'ഗവര്‍ണര്‍ റബ്ബർ സ്റ്റാമ്പല്ല'; മന്ത്രി രാജീവിനെ വേദിയിലിരുത്തി തമിഴ്നാട് ഗവർണർ
തിരുവനന്തപുരം: ഗവർണർ റബ്ബർ സ്റ്റാമ്പ് അല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്താ ദിനാചരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടുമെന്നും ആര്‍എന്‍ രവി പറഞ്ഞു.
സംസ്ഥാനത്ത് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ മന്ത്രി പി രാജീവിനെ വേദിയിലിരുത്തിയായിരുന്നു തമിഴ്നാട് ഗവർണറുടെ പ്രതികരണം.

സുതാര്യവും അഴിമതിരഹിതവുമായ ഭരണ സംവിധാനമാണു ജനാധിപത്യത്തെ മഹത്തരമാക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഭരണ രംഗത്ത് അഴിമതി നിലനിന്ന സാഹചര്യത്തിലാണു ലോകായുക്ത പോലുള്ള സംവിധാനങ്ങൾ രൂപമെടുത്തത്. എന്നാൽ അതിനെതിരായുള്ള പ്രതിരോധവും സജീവമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ലോകായുക്ത രൂപമെടുക്കാനെടുത്ത കാലതാമസംതന്നെ ഇതിന് ഉദാഹരണമാണെന്നും ഗവർണർ പറഞ്ഞു.
കേവലം പണം നൽകി കാര്യം സാധിക്കുന്നതരം അഴിമതിക്കെതിരേ മാത്രമല്ല ലോകായുക്തയ്ക്ക് ഇടപെടാൻ കഴിയുക. ദുർഭരണവും അധികാര ദുർവിനിയോഗവുമെല്ലാം ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്നതാണെന്നും ആർ എൻ രവി പറഞ്ഞു.
അതേസമയം രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളമെന്നു ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി രാജീവ് പറഞ്ഞു. അഴിമതി പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാങ്കേതിക വിദ്യയുടെ ഉപയോഗം ഭരണരംഗത്തു കൂടുതലായി നടപ്പാക്കണം. ലോകായുക്ത സംവിധാനത്തെ ശക്തിപ്പെടുത്തണം. അഴിമതിമുക്തമായ സമൂഹത്തിലാണു ജനാധിപത്യം ശരിയായ രീതിയിൽ സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications