ലഹരിക്കടിമയായ കണ്ണിൽച്ചോരയില്ലാത്ത ഒറ്റക്കയ്യൻ, അവൾ അനുഭവിച്ചത് നരകവേദന, നിയമം നടപ്പിലായി, നീതിയോ?
നിർഭയയ്ക്ക് മുമ്പേ കേരളത്തിന്റെ മനസ്സിന് തീരാവേദന സമ്മാനിച്ചവളായിരുന്നു അവൾ. ശരീരവും മനസ്സും മുറിവേറ്റ് ചോര വാർന്നു കൊണ്ടേയിരിക്കുമ്പോഴും നിർഭയയെ പോലെ അവളും സ്വന്തം ജീവനായി പോരാടി. തന്നോട് ഇത് ചെയ്തവരെ പറ്റി കൃത്യമായി പറഞ്ഞു. നിർഭയ ബസ്സിന്റെ മുന്നിലുള്ള കുട്ടിപ്രതിമയെ പറ്റിയും ജീവനക്കാരെ പറ്റിയും. അവളാകട്ടെ ഒറ്റക്കയ്യനെന്നും. നിയമത്തിന്റെ കൈകളിൽ കുറ്റക്കാരെത്തും എന്നുറപ്പിച്ചിട്ടാണ് അവർ രണ്ട് പേരും പോയത്.
2011 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്ന് ഷൊർണൂരിലെ വീട്ടിൽ അത്താഴവുമായി കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക് പുറപ്പെട്ട അവളുടെ മനസ്സിൽ പുതിയ സ്വപ്നങ്ങളുണ്ടായിരുന്നു. കൈ പിടിക്കാൻ മനം പോലെ ഒരാൾ എത്തുന്നതിന്റെ സന്തോഷം. ഏതൊരു ശരാശരി മലയാളി പെൺകുട്ടിയെയും പോലെ. എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പോയ പാസഞ്ചർ ട്രെയിനിലും പിന്നീട് എടുത്തെറിയപ്പെട്ട പാളത്തിലും അവൾ അനുഭവിച്ച നരകവേദന പറഞ്ഞാൽ തീരുന്നതല്ല.
വള്ളത്തോൾ നഗറിലെത്തിയപ്പോഴാണ് ബാഗ് തട്ടിപ്പറിക്കാൻ കമ്പാർട്ട്മെന്റിൽ ഒറ്റക്കായിരുന്ന യുവതിയുടെ അടുത്തേക്ക് ഗോവിന്ദച്ചാമി എത്തിയത്. ബാഗിൽ നിന്ന് പിടി വിടാതെ പൊരുതിയ യുവതിയെ പുറത്തേക്ക് തൊഴിച്ചിട്ട് പിന്നാലെ ചാടിയിറങ്ങിയ ഗോവിന്ദച്ചാമി ട്രാക്കിൽ തലയിടിച്ച് രക്തം വാർന്ന് കൊണ്ടിരുന്ന വേദനയിൽ പുളയുകയായിരുന്ന അവളെ പാളത്തിനപ്പുറത്തേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തു. എതിർത്തപ്പോഴെല്ലാം കല്ല് കൊണ്ട് തലക്കും മുഖത്തും ആഞ്ഞിടിച്ചു. മൃതപ്രായയായ അവളെ പിന്നീട് നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലാക്കി.

പ്രതീകാത്മക ചിത്രം- AI Generated
അതിക്രൂരത കാട്ടിയവൻ ഒറ്റക്കയ്യനെന്ന വെളിപ്പെടുത്തലിൽ അന്വേഷണസംഘം നാടാകെ തെരഞ്ഞു. നാലാം നാൾ ഫെബ്രുവരി നാലാം തീയതി പാലക്കാട്ട് നിന്ന് സ്ഥിരം കുറ്റവാളിയായ ഗോവിന്ദച്ചാമി പിടിയിലായി. തെളിവെടുപ്പിന് ഗോവിന്ദച്ചാമിയെ എത്തിക്കുമെന്നറിഞ്ഞ് അർദ്ധരാത്രി വരെ നാട്ടുകാർ കാത്തുനിന്നു. ചുടുകല്ലും വടിയുമെല്ലാമായി. ഗോവിന്ദച്ചാമിയെ ജീവനോടെ പരിക്കുകളില്ലാതെ കോടതിക്ക് മുന്നിലെത്തിക്കാൻ പൊലീസുകാർ പെടാപാട് പെട്ടു. കേരളമാകെ വേദനിച്ച കേസിൽ നടപടിക്രമങ്ങളിൽ കാലതാമസമില്ലാതെ കാര്യങ്ങൾ നടന്നു. 2012ൽ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി ശരിവെച്ചു. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന , പരിക്കേറ്റ് ചോര വാർന്ന് കിടക്കുന്ന യുവതിയെ ബലാത്സംഗം ചെയ്ത അധമനോട് കോടതി കാണിച്ച വലിയ ശരിയെന്ന് കേരളം ആശ്വസിച്ചു.
പക്ഷേ സുപ്രീംകോടതി വരെ ഗോവിന്ദച്ചാമിക്ക് വേണ്ടി പോകാനും ആളുണ്ടായിരുന്നു. ബലാത്സംഗം അതിക്രൂരമായിരുന്നു എന്ന് തീർപ്പെഴുതിയ കോടതി പറഞ്ഞത് സൗമ്യയുടെ മരണത്തിന് ഇടയാക്കിയ മുറിവുകൾ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊണ്ടാണെന്ന് നിസ്സംശയം തെളിയിക്കാൻ പറ്റിയില്ലെന്നാണ്. അതു കൊണ്ട് ജീവപര്യന്തം മതിയെന്നാണ്. നാടാകെ മുറവിളി കൂട്ടിയപ്പോഴും ജസ്റ്റിസ് മാർക്കണ്ഠേയ കട്ജു കലഹത്തിന് ചെന്നിട്ടും വിധി അങ്ങനെ തന്നെയായിരുന്നു. 2017 ഏപ്രിലിൽ സർക്കാർ നൽകിയ പിഴവുതിരുത്തൽ ഹർജിയും കോടതി തള്ളി.
ജയിലിൽ കൃത്യമായി ഭക്ഷണം കഴിച്ച് തടി നന്നാക്കിയ , ബിരിയാണിക്ക് വേണ്ടി നിരാഹാരം കിടന്ന ഗോവിന്ദച്ചാമിയുടെ കാര്യങ്ങൾ കേട്ടപ്പോൾ കേരളമാകെയും നെറ്റി ചുളിച്ചു. നിയമവും നീതിയും തമ്മിലുള്ള അന്തരം ഓർത്ത് സ്വയം വിലപിച്ചു. അപ്പോഴും ഇപ്പോഴും നെഞ്ചിൽ അധികം തീ കോരിയിടേണ്ട ചിലരുണ്ട്. അപ്പുറത്തെ കമ്പാർട്ട്മെന്റിൽ നിന്ന് നിലവിളി കേട്ടു, ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാലോ എന്ന് ചോദിച്ചയാളെ വെറുതെ മനുഷ്യരെ മെനക്കെടുത്തരുതെന്ന് പറഞ്ഞ ആൾ, സാക്ഷിമൊഴി നൽകിയപ്പോൾ ചാടിയതാണോ തള്ളിയിട്ടതാണോ വീണതാണോ എന്നൊന്നും വ്യക്തമായില്ലെന്ന് പറഞ്ഞവർ. അവർ നിയമത്തിന്റെ മുന്നിൽ തെറ്റുകാരല്ല. പക്ഷേ മനഃസാക്ഷിയുടെ മുന്നിൽ അവർ തെറ്റുകാരാണ്. ശരി ചെയ്യാത്തതു കൊണ്ട്, നീതിക്ക് വേണ്ടി നിൽക്കാത്തതു കൊണ്ട്.
ഗോവിന്ദച്ചാമി പനവേൽ ഗ്യാങ്ങിന്റെ ആളാണ് എന്നൊരു കഥയുണ്ടായിരുന്നു അക്കാലത്ത്. മുംബൈ മുതൽ നീണ്ടു കിടക്കുന്ന പ്രബലമായ ഭിക്ഷാടനമാഫിയയിലെ കണ്ണി. കേസ് നടത്താനും നടത്തിക്കാനും പണമിറക്കിയതും ആളൂർ വക്കീലിനെ കൊണ്ടുവന്നതും അവരായിരുന്നു എന്നാണ് ആ കഥ. മുംബൈ കേന്ദ്രീകരിച്ചും തമിഴ്നാട്ടിലുമെല്ലാം കേസുണ്ടായിരുന്നു അയാൾക്ക്. ലഹരിക്കടിമ. അമിത ലൈംഗികാസക്തി. അക്രമകാരി. മാനസികവിഭ്രാന്തി അഭിനയിച്ച് ശിക്ഷാഇളവിനായി നോക്കിയിട്ടുണ്ട് അയാൾ. പിന്നെ വധശിക്ഷ എന്നത് മാറിയപ്പോഴാണ് ആ കളി അവസാനിപ്പിച്ചത്.
ജയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ആത്മഹത്യാനാടകം, ബിരിയാണിക്കായി നിരാഹാരം, ദേഷ്യം വരുമ്പോൾ ജീവനക്കാർക്ക് നേരെ വിസർജ്യമെറിയൽ അങ്ങനെ ജയിലിനകത്ത് പല തവണ പല നാടകങ്ങളുണ്ടായിരുന്നു ഗോവിന്ദച്ചാമിക്ക്. അതിനൊടുവിലാണ് ഇപ്പോൾ കാത്ത് കാത്തിരുന്ന് ആസൂത്രണം ചെയ്തുള്ള ജയിൽ ചാട്ടം. എന്തായാലും ഗോവിന്ദച്ചാമി എന്ന പേര് ഏൽപിച്ച ഞെട്ടൽ ഇനിയും കേരളത്തിന് മാറാത്തത് കൊണ്ടാകണം, ആ കൊടുംകുറ്റവാളി രക്ഷപ്പെട്ടെന്ന വാർത്ത മനസ്സിലുടക്കിയ നാട്ടുകാരുടെ കണ്ണിൽ തന്നെ പെട്ടതും പിടിയിലായതും. ഇല്ലെങ്കിൽ വേഷം മാറ്റി എവിടെ നിന്നെങ്കിലും കുറേ പണവും മോഷ്ടിച്ച് അയാൾ കേരളം വിട്ടേനെ.
ഷൊർണൂർ സംഭവത്തിന് ശേഷം (2011) പാസഞ്ചർ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റുകൾ ലാസ്റ്റ് കമ്പാർട്ട്മെന്റിൽ നിന്ന് ട്രെയിന്റെ നടുഭാഗത്തേക്ക് എത്തി. നിർഭയ (2012)സംഭവത്തിന് ശേഷം നിയമത്തിൽ മാറ്റം വന്നു. പക്ഷേ ബലാത്സംഗങ്ങളുടെ കാര്യത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. നമ്പറുകൾ കൂടിക്കൊണ്ടേയിരിക്കുന്നു. സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ നാടോ പറയാൻ പറ്റാതെ ഇരകളെന്ന തലക്കെട്ടിന് താഴെ വന്ന് ചേരുന്ന സ്ഥലനാമങ്ങളായി പെൺനിലവിളികൾ ഉയർന്ന് കൊണ്ടേയിരിക്കുന്നു. അവരുടെ അമ്മമാരുടെ തോരാക്കണ്ണീരായി ഷൊർണൂരിലെ പെൺകുട്ടിയും ഡൽഹിയിലെ പെൺകുട്ടിയും പോരാളികളായി നമ്മളെ വേദനിപ്പിച്ച് കൊണ്ടേയിരിക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications