ഹൈക്കോടതി കൊച്ചിയില്‍ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നു..? 27 ഏക്കര്‍ കണ്ടെത്തി സര്‍ക്കാര്‍
കൊച്ചി: കേരള ഹൈക്കോടതി കെട്ടിടം നിലവിലെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനുള്ള നീക്കങ്ങള്‍ സജീവമാകുന്നു. നിലവില്‍ കൊച്ചി നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി കെട്ടിട സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യത ആണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ തന്നെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക ഹൈക്കോടതി ഭരണ സമിതി ആകും എന്ന് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന മംഗള വനത്തിന് സമീപത്തെ കെട്ടിയ സമുച്ചയത്തില്‍ സ്ഥലപരിമിതിയുണ്ട്. ഇക്കാര്യം വ്യക്തമാക്കി നേരത്തെ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി കത്ത് നല്‍കുകയും ചെയ്തിരുന്നു.

നിലവില്‍ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇതുള്‍പ്പടെയുള്ള കാരണങ്ങള്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം പരിസ്ഥിതി ലോല മേഖല ആണ്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രയാസമുണ്ട്.
ഇതിനാലാണ് പുതിയ കെട്ടിടത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. കളമശേരി എച്ച് എം ടിക്ക് സമീപം 27 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലം ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നിയമ സെക്രട്ടറി വി ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍ എന്നിവര്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
കളമശ്ശേരിയില്‍ കണ്ടെത്തിയ സ്ഥലത്ത് ഹൈക്കോടതിക്ക് പുറമെ, മീഡിയേഷന്‍ സെന്റര്‍ അടക്കം മറ്റ് അന്താരാഷ്ട്ര തലത്തിലുള്ള സ്ഥപനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജഡ്ജിമാരുടെ ഓഫീസ്, എ ജി ഓഫീസ്, അഭിഭാഷകരുടെ ചേംബര്‍, വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും കളമശേരിയില്‍ ഒരുക്കാനാണ് ആലോചിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയതിനാല്‍ ഇനി അന്തിമ തീരുമാനം ഹൈക്കോടതി ഭരണ സമിതിയാണ് കൈക്കൊള്ളേണ്ടത്. ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം അടിസ്ഥാനമാക്കിയായിരിക്കും ബാക്കിയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുക.












Click it and Unblock the Notifications