സ്വർണവില സർവ്വകാല റെക്കോർഡില്‍: പിടിവിട്ട് കുതിപ്പ്; ഒറ്റയടിക്ക് 1500 നും മുകളിലേക്ക്
സ്വർണവിലയില്‍ ആശ്വാസകരമായ ഇടിവായിരുന്നു ഈ ആഴ്ചയുടെ ആദ്യ ദിനങ്ങളില്‍ കാണാന്‍ സാധിച്ചത്. ഇതോടെ വില വീണ്ടും 70000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയും ശക്തമായി. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം തച്ചുടച്ചുകൊണ്ടുള്ള കുതിപ്പാണ് സ്വർണ വിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ഇപ്പോള്‍ ഇതാ സ്വർണ വില സംസ്ഥാനത്തെ സർവ്വകാല റെക്കോർഡും ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്.
കേരള വിപണിയില്‍ വെള്ളിയാഴ്ച ഒറ്റയടിക്ക് പവന് 1560 രൂപയാണ് ഒരു പവന്‍ സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെയാണ് 74360 എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് വില എത്തിയത്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74320 രൂപയായിരുന്നു ഇതുവരേയുള്ള ഏറ്റവും ഉയർന്ന നിരക്ക്. അന്നത്തേതിനേക്കാള്‍ 40 രൂപയിലെ വർധനവിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 196 രൂപയുടെ വർധനവോടെ ഇന്നലത്തെ നിരക്കായ 9100 ല്‍ നിന്നും 9295 ലേക്ക് എത്തി.

ബുധനാഴ്ചയും വ്യാഴാഴ്ചയും യഥാക്രമം 600, 640 എന്നിങ്ങനെയായിരുന്നു പവന്‍ വിലയിലെ വർധനവ്. ഇന്നത്തേത് ഉള്‍പ്പെടെ മൂന്ന് ദിവസം കൊണ്ട് ഉണ്ടായത് 2800 രൂപയുടെ വർധനവാണ്. സമീപകാലത്ത് സ്വർണ വിലയില്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്തരത്തിലൊരു വർധനവ് ആദ്യമായിട്ടാണ്. പതിനെട്ട് കാരറ്റിലേക്ക് വരികയാണെങ്കില്‍ 61200 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാം വില 7650.
ജൂണ്‍ ഒന്നിന് പവന് 71360 രൂപ എന്ന ആശ്വാസകരമായ നിരക്കിലായിരുന്നു കേരളത്തിലെ സ്വർണ വിപണി ആരംഭിച്ചത്. തുടർന്നുള്ള ദിനങ്ങളിലെ തുടർച്ചയായ വർധനവിന് ശേഷം ജൂണ്‍ അഞ്ച് ആകുമ്പോഴേക്കും വില 73040 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. ആറാം തിയതിയും ഈ വില തന്നെ തുടർന്നു. എന്നാല്‍ ഏഴാം തിയത് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞതോടെ വില വീണ്ടും 71840 ലേക്ക് എത്തി. വീണ്ടും രണ്ടും ദിവസം കൂടി നേരിയ ഇടിവുണ്ടായതോടെ 71560 വരെ എത്തിയ നിരക്കാണ് പിന്നീട് പിടിവിട്ട് കുതിക്കാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണ് കേരള വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ട്രോയ് ഔണ്‍സിന് ഒറ്റയടിക്ക് 106 ഡോളറില്‍ അധികം ഉയർന്ന് 3431 എന്ന നിരക്കിലാണ് ഇന്ന് അന്താരാഷ്ട്ര വിപണിയിലെ വില്‍പ്പന. ഈ നിരക്കില്‍ നിന്നും മാറ്റമുണ്ടായാല്‍ കേരളത്തില്‍ ഇന്ന് വൈകീട്ടോടെ സ്വർണ വിലയിലും വീണ്ടും കുതിപ്പുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്നും ഉടലെടുത്ത യുദ്ധ ഭീതിയാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായത്. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ഈ പ്രതിസന്ധി തുടർന്നുള്ള നാളുകളിലും തുടരുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപം എന്ന പെരുമയ്ക്ക് പ്രാധാന്യം വർധിക്കും. കൂടുതല്‍ ആളുകള്‍ തങ്ങളുടെ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുന്നതോടെ സ്വാഭാവികമായി വിലയും വർധിക്കും.
പവന്റെ വില 73360 രൂപയാണെങ്കിലും അത് വിപണി നിരക്ക് മാത്രമാണ്. ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 80475 രൂപയോളമെങ്കിലും മുടക്കേണ്ടി വരും. വിപണി വിലയ്ക്കൊപ്പം 3 ശതമാനം ജി എസ് ടി, 53.10 രൂപ ഹോള്‍മാർക്ക് ചാർജ്, പണിക്കൂലി എന്നിവകൂടി ചേർത്താന്‍ ആഭരണങ്ങള്‍ വില്‍ക്കുക. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35 ശതമാനം വരെ വ്യത്യാസപ്പെട്ടുകിടക്കും.












Click it and Unblock the Notifications