സന്ദീപ് നായർ ബിജെപി നേതാക്കന്മാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നയാൾ, തിരിച്ചടിച്ച് സിപിഎം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് കരുതുന്ന സന്ദീപ് നായര്‍ക്കുളള തിരച്ചലിലാണ് കസ്റ്റംസ്. അതിനിടെ സന്ദീപ് നായര്‍ ബിജെപിക്കാരനാണോ സിപിഎമ്മുകാരനാണോ എന്ന ചൂടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സന്ദീപ് സിപിഎം അംഗമാണ് എന്ന് സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞതായാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പിന്നാലെ ഉഷ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നു. സന്ദീപ് ബിജെപി പ്രവര്‍ത്തകനാണ് എന്നും സിപിഎമ്മുകാരനാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമാണ് അവര്‍ വിശദീകരിച്ചത്. സന്ദീപ് സിപിഎം പ്രവര്‍ത്തകനാണ് എന്ന മട്ടിലുളള പ്രചാരണങ്ങള്‍ തളളി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്ത് എത്തിയിട്ടുണ്ട്.

ബി.ജെ.പി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റും കൗണ്‍സിലറുമായ എസ്കെപി രമേശിന്‍റെ സ്റ്റാഫാണ് സന്ദീപ് എന്ന് ആനാവൂർ നാഗപ്പൻ വ്യക്തമാക്കുന്നു. സന്ദീപ് ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ അടക്കം ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ബിജെപി യുടെ സജീവ പ്രവര്‍ത്തകനായ സന്ദീപിനെ സിപിഐ(എം) പ്രവര്‍ത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ് എന്നും പാർട്ടി ജില്ലാ സെക്രട്ടറി ആരോപിച്ചു.
ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ നില്‍ക്കുന്ന സന്ദീപ് നായർ സി.പി.ഐ (എം) പ്രവര്‍ത്തകനാണെന്ന പ്രചാരവേല കൊണ്ട് വരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഇയാള്‍ ബി.ജെ.പി യുടെ പ്രധാന പ്രവര്‍ത്തകനാണ്. ബി.ജെ.പി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റും കൗണ്‍സിലറുമായ എസ്.കെ.പി രമേശിന്‍റെ സ്റ്റാഫാണ് സന്ദീപ്. ഇയാളുടെ ഫെയിസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അതിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍റെ കൂടെ സന്ദീപ് ഒന്നിച്ചു നില്‍കുന്ന ചിത്രമാണ്. എസ്.കെ.പി രമേശ് അടക്കമുള്ള ബി.ജെ.പി നേതാക്കന്മാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന ബി.ജെ.പി യുടെ സജീവ പ്രവര്‍ത്തകനായ സന്ദീപിനെ സി.പി.ഐ(എം) പ്രവര്‍ത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു''.












Click it and Unblock the Notifications