സ്വര്‍ണവില ഒരടി പിന്നോട്ട്; ഇന്ന് വില കുറഞ്ഞു, എങ്കിലും കൊടുക്കണം പവന്‍ ആഭരണത്തിന് 81000
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുകയറിയ സ്വര്‍ണവില ഇന്ന് അല്‍പ്പം താഴ്ന്നു. രാജ്യാന്തര സംഘര്‍ഷത്തിന് അയവ് വരാന്‍ സാധ്യതയുണ്ട് എന്ന നിഗമനങ്ങളാണ് വില കുറയാനുള്ള ഒരു കാരണം. മാത്രമല്ല, വില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നപ്പോള്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നതും വില താഴാന്‍ കാരണമായി. എന്നാല്‍ വലിയ തോതിലുള്ള ഇടിവ് ഉണ്ടായിട്ടുമില്ല.
ഡോളര്‍ നിരക്കില്‍ നേരിയ മുന്നേറ്റം പ്രകടമായിട്ടുണ്ട്. ഇന്ത്യന്‍ രൂപ വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറി. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസത്തെ നിരക്കില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം താഴ്ന്നിട്ടില്ല. സമാധാന ശ്രമങ്ങള്‍ നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ വിപണിയില്‍ പലതരം ചര്‍ച്ചകള്‍ക്ക് ഇടയാക്കി.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74440 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ മാത്രമാണ് കുറഞ്ഞത്. 22 കാരറ്റ് ഗ്രാമിന് 15 രൂപ താഴ്ന്ന് 9305 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 7635 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 115 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അന്തര്‍ദേശീയ സ്വര്‍ണവില 3430 ഡോളറാണ്.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 72000 രൂപയില്‍ കുറയാത്ത സംഖ്യ ലഭിച്ചേക്കും. സ്വര്‍ണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ കൊടുത്താല്‍ പഴയ സ്വര്‍ണത്തിന് നല്ല വില കിട്ടും. മാത്രമല്ല, പഴയ ബില്ല് കൈവശമുണ്ടെങ്കില്‍ ഗുണം ചെയ്യും. എങ്കിലും വിപണി വില കിട്ടില്ല എന്നതാണ് പഴയ സ്വര്‍ണം വില്‍ക്കുമ്പോഴുള്ള നഷ്ടം.
കയ്യില്‍ കുറച്ച് പണമുണ്ട്, ലാഭമുണ്ടാക്കം എന്ന ഉദ്ദേശത്തോടെ സ്വര്‍ണം വാങ്ങാന്‍ തീരുമാനിച്ചാല്‍ 24 കാരറ്റ് വാങ്ങുന്നതാണ് നല്ലത്. വില്‍ക്കുന്ന വേളയില്‍ വിപണി വിലയില്‍ നിന്ന് വലിയ നഷ്ടമില്ലാത്ത തുക കിട്ടും. അതേസമയം, 22 കാരറ്റ് ആഭരണമാണ് വില്‍ക്കുന്നത് എങ്കില്‍ വാങ്ങുന്ന സമയം നല്‍കിയ പണിക്കൂലി, ജിഎസ്ടി എന്നിവ നഷ്ടമാകും. കൂടാതെ മാര്‍ക്കറ്റ് വില കിട്ടുകയുമില്ല. ഒരു പവന് ഏറ്റവും ചുരുങ്ങിയത് 6000 രൂപ വരെ നഷ്ടം നേരിടും.
കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ഇങ്ങനെ നേടാം
ആഭരണം ധരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ 18 കാരറ്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 22 കാരറ്റ് ആഭരണങ്ങളേക്കാള്‍ ചുരുങ്ങിയത് 10000 രൂപ വരെ ഒരു പവന് കുറവുണ്ടാകും. വില്‍ക്കുന്ന സമയവും ഇതേ കുറവ് നേരിടും. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും കലര്‍ന്നതാണ് 18 കാരറ്റില്‍ ലഭിക്കുക. ഇതില്‍ ആഭരണം മാത്രമേ കിട്ടൂ. നാണയമോ ബാറോ കിട്ടില്ല.
ഇന്ന് ഡോളര്‍ സൂചിക 98 എന്ന നിരക്കിലാണ്. രൂപയുടെ വിനിമയ നിരക്ക് 86.15 ആണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളറാണ് വില. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില പവന് 74560 ആണ്. ഏറ്റവും കുറഞ്ഞത് 71360 രൂപയും. അതായത്, ഈ മാസം സ്വര്‍ണം ഒരു പവന് 3200 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നത്തെ പോലെ ഇനിയും വില കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. കാരണം വിപണി അസ്ഥിരമാണ് എന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications