സ്വർണ വില വീണ്ടും കുതിപ്പിലേക്കോ? ഇന്ന് വർധനവ്: എങ്കിലും ഈ മാസത്തെ ലാഭം 1640 രൂപ
കൊച്ചി: സമീപ ദിവസങ്ങളില്‍ സ്വർണ വിലയില്‍ വലിയ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വരെ സ്വർണമെത്തി. വിലിയിടിവിന്റെ ആനുകൂല്യം നേടാന്‍ ആളുകള്‍ വലിയ തോതില്‍ കടകളിലേക്ക് എത്തുന്നുണ്ടെന്ന് ജ്വല്ലറി ഉടമകളും വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിന് 400 രൂപയുടെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. നേരിയ തോതിലാണെങ്കിലും സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വില യഥാക്രമം ഗ്രാമിന് 5395, പവന് 43160 എന്ന നിലയിലേക്ക് എത്തി.

സമാനമായ വർധനവ് 24 കാരറ്റ് സ്വർണത്തിലും ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് 24 കാരറ്റ് സ്വർണത്തിന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 5885 രൂപയും പവന് 47080 രൂപയുമാണ് 24 കാരറ്റ് സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം 47000 രൂപയായിരുന്നു ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വില.
സ്വർണ വിലയില്‍ ഇന്നലെ 160 രൂപയായിരുന്നു കുറഞ്ഞത്. ബുധാനാഴ്ച 240 രൂപയും കുറഞ്ഞിരുന്നു. ഇതോടെ വില 43080 എന്ന ഈ മാസത്തെ ഏറ്റുവും താഴ്ന നിരക്കിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കുമായിരുന്നു ഇത്. ഗ്രാമിന് 5385 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ ഈടാക്കിയിരുന്നത്.
മെയ് മാസം അഞ്ചാം തിയതി സ്വർണം 45,760 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. മാസത്തിലെ തുടർന്നുള്ള ദിവസങ്ങളില്‍ സ്വർണ വില ഏറിയും കുറഞ്ഞും മുന്നേറി. മേയ് 30-നാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് വില എത്തുന്നത്. പവന് 44,360 രൂപയായിരുന്നു വില. ജൂണ്‍ മാസത്തിലേക്ക് കടന്നപ്പോഴും സ്വർണത്തില്‍ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി.
പവന് 44560 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ജൂൺ 2 ന് സ്വർണ വിപണിയില്‍ 240 രൂപയുടെ വർധനവുണ്ടായി. ഇതോടെ വില പവന് 44800 രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായും ഇതുമാറി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില വലിയ തോതില്‍ കുറയുകയായിരുന്നു.

ഫലത്തില്‍ ഈ മാസത്തെ കൂടിയ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്ത വിലയിലെ വ്യത്യാസം 1640 രൂപയാണ്. ഇന്നലത്തെ വിലയിലായിരുന്നെങ്കില്‍ ഇത് 1720 രൂപയായിരുന്നു. വിലിയിലെ ഈ തോതിലുള്ള ഇടിവാണ് ആവശ്യക്കാരെ വീണ്ടും ജ്വല്ലറികളിലേക്ക് എത്തിച്ചിരിക്കുന്നത്. വിലയിലെ ഈ ഇടിവ് താല്‍ക്കാലികമാണെന്നും വീണ്ടും വർധനവ് ഉണ്ടാവുമെന്ന വിലയിരുത്തലുകളും നിലവിലെ കച്ചവടം വർധിക്കാന്‍ കാരണമായി.
അന്താരാഷ്ട്ര വിപണയില്‍ സ്വർണ വില ഒരു ഔൺസിന് 1,908.33 ഡോളർ നിലവാരത്തിലാണ് ഇപ്പോഴുള്ളത്. മാർച്ച് മാസം പകുതിക്ക് ശേഷം രേഖപ്പെടുത്തിയ 1,892.82 ഡോളറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വില നിലവാരവുമാണിത്. യുഎസ് ഡോളർ സൂചിക രണ്ട് ആഴ്ചത്തെ ഉയർന്ന നിലാവരത്തിലേക്ക് മടങ്ങിയെത്തിയതാണ് സ്വർണ വിലയിലിലെ ഇടിവിന്റെ പ്രധാന കാരണം.
വെള്ളി നിരക്ക്
കേരള വിപണിയിൽ വെള്ളിയുടെ നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 75.30 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 753 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 75,300 രൂപയുമാകുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ വെള്ളിയുടെ (സ്പോട്ട്) നിരക്ക് 0.1% ഉയർന്ന് 22.56 ഡോളറിലാണ് വ്യാപാരം തുടരുന്നത്.












Click it and Unblock the Notifications