സ്വര്‍ണവില ഇറങ്ങുന്നു; ഇന്ന് പവന്‍ നിരക്ക് കുറഞ്ഞു, ട്രംപുണ്ടാക്കുന്ന തലവേദന ആശങ്ക
കൊച്ചി: ആഗോളതലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതായിരുന്നു ട്രെന്‍ഡ്. ഇതിന് ചുവടുപിടിച്ച് കേരളത്തിലും വില കൂടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കേരളത്തില്‍ പതിയെ വില കുറഞ്ഞുവരികയാണ്. എന്നാല്‍ വില കൂടുന്ന പോലെ വലിയ തുക കുറയുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ന് പവന് 80 രൂപയാണ് കേരളത്തില്‍ കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു.
ഡോളര്‍ സൂചിക കരുത്ത് കൂട്ടാന്‍ സാധിക്കാതെ നില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടത് സ്വര്‍ണവില കുറയാന്‍ കാരണമായി. ക്രൂഡ് ഓയില്‍ വില ഒരു ഇടവേളയ്ക്ക് ശേഷം ഉയര്‍ന്നു എന്നതാണ് മറ്റൊരു കാര്യം. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില നേരിയ തോതില്‍ കൂടുന്നു എന്നതും ഇന്നത്തെ വിപണി മാറ്റമാണ്. ഇനി സ്വര്‍ണവില വിശദീകരിക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65680 രൂപയാണ് വില. 22 കാരറ്റ് ഗ്രാമിന് 8210 രൂപയും. 10 രൂപ മാത്രമാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6760 രൂപയായി. വെള്ളിയുടെ വില ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 110 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഈടാക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 65840 രൂപയായിരുന്നു.
ഡോളര്‍ സൂചിക 103.76 എന്ന നിരക്കില്‍ തുടരുകയാണ്. ഡോളര്‍ കരുത്ത് കൂടിയാല്‍ ഒരുപക്ഷേ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കാം. അതേസമയം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇന്ന് അല്‍പ്പം കയറി. 86.86 എന്ന നിരക്കിലാണ് രൂപ. ഇന്ത്യന്‍ കറന്‍സി വന്‍തോതില്‍ മൂല്യം കൂടിയാലും സ്വര്‍ണവില കുറയും. എന്നാല്‍ ഡോളറിലും രൂപയിലും വലിയ മാറ്റം നിലവില്‍ പ്രതീക്ഷിക്കാന്‍ തരമില്ല.
സ്വര്‍ണം ഔണ്‍സ് വില
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3000 ഡോളര്‍ കടന്നിരുന്നു എങ്കിലും ഇപ്പോള്‍ കുറഞ്ഞു. 2987 ഡോളറാണ് പുതിയ വില. വന്‍തോതില്‍ കുറയില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം, ബിറ്റ് കോയിന്‍ വില നേരിയ തോതില്‍ കയറി. ഒരു ബിറ്റ് കോയിന് 83000 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നയങ്ങളാണ് വിപണിയെ കൂടുതല്‍ ആശങ്കയിലാക്കുന്നത്.
സൗഹൃദം നിലനിന്നിരുന്ന രാജ്യങ്ങളോടും അല്ലാത്ത രാജ്യങ്ങളോടും ഒരുപോലെ അധിക ചുങ്ക ഭീഷണി ഉയര്‍ത്തുകയാണ് ട്രംപ് ആദ്യം ചെയ്തത്. മറുഭാഗത്തുള്ള രാജ്യങ്ങള്‍ സമാനമായ രീതിയില്‍ തിരിച്ചടിച്ചതോടെ നിക്ഷേപകര്‍ ആശങ്കയിലായി. അമേരിക്കക്കാരുടെ പൗരത്വം ചോദ്യചിഹ്നമാക്കുന്ന നീക്കങ്ങളും ട്രംപ് നടത്തുന്നുണ്ട്. അതിനിടെയാണ് യമനിലെ ഹൂത്തികള്‍ക്കെതിരെ യുഎസ് സൈന്യം ആക്രമണം തുടങ്ങിയിരിക്കുന്നത്.
ലോകത്തെ പ്രധാന ചരക്കുപാതയാണ് ചെങ്കടല്‍ വഴിയുള്ളത്. ഹൂത്തികള്‍ക്കെതിരായ ആക്രമണം ഈ പാതയിലൂടെയുള്ള സഞ്ചാരം ദുസ്സഹമാക്കും. അതുകൊണ്ടുതന്നെ വന്‍തോതില്‍ ഇടിഞ്ഞ ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറായി ഉയര്‍ന്നു. മര്‍ബണ്‍ ക്രൂഡിന് 72 ഡോളറായി ഉയരുകയും ചെയ്തു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന്റെ വില 67 ഡോളറായും വര്‍ധിച്ചു. ചൈനയില്‍ നിന്നുള്ള ആവശ്യം കൂടിയതാണ് എണ്ണ വില കൂടാന്‍ മറ്റൊരു കാരണം.












Click it and Unblock the Notifications