്നെ കോയിന്‍ വാങ്ങുന്നതിനും. അതേസമയം, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും സോവറിങ് ഗോള്‍ഡ് ബോണ്ടിനും അധിക ചെലവുകള്‍ ഇല്ല. ഒരു ലക്ഷം രൂപയ്ക്ക് സ്വര്‍ണം വാങ്ങുന്നത് കണക്കാക്കിയാണ് ബംഗാര്‍ ഇക്കാര്യങ്ങല്‍ വിശദീകരിക്കുന്നത്.
ഒരു ലക്ഷം രൂപയ്ക്ക് സ്വര്‍ണ നാണയവും ആഭരണങ്ങളും വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും വേണം. ചില ഘട്ടങ്ങളില്‍ ലോക്കര്‍ ഫീസും നല്‍കേണ്ടി വരും. അതായത്, ഒരു ലക്ഷം രൂപയുടെ സ്വര്‍ണം കിട്ടണമെങ്കില്‍ ഒരു ലക്ഷം രൂപ മാത്രം കൈയ്യിലുണ്ടായാല്‍ നടക്കില്ല എന്ന് ചുരുക്കം. 10000 രൂപ കൂടി അധികം കൈയ്യില്‍ കരുതണം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ ചെലവ് വീണ്ടും ഉയരും.
എസ്ജിബി വഴി വലിയ ലാഭം കിട്ടും
എസ്ജിബി, ഇടിഎഫ് എന്നിവയുടെ കാര്യത്തില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും നിലനില്‍ക്കും. വാര്‍ഷിക വളര്‍ച്ച പരിശോധിക്കുമ്പോള്‍ വലിയ ലാഭം കിട്ടുന്നത് എസ്ജിബിയിലാണ്. പണിക്കൂലി ഇല്ല എന്നതാണ് ഈ സ്വര്‍ണം വാങ്ങുമ്പോഴുള്ള നേട്ടം. കൂടാതെ ജിഎസ്ടിയും ഇല്ല. ലോക്കര്‍ ഫീസും കൊടുക്കേണ്ട. പ്രതിവര്‍ഷം 2.5 ശതമാനം പലിശ ഇനത്തില്‍ വരുമാനം ഉപഭോക്താവിന് കിട്ടുകയും ചെയ്യും.
ആഭരണവും കോയിനും വാങ്ങിയ ശേഷം 24 മാസം കൈവശം സൂക്ഷിക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്യുമ്പോള്‍ 12.5 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി നല്‍കണം. ഇടിഎഫുകള്‍ക്ക് 12 മാസം കഴിഞ്ഞാല്‍ ഈ നികുതി ആവശ്യമാണ്. മേല്‍പ്പറഞ്ഞ കാലാവധിക്ക് മുമ്പാണ് സ്വര്‍ണം വില്‍ക്കുത് എങ്കില്‍ ആദായ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തും.
എസ്ജിബി എട്ട് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാണ് വില്‍ക്കുന്നത് എങ്കില്‍ മൂലധന നേട്ട നികുതി ഇല്ല. അതുവരെ 2.5 ശതമാനം വാര്‍ഷിക പലിശ കിട്ടുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഇറക്കുന്ന ബോണ്ടായതിനാല്‍ മറ്റു ആശങ്കകള്‍ വേണ്ട. 24 കാരറ്റിന്റെ മാര്‍ക്കറ്റ് വിലയിലാണ് വാങ്ങലും വില്‍ക്കലും. കാലാവധി കഴിയുന്നതിന് മുമ്പ് വില്‍ക്കുന്നതിന് സെക്കണ്ടറി മാര്‍ക്കറ്റുണ്ട്. അതേസമയം, ആഭരണം, കോയിന്‍ എന്നിവ വില്‍ക്കുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും നഷ്ടമാകുമെന്ന് മാത്രമല്ല, മാര്‍ക്കറ്റിലെ വില ലഭിക്കുകയുമില്ല.












Click it and Unblock the Notifications