സ്വർണ വില 1.22 ലക്ഷം രൂപയിലേക്ക്; ആഭരണം അണിയുന്നത് പൂർണമായും മറന്നേക്ക്, ഇനി ഏക പോംവഴി ഇത്
ഈ വർഷം ഇതുവരെ സ്വർണത്തിന് 47 ശതമാനവും വെള്ളിയ്ക്ക് 52 ശതമാനവുമാണ് വില വർധിച്ചത്. എംസിഎക്സിൽ പത്ത് ഗ്രാമിന് 1,18,000 രൂപയായതോടെ ഇനി സ്വർണ വില ഇനിയും കുതിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ആഭരണപ്രേമികളാകട്ടെ വില എങ്ങോട്ടെന്ന ആശങ്കയിലും. അതേസമയം വില ഇനിയും ഉയർന്നേക്കുമെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ദീപാവലിയോടെ വില 1.22 (24 കാരറ്റ് 10 ഗ്രാം) ലക്ഷം രൂപയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിലും ആഭ്യന്തര തലത്തിലുമുള്ള നിരവധി ഘടകങ്ങൾ സ്വർണത്തിനും വെള്ളിക്കും 2025-ൽ ശക്തമായ മുന്നേറ്റം നൽകിയിട്ടുണ്ട്. ആഘോഷ സീസണിലെ ആവശ്യം, കേന്ദ്ര ബാങ്കുകളുടെ ഉദാരമായ നയങ്ങൾ, ഭൗമരാഷ്ട്രീയപരമായ ആശങ്കകൾ, തുടർച്ചയായ ഇടിഎഫ് നിക്ഷേപങ്ങൾ എന്നിവയെല്ലാം വില റെക്കോർഡ് ഉയരം തൊടാൻ സഹായിച്ചു. സമാനമായി വെള്ളിവിലയും ഉയർന്നിട്ടുണ്ട്. കിലോഗ്രാമിന് 1.44 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ദീപാവലിയോടെ ഇത് 1.50 ലക്ഷം രൂപയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.

ദീപാവലിയോടെ (ഒക്ടോബർ 21) സ്വർണ്ണം അന്താരാഷ്ട്ര വിപണിയിൽ 3950-4000 ഡോളർ(എംസിഎക്സിൽ 1,20,000-1,22,000 രൂപ) എന്ന നിലയിലും, വെള്ളി 49-50 (1,48,000-1,50,000 രൂപ) ഡോളർ എന്ന നിലയിലും എത്താൻ സാധ്യതയുണ്ട്. ഭൗമരാഷ്ട്രീയപരമായ പ്രശ്നങ്ങൾ വർധിച്ചാൽ ഇത് വളരെ വേഗത്തിൽ തന്നെ സംഭവിച്ചേക്കാമെന്ന് ഓഗ്‌മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി പറഞ്ഞു. ഉദാരമായ ഫെഡ് നയം, ദുർബലമായ യുഎസ് ഡോളർ, തുടർച്ചയായ ഇടിഎഫ് നിക്ഷേപങ്ങൾ, ഇന്ത്യയിലെ ഉത്സവ സീസണിലെ ശക്തമായ ആവശ്യം എന്നിവയാണ് വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
വ്യവസായ മേഖലയിൽ നിന്നും ഹരിത ഊർജ്ജവുമായി ബന്ധപ്പെട്ട മേഖലകളിൽ നിന്നുമുളള ആവശ്യങ്ങൾ ഉയർന്നതുമാണ് വെള്ളി വില വർധിക്കാൻ കാരണമായത്. എങ്കിലും ലാഭം എടുക്കൽ, ഡോളറിന്റെ ശക്തി വർദ്ധിക്കുന്നത്, അല്ലെങ്കിൽ ഭൗമരാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ കുറയുന്നത് എന്നിവ വിലയിൽ ഒരു താൽക്കാലിക തിരുത്തലിന് കാരണമായേക്കാമെന്നും അവർ പറഞ്ഞു. സമാനമായ കാഴ്ചപ്പാടാണ് പൃഥ്വിഫിൻമാർട്ട് കമ്മോഡിറ്റി റിസർച്ചിന്റെ മനോജ് കുമാർ ജെയിനും പങ്കുവെക്കുന്നത്. സെപ്റ്റംബറിൽ സ്വർണ്ണം 10 ശതമാനത്തിൽ അധികവും വെള്ളി 15 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ ഉയർന്നത് ഈ രണ്ട് ലോഹങ്ങളെയും ഒരു "സൂപ്പർ ബുൾ റണ്ണി"ലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീപാവലിയോടെ സ്വർണം 1,22,000 രൂപയിലും വർഷാവസാനത്തോടെ 1,25,000 രൂപയിലും എത്തുമെന്നും അദ്ദേഹം പ്രവചിച്ചു.. വെള്ളി ദീപാവലിയോടെ 1,50,000 രൂപയിലും ഡിസംബറോടെ 1,58,000-1,60,000 രൂപയിലും എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ, സ്വർണ്ണം 3940-4000 ഡോളറും വെള്ളി ട്രോയ് ഔൺസിന് 48.40-50-ഉം എത്തുമെന്ന് ജെയിൻ വിലയിരുത്തുന്നു.
ചരിത്രപരമായി ഉത്സവ-വിവാഹ സീസണുകളിൽ സ്വർണ വില ഉയരാറുണ്ട്. ദീപാവലിയോട് അടുപ്പിച്ച് ജ്വല്ലറികളിൽ നിന്നും റീട്ടെയിൽ വാങ്ങലുകാരിൽ നിന്നുമുള്ള ആവശ്യം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഉയർന്നെങ്കിലും ചെറിയ അളവിലെങ്കിലും സ്വർണം വാങ്ങുമെന്ന് തന്നെയാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്വർണ വില ഉയർന്നതോടെ നിക്ഷേപകർ വലിയ രീതിയിൽ ലാഭമെടുപ്പ് നടത്തിയിട്ടുണ്ട്. ഇനിയും ഇതിന് സാധ്യതയേറെയാണ്, അടിസ്ഥാനപരമായ ഘടകങ്ങൾ ശക്തമായി തുടരുകയാണെന്ന് വിശകലന വിദഗ്ധർ സമ്മതിക്കുന്നു. വിലയിടിവുണ്ടായാൽ അത് ഹ്രസ്വകാലത്തേക്കായിരിക്കുമെന്നും അവർ പറഞ്ഞു.
അതേസമയം ദീപാവലിയോടെ ആഗോള അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ, ഉയർന്ന പണപ്പെരുപ്പം, ഫെഡിന്റെ നിലപാട്, ദുർബലമായ രൂപ എന്നിവ കാരണം സ്വർണം 1,19,000-1,20,000 രൂപ/10 ഗ്രാമിലേക്ക് കുതിക്കുമെന്ന് റിലയൻസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് (കറൻസീസ് & കമ്മോഡിറ്റീസ്) ജിഗർ ത്രിവേദി വ്യക്തമാക്കി. ഭൗമരാഷ്ട്രീയപരമായ പിരിമുറുക്കങ്ങളും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും നിലനിൽക്കുന്നതിനാൽ സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാവസായിക ഉപയോഗം, പ്രത്യേകിച്ച് സൗരോർജ്ജത്തിലും ഇലക്ട്രിക് വാഹനങ്ങളിലും, വർദ്ധിക്കുന്നതിനാലും നിക്ഷേപ ആവശ്യകത വർദ്ധിക്കുന്നതിനാലും വെള്ളിക്ക് 1,48,000-1,50,000 രൂപ/കിലോഗ്രാം വരെ എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകപോവഴി ഇത്
അതേസമയം സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ കുറഞ്ഞ കാരറ്റ് സ്വർണത്തെ ആശ്രയിക്കുന്നതാകും ആഭരണപ്രേമികളെ സംബന്ധിച്ച് ലാഭകരം. അതാകുമ്പോൾ 22 കാരറ്റ് സ്വർണത്തിന്റെ വില കൊടുക്കാതെ തന്നെ ആഭരണം കൈയ്യിൽ കിട്ടു.












Click it and Unblock the Notifications