സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവ്, നിർണായകമായി സ്വപ്ന സുരേഷിന്റെ മൊഴി, പുതിയ വിവരങ്ങൾ!
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസിന് പ്രതി സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി. സ്വര്‍ണ്ണക്കടത്തില്‍ അറ്റാഷെയ്ക്കും കോണ്‍സുല്‍ ജനറലിനും അടക്കം പങ്കുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വര്‍ണ്ണക്കടത്തിനുളള പ്രതിഫലത്തുക അടക്കമുളള വിവരങ്ങള്‍ സ്വപ്‌ന കസ്റ്റംസിന് മൊഴിയായി നല്‍കിയിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായുളള സൗഹൃദം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ സ്വപ്‌നയുടെ മൊഴിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ശിവശങ്കറിനെ കുറിച്ച് മൊഴി
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ഇതിനകം കസ്റ്റംസും എന്‍ഐഎയും ഓരോ വട്ടം വീതം ചോദ്യം ചെയ്ത് കഴിഞ്ഞു. രണ്ടാം വട്ട ചോദ്യം ചെയ്യലിന് വേണ്ടി ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ ശിവശങ്കറിനെ കുറിച്ച് കസ്റ്റംസിന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

പരിചയം സൗഹൃദമായി
ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല എന്നാണ് സ്വപ്‌നയുടെ മൊഴി. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുളളത്. ജോലി സമയത്തുളള പരിചയം വളര്‍ന്ന് സൗഹൃദമായി മാറുകയായിരുന്നു. ഐടി വകുപ്പിലും കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നപ്പോഴുളള പരിചയം ആണ് പിന്നീട് സൗഹൃദമായത് എന്നാണ് സ്വപ്‌നയുടെ മൊഴി.

കളളക്കടത്തിൽ ബന്ധമില്ല
കളളക്കടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റുളളവരുമായി അടുത്ത ബന്ധം ശിവശങ്കരനില്ല എന്നും സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിയില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും സ്വപ്‌ന കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കോണ്‍സുല്‍ ജനറലും അറ്റാഷെയും
സ്വര്‍ണ്ണക്കടത്ത് ആരംഭിച്ചത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെയാണ് എന്നാണ് മൊഴി. എന്നാല്‍ കൊവിഡ് രോഗ വ്യാപനം തുടങ്ങിയതോടെ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. അതിന് ശേഷമാണ് അറ്റാഷെ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായത്. ഇരുവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നതായും സ്വപ്‌ന പറയുന്നു. 1500 ഡോളര്‍ വീതമാണ് ഓരോ തവണ കടത്തുമ്പോഴും നല്‍കിയത്.

18 തവണ സ്വര്‍ണ്ണക്കടത്ത്
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നും സ്വപ്‌ന മൊഴി നല്‍കി. നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്താം എന്ന ഐഡിയ കെടി റമീസിന്റേതാണെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. സന്ദീപും റമീസും ആണ് പ്രധാന ആസൂത്രകര്‍. സ്വപ്‌നയേയും സരിത്തിനേയും സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിച്ചതും ഇവര്‍ രണ്ടുപേരും ആണ്.

1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണാഭരണങ്ങളും
കഴിഞ്ഞ ദിവസം സ്വപ്‌നയുടെ രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി 1.05 കോടി രൂപയും ഒരു കിലോയോളം സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിരുന്നു. ഷെയ്ഖ് നല്‍കിയ വിവാഹ സമ്മാനമാണ് ആഭരണങ്ങള്‍ എന്നാണ് സ്വപ്‌നയുടെ മൊഴി. ആദ്യ വിവാഹം കഴിഞ്ഞപ്പോള്‍ 5 കിലോ സ്വര്‍ണം ഉണ്ടായിരുന്നതില്‍ കുറച്ച് വീട് പണിക്കായി വിറ്റെന്നും സ്വപ്ന മൊഴി നല്‍കി.












Click it and Unblock the Notifications