ഗുജറാത്തിൽ പ്രതീക്ഷയോടെ കോൺഗ്രസ്; പട്ടേലിനൊപ്പം രാഹുലിനുവേണ്ടി തന്ത്രങ്ങളൊരുക്കാൻ ചെന്നിത്തലയും?
ദേശീയ രാഷ്ട്രീയത്തിലെ രണ്ട് പ്രധാന പാർട്ടികൾ നേർക്കുന്നേർ വരുന്നു എന്ന പ്രത്യേകത തന്നെയാണ് ഗുജറാത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്
അഹമ്മദാബാദ്: ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചടുത്തോളവും ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തെ സംബന്ധിച്ചടുത്തോളവും ഏറെ നിർണായകമായ വർഷമാണ് 2022. ആറ് സംസ്ഥാന നിയമസഭകളിലേക്കാണ് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ കോൺഗ്രസും ബിജെപിയും തുല്ല്യശക്തികളായി ഏറ്റുമുട്ടുന്ന ഗുജറാത്തിൽ 2022 അവസാനത്തോടെയാകും തിരഞ്ഞെടുപ്പ്. ദേശീയ രാഷ്ട്രീയത്തിലെ രണ്ട് പ്രധാന പാർട്ടികൾ നേർക്കുന്നേർ വരുന്നു എന്ന പ്രത്യേകത തന്നെയാണ് ഗുജറാത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

കോട്ട പിടിക്കാൻ
ഭരണത്തുടർച്ചയാണ് ബിജെപി ഗുജറാത്തിൽ ലക്ഷ്യമിടുന്നത്. ഇതുവഴി 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പും ബിജെപിക്ക് മുന്നിലുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഇനിയങ്ങോട്ടെല്ലാം നിലനിൽപ്പിനുകൂടി വേണ്ടിയുള്ള പോരാട്ടമാണ്. ആറ് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നിലവിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളത്. ഇതോടൊപ്പം അടുത്ത വർഷം ഗുജറാത്തിലും ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യമാണ് കോൺഗ്രസിന് മുന്നിലുള്ളത്. അതുവഴി നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നും അവർ കരുതുന്നു.

കോൺഗ്രസിന് അനുകൂലം
നിലവിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ അപ്രവചനീയമാണെങ്കിലും നേരിയ മുൻതൂക്കം കോൺഗ്രസിനാണെന്ന് പറയാം. ഭരണ വിരുദ്ധ വികാരം ഗുജറാത്തിൽ വ്യക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച പറ്റിയെന്നും ജനങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ തവണത്തെപോലെ മോദി തരംഗം ഇത്തവണ കാര്യമായി ഫലം ചെയ്യാനിടയില്ല. ഇതെല്ലാം അനുകൂലമാക്കി മാറ്റാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

രാഹുലിന്റെ പദ്ധതികൾ
ബിജെപിയെ ഇത്തവണ പിടിച്ച് കെട്ടാൻ മികച്ച നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് കോൺഗ്രസ് പദ്ധതി. ഒന്നര വർഷത്തോളം സമയം ബാക്കിയുണ്ടെങ്കിലും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള പദ്ധതികൾ അണിയറയിൽ ഒരുക്കിതുടങ്ങിയിട്ടുണ്ട് കോൺഗ്രസ്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ബിജെപി വിജയത്തിന്റെ തിളക്കം കുറയ്ക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുമില്ല.

പട്ടേൽ നയിക്കും
സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കുകളിലൊന്നായ പട്ടേൽ വിഭാഗത്തിൽ തന്നെയാണ് ഇത്തവണയും കോൺഗ്രസ് വലിയ പ്രതീക്ഷ വെക്കുന്നത്. ഹാർദിക് പട്ടേൽ നയിക്കുന്ന കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരുമായ പട്ടേൽ വിഭാഗം നിർണായക സാനിധ്യമാണ്. ഗുജറാത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഹാർദിക് പട്ടേലിനെ ഇപ്പോൾ പരിഗണിക്കുന്നതിനുള്ള കാരണമിതാണ്. ഇതോടൊപ്പം നേതൃമാറ്റമെന്ന് രാഹുലിന് മുന്നിലുള്ള പ്രധാന ദൗത്യവും നടപ്പാക്കാനും ശ്രമമാരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്.

തന്ത്രമൊരുക്കാൻ ചെന്നിത്തലയും
ഗുജറാത്തിൽ രാഹുലിനുവേണ്ടി കോൺഗ്രസ് പദ്ധതിയൊരുക്കാൻ ചെന്നിത്തലയുമുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലെ നേതൃമാറ്റത്തിന് പിന്നാലെ പാർട്ടി ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നിൽക്കുന്ന രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഏതിന്റെയെങ്കിലും സംഘടന ചുമതലയിലേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. ഇത് ഗുജറാത്ത് തന്നെയാകുമെന്നാണ് ഇപ്പോൾ പറയുന്നത്.

ആശങ്കകൾ
അതേസമയം മികച്ച നേതൃത്വത്തിന്റെ അഭാവം സംസ്ഥാനത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.പുതിയ സംസ്ഥാന അധ്യക്ഷനേയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയേയും ഉടൻ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും നേതാക്കളെ കണ്ടെത്താതെ ഇരുട്ടിൽ തപ്പുകയാണ് നേതൃത്വം.
Recommended Video

പരിഹാരമുണ്ട്
എന്തായാലും മഹാരാഷ്ട,രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രമാകും ഗുജറാത്തിൽ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്റ് ഇടപെട്ടേക്കുക. അതിനിടെ സംസ്ഥാനത്തിന്റെ എഐസിസി ജനറൽ സെക്രട്ടറിയായി സച്ചിൻ പൈലറ്റിനേയോ അശോക് ചവാനേയോ നിയമിച്ചേക്കുമെന്നുള്ള സൂചനകളും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നുണ്ട്. മുതിർന്ന നേതാക്കളെ തത്സ്ഥാനങ്ങളിലേക്ക് നിയോഗിച്ചാൽ അത് യുവ നേതാക്കൾ ഇടയാൻ കാരണമാകുമെന്ന ആശങ്ക നേതൃതൃത്തിനുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് നിർണായകമായ ഘട്ടത്തിൽ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തിരുമാനം.












Click it and Unblock the Notifications