തകര്‍ന്ന് വീണ് സ്വര്‍ണവില, രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്ക്! വേഗം ജ്വല്ലറിയിലേക്ക് വിട്ടോ
അക്ഷയ തൃതീയയ്ക്ക് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഏപ്രില്‍ 22 ന് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 74320 ല്‍ പവന്‍ വില എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം വിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഒറ്റ ദിവസം 2200 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില ഏപ്രില്‍ 23 ന് 72120 ലേക്ക് പവന്‍ വില എത്തി. പിന്നീട് അങ്ങോട്ട് കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നിട്ടേയില്ല.
ഏപ്രില്‍ 24 മുതല്‍ 27 വരെ 72040 എന്ന നിരക്കിലാണ് കേരളത്തില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്. 28-ാം തിയതി വീണ്ടും കുറഞ്ഞ് 71520 ല്‍ എത്തി. എന്നാല്‍ പിറ്റേ ദിവസം സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ച് 71840 ല്‍ എത്തി. അക്ഷയ തൃതീയ ദിനമായ ഇന്നലെയും ഇതേ വിലയില്‍ ആണ് സംസ്ഥാനത്ത് സ്വര്‍ണം വ്യാപാരം നടത്തിയത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം...

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പവനില്‍ മാത്രം 1640 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില 70200 ആയി കുറഞ്ഞു. ഏപ്രില്‍ 16 ന് ശേഷം ആദ്യമായാണ് 70000 ത്തിലേക്ക് പവന്‍ വില താഴുന്നത്. ഗ്രാം സ്വര്‍ണത്തിന് 205 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8980 രൂപയായിരുന്ന പവന്‍ വില 8775 ലേക്ക് എത്തി.
സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമാണിത്. അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതാവസ്ഥ സാഹചര്യം നീങ്ങുന്നതാണ് സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണം. അമേരിക്ക - ചൈന വ്യാപാര യുദ്ധം കുറയുന്നു എന്ന പ്രതീതി ആഗോള വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇതാണ് ആഭ്യന്തര വിപണിയേയും സ്വാധീനിക്കുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എങ്കിലും ഉപഭോക്താക്കള്‍ കൂട്ടത്തോടെ ജ്വല്ലറിയിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അക്ഷയ തൃതീയയെ അപേക്ഷിച്ച് 35 ശതമാനം അധിക വരുമാനമാണ് ഇത്തവണ സംസ്ഥാനത്ത് ലഭിച്ചത് എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് സമൃദ്ധിയും ഐശ്വര്യവും ആകര്‍ഷിക്കും എന്നൊരു വിശ്വാസമുണ്ട്. അതിനാല്‍ തന്നെ ജ്വല്ലറി വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള ദിവസവമാണിത്. ആ പ്രതീക്ഷ തെറ്റിയിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അക്ഷയ തൃതീയ മുഹൂര്‍ത്തത്തില്‍ 12000 കോടി രൂപയുടെ സ്വര്‍ണമാണ് ഇന്ത്യയില്‍ വിറ്റത്.
കേരളമെമ്പാടുമുള്ള 12000 ത്തോളം ജ്വല്ലറികളിലേക്ക് അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയതായും, പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം സംസ്ഥാനത്ത് നടന്നതായും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും അറിയിച്ചു. സംസ്ഥാനത്ത് അക്ഷയ തൃതീയയ്ക്ക് 1500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ വ്യാപാരം നടന്നതായിട്ടാണ് വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
അക്ഷയ തൃതീയയെ കൂടാതെ കേരളത്തില്‍ വിവാഹ സീസണും ആണ്. വിവാഹത്തിന് ആഭരണമായാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുക എന്നതിനാല്‍ തന്നെ വ്യാപാരികള്‍ക്ക് ലാഭം ലഭിക്കുന്നത് ഇതുവഴിയാണ്. ആഭരണമായി സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ഈടാക്കാറുണ്ട്. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്.












Click it and Unblock the Notifications