സ്വർണ വില വീണ്ടും കുത്തനെ ഇടിഞ്ഞു: റെക്കോർഡ് വർധനവിന് ശേഷം കുറഞ്ഞത് ഇത്രയും രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. അന്താരാഷ്ട്ര വിപണയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയേയും ബാധിക്കുന്നത്. ഇടക്ക് മൂന്ന് ദിവസത്തോളം വില സ്ഥിരത കൈവരിച്ചിരുന്നെങ്കിലും അതിന് ശേഷം വലിയ തോതിലുള്ള കുറവും, വർധനവുമാണ് സമീപ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. അതേ രീതി തന്നെയാണ് ഇന്നും വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.
ഇന്നലെ ഞെട്ടിച്ച വിലക്കയറ്റമായിരുന്നു സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് വീണ്ടും വിലയിടിഞ്ഞിരിക്കുകയാണ്. സംസ്ഥാന വിപണയില്‍ പവന് (22 കാരറ്റ്) 120 രൂപയാണ് കുറഞ്ഞത്. ഇതോടെ 44560 എന്ന നിരക്കിലാണ് വില്‍പ്പന, ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയുമായി.

അതേസമയം, 24 കാരറ്റ് സ്വർണത്തിനും നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 136 രൂപയാണ് കുറഞ്ഞത്. 48648 രൂപ എന്നതാണ് 24 സ്വർണത്തിന്റെ ഇന്നത്തെ മാർക്കറ്റ് നിരക്ക്. ഇന്നലെ ഇത് 48784 രൂപയായിരുന്നു. ഗ്രാമിന് ഇന്നലത്തേതില്‍ നിന്നും 17 രൂപ കുറഞ്ഞ് 6081 രൂപയുമായെന്നാണ് ഗുഡ് റിട്ടേണ്‍സ് സ്വർണ വിനിമയ നിരക്ക് സൂചിക വ്യക്തമാക്കുന്നത്.
ഇന്നലെ ഒഴികെയുള്ള അടുത്ത ദിവസങ്ങളില്‍ സ്വർണത്തിന് വലിയ തോതിലുള്ള വിലയിടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മൂന്ന് ദിവസം ഒരേ വില തുടർന്നതിന് ശേഷം ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,545 രൂപയിലും പവന് 44,360 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. മെയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്. ഇതിന് ശേഷമുള്ള 25 ദിവസത്തെ കണക്കെടുത്താല്‍ സ്വർണ വിലയിലുണ്ടായ ഇടിവ് ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ്. പിന്നാലെയാണ് ഞെട്ടിച്ചുകൊണ്ട് ഇന്നലെ സ്വർണ വിലയില്‍ വലിയ വർധനവുണ്ടായത്. 320 രൂപയായിരുന്നു ഒറ്റയിടിക്ക് ഇന്നലെ കയറിയത്.
ഇന്നലെ വർധനവ് ഉണ്ടായെങ്കിലും പൊതുവെ സ്വർണ വിലയുടെ ട്രെന്‍ഡ് താഴേക്കാണ്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. പ്രതിസന്ധികള്‍ മറികടന്ന് അമേരിക്കൻ ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും മുന്നേറ്റം സ്വർണത്തിന് തിരിച്ചടിയാവുകയായിരുന്നു. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.76%ലേക്കിറങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications