സ്വര്‍ണവില കണ്‍ഫ്യൂഷനില്‍; വിലയില്‍ ട്വിസ്റ്റുമായി വ്യാപാരികള്‍, ഡോളര്‍ കരുത്ത് കൂടി, പവന്‍ വില അറിയാം
കൊച്ചി: സ്വര്‍ണവില ഏറിയും കുറഞ്ഞും വിപണിയിലെ അങ്കലാപ്പ് പ്രകടിപ്പിക്കുന്നു. വിലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നായിരുന്നു ഇന്നലെ ഉച്ചയ്ക്കുള്ള വിവരം. രാജ്യാന്തര വിപണിയില്‍ വില കുതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് താഴ്ന്നു. ഇതോടെ കേരള വിപണിയിലും ആശയക്കുഴപ്പം പ്രകടമായി. ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ വില കൂട്ടിയപ്പോള്‍ മറ്റൊരു വിഭാഗം ബുധനാഴ്ചയിലെ വില നിലനിര്‍ത്തി.
ഇന്തോനേഷ്യയ്ക്ക് ഏറ്റ തിരിച്ചടിക്ക് സമാനമായ താരിഫ് വെല്ലുവിളി ഇന്ത്യയും നേരിടേണ്ടി വരുമോ എന്ന ആശങ്ക വിപണിയിലുണ്ട്. 19 ശതമാനമാണ് അമേരിക്ക ഇന്തോനേഷ്യയ്ക്ക് ചുമത്തിയ നികുതി. ഇത്രയും നികുതിയില്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമായേക്കും. എന്നാല്‍ മറ്റു വ്യവസ്ഥകള്‍ ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അമേരിക്ക വഴങ്ങുമോ എന്ന് കണ്ടറിയണം. ഇക്കാര്യത്തിലുള്ള ആശങ്ക തന്നെയാണ് വിപണിയില്‍ മൊത്തം പ്രതിഫലിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്. ഔണ്‍സിന് 3352 വരെ ഉയര്‍ന്ന ശേഷം വില താഴ്ന്ന് 3341 ഡോളറിലേക്ക് എത്തി. അതേസമയം, കേരളത്തില്‍ വില നിര്‍ണയിക്കുന്നതില്‍ വ്യാപാരികള്‍ക്കിടയില്‍ കണ്‍ഫ്യൂനയുണ്ടായി എന്നാണ് കരുതുന്നത്. രണ്ട് വിലയാണ് ഇന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കാര്യമായ വ്യത്യാസമില്ല.
ഒരു പവന്‍ സ്വര്‍ണത്തിന് 72800 രൂപയാണ് ഒരു വിഭാഗം വ്യാപാരികള്‍ കാണിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9100 രൂപയും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7465 രൂപയും കാണിക്കുന്നു. അതേസമയം, ചില ജ്വല്ലറികളില്‍ പവന്‍ വില 72840 രൂപയാണ്. വെള്ളിയുടെ ഗ്രാം വില 122 രൂപ എന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 73240 രൂപയും കുറഞ്ഞത് 72000 രൂപയുമാണ്.
വില കുതിപ്പിന് തടയിട്ടത് ഡോളര്‍ മുന്നേറ്റം
ഇന്ന് കാര്യമായി സ്വര്‍ണവില ഉയരാതിരിക്കാന്‍ കാരണം ഡോളര്‍ മൂല്യത്തിലെ മികവാണ്. ഡോളര്‍ സൂചിക 98.54 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഏറെ നാള്‍ക്കുശേഷമാണ് നിരക്ക് 99ലേക്ക് അടുക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.82 എത്തി. ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില താഴ്‌ന്നേക്കും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 79000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 71000 രൂപയ്ക്ക് മുകളില്‍ തുക കൈയ്യില്‍ കിട്ടാനാണ് സാധ്യത. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക. 24 കാരറ്റ് സ്വര്‍ണമാണ് തിരിച്ചുകൊടുക്കുന്നത് എങ്കില്‍ കാര്യമായ മാറ്റമില്ലാതെ വിപണി വില തന്നെ ലഭിക്കും.
അതേസമയം, ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണവില പവന് 75000 കടന്നേക്കുമെന്നാണ് വിവരം. ഔണ്‍സ് സ്വര്‍ണത്തിന് 15 ശതമാനം വരെ വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രവചിക്കുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ 26 ശതമാനമാണ് സ്വര്‍ണവില വര്‍ധിച്ചത്. ഇനി 15 ശതമാനംകൂടി വര്‍ധിക്കുകയാണെങ്കില്‍ ഏതാനും വര്‍ഷം മുമ്പ് സ്വര്‍ണം വാങ്ങിവച്ചവര്‍ക്ക് വലിയ ലാഭം കിട്ടും.












Click it and Unblock the Notifications