സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം; ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം? ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. നാമമാത്രമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കയറിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില കയറാന്‍ കാരണമായി. ക്രൂഡ് ഓയില്‍ വിലയും ബിറ്റ് കോയിന്‍ വിലയും മുന്നേറുകയാണ്.
സ്വര്‍ണത്തിന്റെ വില മാത്രമല്ല, വെള്ളിയുടെ വിലുയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞാല്‍ വരുംദിവസങ്ങളിലും വില കൂടിയേക്കും. കഴിഞ്ഞ നാല് ദിനം സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസങ്ങളായിരുന്നു. വില കുറഞ്ഞുവന്നത് ആഭരണപ്രേമികള്‍ക്കും ആശ്വാസമായിരുന്നു. അതിനിടെയാണ് ഇന്നത്തെ വില വര്‍ധനവ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കേണ്ടി വരുമെന്ന് വിശദീകരിക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65560 രൂപയാണ്. 22 കാരറ്റ് ഗ്രാമിന് 8195 രൂപയുമായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6720 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 109 രൂപയായി. അതേസമയം ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3018 ഡോളറായിട്ടുണ്ട്.
ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയരുന്നുണ്ടെങ്കിലും 104ല്‍ തന്നെയാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85.71 ആയി ഇടിഞ്ഞു. ഡോളര്‍ സൂചികയും ഇന്ത്യന്‍ രൂപയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും. ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 63520 രൂപയും കൂടിയ നിരക്ക് 66480 രൂപയുമാണ്.
ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് നല്‍കേണ്ടത്. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളുടെ കൂലി വര്‍ധിക്കും. മൂന്ന് ശതമാനമാണ് ജിഎസ്ടി. എല്ലാം കൂടി ചേരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണത്തിന് 71000 രൂപയ്ക്ക് അടുത്ത് ചെലവ് വരും.
സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അതേസമയം, പുതിയ ആഭരണം വാങ്ങുന്നവരുടെ എണ്ണം കുറയുകയും ചെയ്തു. വിവാഹ ആവശ്യത്തിന് പോലും പഴയ സ്വര്‍ണം മാറ്റി വാങ്ങിയാണ് പലരും ഉപയോഗിക്കുന്നത്. സാധാരണ ഉപയോഗത്തിന് വേണ്ടി വില കുറഞ്ഞ 18, 14 കാരറ്റിലുള്ള ആഭരണങ്ങള്‍ വാങ്ങുന്നത് വര്‍ധിക്കുകയും ചെയ്തു.
ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റമാണുള്ളത്. ബ്രെന്റ് ക്രൂഡ് ബാരലിന് 73.22 ഡോളറാണ് പുതിയ വില. റഷ്യയും യുക്രൈനും അമേരിക്കയും സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ച സമ്പൂര്‍ണ വിജയമായിട്ടില്ല. കരിങ്കടലില്‍ സുരക്ഷിത ചരക്കു പാത ഒരുക്കുന്ന കാര്യത്തില്‍ മാത്രമാണ് ധാരണയായിട്ടുള്ളത്. അതുകൊണ്ടുതന്നെ വിപണിയില്‍ ആശങ്ക പൂര്‍ണമായും തീര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ല. ഇന്ന് ഒരു ബിറ്റ് കോയിന് 87000 ഡോളറാണ് വില.












Click it and Unblock the Notifications