അസാധാരണ നടപടിയുമായി ഗവർണ്ണർ: 9 സർവ്വകലാശാല വിസിമാരും നാളെ രാവിലെ രാജിവെക്കണം
തിരുവനന്തപുരം: സർവ്വകലാശാല വിസിമാരുടെ കാര്യത്തില്‍ അസാധാരണ ഇടപെടലുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ ഒമ്പത് സർവ്വകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ചാന്‍സ്ലർ കൂടിയായ ഗവർണ്ണറുടെ നിർദേശം. നാളെ തന്നെ രാജിവെക്കണമെന്നാണ് നിർദ്ദേശം.
സാങ്കേതിക സർവ്വകലാശാല വിസിയുടെ കാര്യത്തിലെ സുപ്രീംകോടതി വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വിചിത്ര നടപടി. കേരള വിസി, എംജി വിസി, കുസാറ്റ് വിസി, ഫിഷറീസ് വിസി, കണ്ണൂർ വിസി, എപിജെ അബ്ദുള്‍ കലാം യൂണിവേഴ്സിറ്റി വിസി, കാലടി ശങ്കരാചര്യ യുണിവേഴ്സിറ്റി വിസി, കാലിക്കറ്റ് വിസി, മലയാളം സർവ്വകലാശാല വിസി എന്നിവരോടാണ് നാളെ തന്നെ രാജിവെക്കാന്‍ നിർദേശിച്ചിരിക്കുന്നത്.

സാങ്കേതിക സർവ്വകലാശാല വിസി രാജശ്രീയുടെ വിസി പദവി കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി പദവിയോടെ ഇല്ലാതായിട്ടുണ്ട്. ആ വിധി ആയുധമാക്കിയാണ് ഗവർണ്ണറുടെ ഇടപെടല്‍. പാനല്‍ നിർദേശപ്രകാരം ചുമതലപ്പെടുത്തിയ കാലിക്കറ്റ് വിസിയുടെ അടക്കം നിയമനം ഗവർണ്ണർ റദ്ദാക്കിയത് അസാധാരണമെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടത്.

യു ജി സി നിർദേശിക്കുന്ന പാനലിന് പകരം ഒറ്റപ്പേര് നിർദേശത്തില്‍ വിസിയാക്കപ്പെട്ടവരുടെ നടപടിയുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും മുഴുവന്‍ വിസിമാരോടും രാജിവെക്കൊന്‍ നിർദേശിക്കുകയായിരുന്നു. നാളെ 11.30 രാജിക്കത്തു രാജ് ഭവനിൽ എത്തിക്കണം. യു ജി സി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ചാന്‍സ്ലർ വിസിമാരോട് കൂട്ടരാജി ആവശ്യപ്പെടുന്നത് കേരള ചരിത്രത്തിലാദ്യമായാണ്. 2015ലെ സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകള്‍ പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടത്. സാങ്കേതിക സർവ്വകലാശാലയുടെ കാര്യത്തില്‍ ഒരംഗത്തിന്റെ പേര് മാത്രമായിരുന്നു നല്‍കിയത്. ഇതാണ് സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയാവാന്‍ കാരണമായതും.

5 വിസിമാരുടെ കാര്യത്തില്‍ സമാനമായ ചട്ടപ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും സർക്കാറിന്റേയോ വിസിയുടെ വിശദീകരണം തേടാന്‍ ഗവർണ്ണർ തയ്യാറാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സാധാരണ ഗതിയുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഗവർണ്ണറുടെ നീക്കം.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയുമാണ്. ഇന്ന് ചേർന്ന യു ഡി എഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും.

ഗവർണ്ണറുടെ നീക്കത്തിന് പിന്നില്‍ ബി ജെ പിയാണെന്നാണ് സി പി എം ആരോപണം. ജനങ്ങളുടെ പിന്തുണയിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് ബി ജെ പിക്കും ആർ എസ് എസിനും അറിയാം. അപ്പോള്‍ ഗവർണ്ണറെ ഉപയോഗപ്പെടുത്തിക്കൊണ്ട് പിന്‍ വാതിലിലൂടെ ആർ എസ് എസിനേയും ആർ എസ് സുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരേയും യുണിവേഴ്സിറ്റിയുടെ തലവന്‍മാരായി മാറ്റുന്നതിനുള്ള പ്രവർത്തനമാണ് ഇതെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിക്കുന്നത്.

ആർ എസ് എസ് അജണ്ട കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇതിനെതിരായിട്ടുള്ള അതിശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയർന്ന് വരും. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ഗവർണ്ണർ തന്നെ കൂട്ട് നില്‍ക്കുന്ന ഈ സാഹചര്യത്തെ കേരളം അതിജീവിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications